'തലക്കെട്ടുകളില്‍ നിറയുക കോഹ്‌ലിയും ഷമിയുമായിരിക്കും, എന്നാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഹിറോ അവനാണ്'
Sports News
'തലക്കെട്ടുകളില്‍ നിറയുക കോഹ്‌ലിയും ഷമിയുമായിരിക്കും, എന്നാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഹിറോ അവനാണ്'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th November 2023, 12:55 pm

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും മുന്‍ പാക് താരമായ വസീം അക്രവുമാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോ രോഹിത്താണെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്. സമ്മര്‍ദങ്ങളെ രോഹിത് നേരിടുന്ന രീതിയും ഇന്ത്യന്‍ ക്രിക്കറ്റ് കള്‍ച്ചറിനെ മാറ്റിമറിച്ച രീതിയും വിവരിച്ചുകൊണ്ടായിരുന്നു ഹുസൈന്റെ പ്രശംസ.

‘നാളത്തെ തലക്കെട്ടുകള്‍ വിരാട് കോഹ്‌ലിയേയും ശ്രേയസ് അയ്യരേയും മുഹമ്മദ് ഷമിയേയും കേന്ദ്രീകരിച്ചായിരിക്കും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ യഥാര്‍ത്ഥ ഹീറോ രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ടീമിന്റെ കള്‍ച്ചര്‍ തന്നെ അവന്‍ മാറ്റിമറിച്ചു. ഗ്രൂപ്പ് ഘട്ടം ഉള്ളപ്പോള്‍ തന്നെ അവര്‍ നേരിടുന്ന ആദ്യ പരീക്ഷണം ഇതാണ്.

ഒരു നോക്ക് ഔട്ട് ഗെയ്മാവുമ്പോള്‍ ഇനിയും ഇത് സാധിക്കുമോ? പേടിയില്ലാതെ കളിക്കാനാവുമോ എന്നതാണ് ചോദ്യം. എന്നാല്‍ രോഹിത് അത് സാധിക്കുമെന്ന് കാണിച്ചുതന്നു. ഇതേ ധീരതയോടെ ഞങ്ങള്‍ കളി തുടരുമെന്ന് അവന്‍ എല്ലാവരേയും കാണിച്ചുതന്നു,’ സ്‌കൈ സ്‌പോര്‍ട്‌സിനോട് ഹുസൈന്‍ പറഞ്ഞു.

എല്ലാ തലത്തിലും സമഗ്രമായ പ്രകടനമായിരുന്നു രോഹിത്തിന്റേതെന്നാണ് വസീം അക്രം പറഞ്ഞത്. ‘സെഞ്ച്വറി നേടിയെന്ന് പറഞ്ഞ് അവന്‍ സ്‌പോട്ട് ലൈറ്റിലേക്ക് വന്നില്ലായിരിക്കാം. എന്നാല്‍ 29 പന്തില്‍ 40 റണ്‍സ് നേടി, ആദ്യ പത്ത് ഓവറില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവനൊരു അടിത്തറയുണ്ടായിക്കിയിരുന്നു. നാല് ഫോറും നാല് സിക്‌സും കൊണ്ട് എതിര്‍ ടീമിന് അവന്‍ സമ്മര്‍ദം കൊടുത്തു,’ വസീം അക്രം പറഞ്ഞു.

നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് 2023 ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍.

ഫൈനലിലും വിജയിക്കുകയാണെങ്കില്‍ ഒരു അത്യപൂര്‍വ നേട്ടവും ഇന്ത്യയെ കാത്തിരിപ്പുണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടമണിയുന്ന നാലാം ടീം എന്ന നേട്ടമാണ് ഇന്ത്യയെ തേടിയെത്തുക. വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും ഓസ്‌ട്രേലിയയുമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ടീമുകള്‍.

Content Highlight: Nasser Hussain and Wasim Akram praise Indian captain Rohit Sharma