മോഡേണ്‍ ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണ് പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. പക്ഷേ ക്ലബ് ഫുട്‌ബോളില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ എപ്പോഴും മുന്‍നിരയിലുണ്ടാകുന്ന താരത്തിന് ലോകകപ്പില്‍ ഒരു ഗോള്‍ നേടാനായിരുന്നില്ല.
ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദിക്കെതിരായുള്ള രണ്ടാം മത്സരത്തില്‍ ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് പോളിഷ് സൂപ്പര്‍ താരം. ലോകകപ്പിലെ തന്റെ ആദ്യ ഗോളാണ് സൗദിക്കെതിരെ ലവ നേടിയത്.
2018ലെ റഷ്യന്‍ ലോകകപ്പിലാണ് താരം ആദ്യമായി ലോകകപ്പ് കളിക്കുന്നത്. അന്ന് പോളണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ആകെ രണ്ട് ഗോളുകളായിരുന്നു ടൂര്‍ണമെന്റില്‍ പോളണ്ടിന് നേടാനായിരുന്നത്. ഇതിലാകട്ടെ ലെവന്‍ഡോസ്‌കിയുടെ പേര് ചേര്‍ക്കപ്പെട്ടതുമില്ല.
ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോക്കെതിരായ ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതും ലോകകപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള താരത്തിന്റെ കാത്തിരിപ്പ് നീട്ടി.
2012ലാണ് ലെവന്‍ഡോസ്‌കി പോളണ്ടിന് വേണ്ടി തന്റെ നാഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 2014ലെ ബ്രസീല്‍ ലോകകപ്പില്‍ പോളണ്ടിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് താരത്തിന്റെ ആദ്യ ലോകകപ്പ് അരങ്ങേറ്റം നാല് വര്‍ഷം വൈകിപ്പിച്ചു. പോളണ്ടിനായി 136 മത്സരങ്ങള്‍ കളിച്ച ലവ 77 ഗോളുകള്‍ ആകെ നേടിയിട്ടുണ്ട്.
അതേസമയം, സൗദിക്കെതിരായ മത്സരത്തില്‍ 82ാം മിനിറ്റിലാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. 39ാം മിനിറ്റില്‍ പിയോറ്റര്‍ സിയെലിന്‍സ്‌കി പോളണ്ടിന് വേണ്ടി നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും ലെവന്‍ഡോസ്‌കിയായിരുന്നു.
ഇതോടെ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയുമായി പോളണ്ട് ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. പോളണ്ടിനോട് തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ പരാജപ്പെടുത്തിയതിന്റെ മികവില്‍ മൂന്ന് പോയിന്റുള്ള സൗദി ഇപ്പോഴും രണ്ടാമതുണ്ട്. ഡിസംബര്‍ ഒന്നിന് അര്‍ജന്റീനക്കെതിരെയാണ് പോളണ്ടിന്റെ അവസാന മത്സരം.