തിരുവനന്തപുരം: സാകിയ ജാഫ്രിയ്ക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതക്കെതിരെ തന്റെ ജീവിതം തന്നെ പോരാട്ടമാക്കിയ സാകിയ ജാഫ്രി ഓര്‍മയായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാര്‍ അക്രമികള്‍ ചുട്ടെരിച്ച മുന്‍ കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജാഫ്രിയുടെ വിധവയായ സാകിയ, കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടത്തിയ രണ്ട് പതിറ്റാണ്ടുനീണ്ട നിയമപോരാട്ടം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ അത്യുജ്ജല അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ന് കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടത്തിയ നരമേധത്തില്‍ എഹ്സാന്‍ ജാഫ്രിയുടെയടക്കം 69 പേരുടെ ജീവനാണ് ഇല്ലാതായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായുള്ള സാകിയ ജാഫ്രിയുടെ നിയമയുദ്ധം കലാപത്തിന്റെ ഇരകള്‍ക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ നീതി ഇന്നും ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഏറെ ദുഖകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഒന്നിച്ചുനിന്ന് പോരാടാനും പ്രതിരോധമുയര്‍ത്താനും ഏവര്‍ക്കും ഊര്‍ജം പകരുന്നതാണ് സാകിയ ജാഫ്രിയുടെ സ്മരണകളെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ധക്യ സഹജമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സാകിയ ജാഫ്രി (68) മരിച്ചത്. 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നീണ്ട നിയമപോരാട്ടം നടത്തിയ സാകിയ നീതിയ്ക്ക് വേണ്ടി നിലകൊണ്ട മുഖ്യമായി മാറിയിരുന്നു.
ഗുജറാത്ത് കലാപത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് സാകിയ ജാഫ്രി നിരന്തരമായ നിയമപോരാട്ടം നടത്തി വരികയായിരുന്നു. ഗുജറാത്ത് കലാപത്തിന് പിന്നില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണെന്ന് സാകിയ ജാഫ്രി തെളിവുകള്‍ സഹിതം പറഞ്ഞിരുന്നു.
കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ഉന്നത സംസ്ഥാന പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നിയമപോരാട്ടം നടത്തി. നരേന്ദ്ര മോദിയും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 63 പേര്‍ക്ക് എസ്.ഐ.ടി ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ പ്രതിഷേധ ഹരജി മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചു.
2017ല്‍ എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. തുടര്‍ന്ന് അവര്‍ നീതിക്കായി സുപ്രീം കോടതിയെയെയും സമീപിച്ചു. 2022 ജൂണില്‍, സുപ്രീം കോടതി ജാഫ്രിയുടെ ഹരജി തള്ളുകയും എസ്.ഐ.ടിയുടെ ക്ലീന്‍ ചിറ്റ് സ്വീകരിക്കുകയും ചെയ്തു.
സാകിയ ജാഫ്രിയുടെ സഹഹരജിക്കാരിയായ ടീസ്റ്റ സെതല്‍വാദിനെതിരെ സുപ്രീം കോടതി ചില വിവാദപരാമര്‍ശങ്ങളും നടത്തിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് അവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
Content Highlight: ‘Zakia Jafri’ A pivotal chapter in the history of secular India; The Chief Minister expressed his condolences