പൗരത്വ ബില്‍ പാസാക്കുകയെന്നാല്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കുമേലുള്ള ജിന്നയുടെ വിജയമാണ്; ശശി തരൂര്‍
ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ വെക്കുന്ന പൗരത്വ ഭേദഗതി ബില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് മേലുള്ള മുഹമ്മദലി ജിന്നയുടെ വിജയമായി അടയാളപ്പെടുത്തപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. മതത്തിന്റെ പേരില്‍ പൗരത്വ ബില്ലിന് അംഗീകാരം നല്‍കുന്നത് ‘പാകിസ്ഥാന്റെ ഒരു ഹിന്ദുത്വ പതിപ്പ്’ സൃഷ്ടിക്കാനേ സഹായിക്കൂ എന്നും ശശിതരൂര്‍ ഞായറാഴ്ച പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബി.ജെ.പി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മറ്റു സമുദായക്കാര്‍ക്ക് നല്‍കുന്ന പോലെ ഇവര്‍ക്ക് അവരുടെ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ അഭയം നല്‍കുന്നില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.
രണ്ടു പര്‍ലമെന്റ് ഹൗസുകളും പൗരത്വ ബില്‍ അംഗീകരിച്ചാലും ഇതുപോലൊരു ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വങ്ങളുടെ പ്രകടമായ ലംഘനത്തെ സുപ്രീംകോടതി അംഗീകരിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.
‘ആഭ്യന്തര മന്ത്രിക്കും അദ്ദേഹത്തിന്റെ സഹമന്ത്രിമാര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും ഞാന്‍ പങ്കുവെച്ച സ്വകാര്യ അംഗ ബില്ലില്‍ നിര്‍ദേശിച്ച ‘ദേശീയ അഭയാര്‍ത്ഥി നയം’ രൂപീകരിക്കാന്‍ ഒരു താത്പര്യവും കാണിക്കാത്ത ഒരു സര്‍ക്കാരിന്റെ ഒരു ഉളുപ്പും ഇല്ലാത്ത പ്രകടനമാണ് ഇത്’- തരൂര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ പൗരത്വ ബില്ലിനെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവൊന്നുമല്ലെങ്കിലും ഞാന്‍ വിശ്വസിക്കുന്നത് പൗരത്വ ഭേദഗതി ബില്ലിനെ ആര്‍ട്ടിക്കിള്‍ 14ലും 15ലും പറയുന്നപോലെ തുല്യതയ്ക്കും മതപരമായ വിവേചനങ്ങള്‍ക്കുമെതിരെയുള്ള വെറുമൊരു അധിക്ഷേപമായി മാത്രമല്ല, ഇന്ത്യ എന്ന മൊത്തം ആശയത്തിന് നേരെയുള്ള ആക്രമണമായാണ് കോണ്‍ഗ്രസ് കാണുന്നത്’.
ഗാന്ധിയും നെഹ്‌റുവും മൗലാനാ അബ്ദുള്‍കലാം ആസാദും ഡോ. അംബേദ്കറുമെല്ലാം ദേശീയതയ്ക്ക് മതവുമായി ഒരു ബന്ധവുമില്ലെന്ന് വിശ്വസിച്ചവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതക്കാര്‍ക്കും ദേശക്കാര്‍ക്കും ജാതിക്കാര്‍ക്കും ഭാഷ സംസാരിക്കുന്നവര്‍ക്കും വേണ്ടിയാണ് അവര്‍ നമുക്ക് ഇന്ത്യയെ സ്വതന്ത്രമാക്കി തന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണഘടനയില്‍ പ്രതിഫലിക്കുന്ന ഇന്ത്യയുടെ അടിസ്ഥാന ആശയത്തെ എല്ലാ അര്‍ത്ഥത്തിലും വഞ്ചിക്കുകയാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്യുന്നതെന്നും തരൂര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വെക്കുന്ന പൗരത്വ ഭേദഗതി ബില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് മേലുള്ള മുഹമ്മദലി ജിന്നയുടെ വിജയമായി അടയാളപ്പെടുത്തും. മുഹമ്മദലി ജിന്നയെ കുറ്റവിമുക്തനാക്കാനുള്ള ബി.ജെ.പിയുടെ നിലപാട് പരസ്പര വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു.