തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഗുരുതര വീഴ്ചയുണ്ടായതായി നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്റര്‍) റിപ്പോര്‍ട്ട്. അമിത വേഗതയിലായിരുന്ന കെ.എസ്.ആര്‍.ടി.സി പെട്ടെന്ന് വേഗത കുറക്കുകയും ഡ്രൈവര്‍ റോഡിന് നടുവില്‍ വണ്ടി നിര്‍ത്തുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലൈന്‍ ട്രാഫിക് പാലിക്കാതെ കെ.എസ്.ആര്‍.ടി.സി റോഡില്‍ നിര്‍ത്തിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്നും ഇത് അനധികൃതമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ അപകടത്തിന് പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നേരത്തെ തന്നെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ ആരോപിച്ചിരുന്നു. ടൂറിസ്റ്റ് ബസിന് അമിത വേഗതയുണ്ടായിരുന്നെന്നും നേരത്തെ വ്യക്തമായിരുന്നു.
നേരത്തെ ടൂറിസ്റ്റ് ബസ് ഡ്രൈവറെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നത്. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കേന്ദ്ര ഏജന്‍സിയായ നാറ്റ്പാകിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ഡ്രൈവര്‍ക്ക് ട്രാഫിക് നിയമങ്ങളെ പറ്റി കൃത്യമായി അറിയില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
സംഭവസമയത്ത് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകില്‍ സഞ്ചരിക്കുകയായിരുന്ന കാറിനെതിരെയും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. കാറ് 50 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് സഞ്ചരിച്ചത്, പക്ഷെ നാലുവരി പാതയായിരുന്നിട്ട് പോലും ഇടതുവശത്തുകൂടി പോകാതെ വണ്ടി വലതുവശത്തുകൂടി പോയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഒക്ടോബര്‍ അഞ്ചിന് രാത്രി നടന്ന അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഒമ്പത് പേരായിരുന്നു മരിച്ചത്. മൂന്ന് പേര്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരായിരുന്നു.