Kerala News
വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേന്ദ്രബജറ്റ് പരാജയപ്പെട്ടു: വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 01, 02:06 pm
Saturday, 1st February 2025, 7:36 pm

തിരുവനന്തപുരം: 2025-26 കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്ര ബജറ്റ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബജറ്റ് പരാജയപ്പെട്ടുവെന്നും മന്ത്രി പ്രതികരിച്ചു. സ്‌കൂളുകളുടെ ആകെ വികസനത്തിന് പകരം പരിമിതമായ എണ്ണം സ്‌കൂളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. പ്രത്യേകിച്ചും, പി.എം ശ്രീ സംരംഭത്തിനായി 7500 കോടി രൂപ വകയിരുത്തിയത് 14,500 സ്‌കൂളുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഏകദേശം 1.4 ദശലക്ഷം സ്‌കൂളുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ലഭിക്കാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ ആണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്, 2024-25 ബജറ്റ് 73008.1 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്. ഇത്തവണ ഇത് 78,572 കോടി രൂപയായി നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ വര്‍ധനവ് പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നില്ല, മാത്രമല്ല മേഖലയുടെ വിപുലമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെയ്ക്കുന്ന, മൊത്തം ബജറ്റ് വിഹിതത്തില്‍ ചുരുങ്ങിയത് ആറ് ശതമാനം സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ന ശുപാര്‍ശയെ ബജറ്റ് നിരാകരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 2024-25ല്‍ 12,467 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്. 2025-26ല്‍ അത് നേരിയ വര്‍ധനവോടെ 12,500 കോടി രൂപ ആയിട്ടുണ്ട്. എന്നാല്‍ രാജ്യം വലിയ വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്ന സാഹചര്യത്തില്‍ ഈ തുക ഒട്ടും പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു.

നൈപുണ്യ വികസനത്തിന് ബജറ്റ് നല്‍കുന്ന ഊന്നല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ബജറ്റ് അവഗണിക്കുന്നു. ഭാവിയിലെ തൊഴിലവസരങ്ങള്‍ക്കായി ഇന്ത്യയിലെ യുവാക്കളെ മികച്ച രീതിയില്‍ സജ്ജമാക്കുന്നതിന് ശക്തമായ വിദ്യാഭ്യാസ അടിത്തറകള്‍ കെട്ടിപ്പടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോടിക്കണക്കിന് കുട്ടികള്‍ സ്‌കൂളില്‍ എത്താത്ത അല്ലെങ്കില്‍ കൊഴിഞ്ഞുപോകുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്ര ബജറ്റ് നീക്കിവച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight: Union budget 2025 fails to meet broad needs of education sector: v sivankutty