Entertainment
വടക്കന്‍ വീരഗാഥയിലെ ആ മാസ് ഡയലോഗ് ആളുകളുടെ ഇടയിലിരുന്ന് വിസിലടിച്ച് കാണണം എന്നാണ് എന്റെ ആഗ്രഹം: വിനീത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 01, 01:52 pm
Saturday, 1st February 2025, 7:22 pm

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്.

36 വര്‍ഷങ്ങള്‍ക്ക് ശേഷം 4k റീമാസ്റ്റര്‍ ചെയ്ത വേര്‍ഷന്‍ റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് കുമാര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ചത് വിനീത് കുമാറായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് വിനീത് കുമാറിനെ തേടിയെത്തിയിരുന്നു.

പെട്ടെന്ന് കേട്ടാല്‍ മാസ് ആണെന്ന് തോന്നാത്ത ഒരുപാട് ഡയലോഗുകള്‍ ഒരു വടക്കന്‍ വീരഗാഥയിലുണ്ടെന്ന് വിനീത് കുമാര്‍ പറഞ്ഞു. അടുത്തിടെ ഒരു സുഹൃത് സംഗമത്തിന് പോയപ്പോള്‍ ഒരാളെ പരിചയപ്പെട്ടെന്നും അയാള്‍ വടക്കന്‍ വീരഗാഥയെപ്പറ്റി ഒരുപാട് സംസാരിച്ചെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ‘പന്തിപ്പഴുത് കണ്ടപ്പോഴെല്ലാം’ എന്ന് തുടങ്ങുന്ന ഡയലോഗ് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അയാള്‍ തനിക്ക് വിശദമാക്കി തന്നെന്നും വിനീത് പറഞ്ഞു.

എം.ടി വാസുദേവന്‍ നായര്‍ വളരെ മാസ് ആയി എഴുതിയ ഡയലോഗുകളാണ് സിനിമയില്‍ ഉടനീളമുള്ളതെന്നും അതെല്ലാം കേള്‍ക്കുമ്പോള്‍ രോമാഞ്ചമാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ചിത്രം റീ റിലീസ് ചെയ്യുമ്പോള്‍ ആളുകളുടെ ഇടയിലിരുന്ന് ആ ഡയലോഗിനൊക്കെ വിസിലടിച്ച് കാണണം എന്നാണ് ആഗ്രഹമെന്നും വിനീത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു വിനീത് കുമാര്‍.

‘അടുത്തിടെ ഒരു സുഹൃത് സംഗമത്തിന് ഞാന്‍ പോയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ഒരു പുള്ളിക്കാരനെ പരിചയപ്പെട്ടിരുന്നു. അന്നാണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നത്. പുള്ളി സംസാരിച്ചത് മൊത്തം വടക്കന്‍ വീരഗാഥയെപ്പറ്റിയായിരുന്നു. അതില്‍ ഒരു ഡയലോഗുണ്ടല്ലോ, ‘പന്തിപ്പഴുത് കണ്ടപ്പോഴെല്ലാം പരിച വെച്ച് ഒഴിഞ്ഞ് മാറിയതാണെന്ന് തിരിച്ചറിയാനുള്ള പഠിപ്പ് പോലുമായില്ലേ മക്കളേ’ എന്ന്.

ആ ഡയലോഗിലെ പന്തിപ്പഴുത് എന്താണെന്ന് പുള്ളി വിശദമാക്കി തന്നു. ആ പടത്തിലെ ഒട്ടുമിക്ക ഡയലോഗുകളും വളരെ മാസ് ആയിട്ടാണ് എം.ടി. സാര്‍ എഴുതിയിരിക്കുന്നത്. ഇത്രയും വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്യുമ്പോള്‍ ആ ഡയലോഗുകളെല്ലാം ആളുകളുടെ ഇടയിലിരുന്ന കേട്ട് വിസിലടിച്ചുകൊണ്ട് സിനിമ കാണണം എന്നാണ് എന്റെ ആഗ്രഹം,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar explains the mass elements in Oru Vadakkan Veeragatha movie dialogues