Delhi Election 2025
ദല്‍ഹിയില്‍ ആം ആദ്മിക്ക് വീണ്ടും തിരിച്ചടി; രാജിവെച്ച എം.എല്‍.എമാര്‍ ബി.ജെ.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 01, 01:35 pm
Saturday, 1st February 2025, 7:05 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എ.എ.പി വിട്ട എട്ട് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയില്‍ നിന്ന് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് എ.എ.പി വീണ്ടും തിരിച്ചടി നേരിട്ടത്.

ത്രിലോക്പുരി എം.എല്‍.എ രോഹിത് മെഹ്‌റൗലിയ, കസ്തൂര്‍ബാ നഗറില്‍ നിന്നുള്ള മദന്‍ ലാല്‍, ജനക്പുരി എം.എല്‍.എ രാജേഷ് ഋഷി, പാലത്ത് എം.എല്‍.എ ഭാവന ഗൗര്‍, ബിജ്വാസനില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ജൂണ്‍, ആദര്‍ശ് നഗറില്‍ നിന്നുള്ള പവന്‍ കുമാര്‍ ശര്‍മ, മെഹ്‌റോലിയില്‍ നിന്നുള്ള നരേഷ് യാദവ് എന്നിവരാണ് ഇന്നലെ (വെള്ളി9 നിയമസഭാംഗത്വം ഒഴിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് എം.എല്‍.എമാര്‍ കൂട്ടരാജി നടത്തിയത്. ജനാധിപത്യത്തിന്റെ അഭാവം, പാര്‍ട്ടി ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നു, പ്രത്യയശാസ്ത്രങ്ങളില്‍ നിന്നുള്ള വ്യതിചലനം, സുതാര്യതയില്ലായ്മ എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

2025 ദല്‍ഹി തെരഞ്ഞെടുപ്പില്‍ മൂന്നാമതും ഭരണത്തിലേറുമെന്ന പ്രത്യാശയോടെയാണ് ആം ആദ്മി കളത്തിലിറങ്ങിയിരിക്കുന്നത്. ശക്തമായ ത്രികോണപോരാട്ടമാണ് ദല്‍ഹിയില്‍ നടക്കുന്നത്.

1998ന് ശേഷം ആദ്യമായി ദല്‍ഹിയില്‍ അധികാരം തിരിച്ചുപിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ദല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തെരഞ്ഞെടുപ്പ് കമ്മീഷനും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമാണ് ദല്‍ഹിയില്‍ തുടരുന്നത്. യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന കെജ്‌രിവാളിന്റെ ആരോപണമാണ് നിലവില്‍ വിവാദമായിരിക്കുന്നത്.

പരാമര്‍ശത്തില്‍ ഹരിയാന കോടതി കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ധൈര്യമുണ്ടെങ്കില്‍ യമുനയിലെ വെള്ളം കുടിച്ച് കാണിക്കാന്‍ കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചിരുന്നു.

Content Highlight: Aam Aadmi hits again in Delhi; Resigned MLAs in BJP