national news
ഹോളി വര്‍ഷത്തിലൊരിക്കല്‍, ജുമുഅ വര്‍ഷത്തില്‍ 52 തവണ; മുസ്‌ലിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ ഹോളിക്ക് പുറത്തിറങ്ങരുതെന്ന് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 05:29 pm
Thursday, 6th March 2025, 10:59 pm

ലഖ്‌നൗ: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി യു.പി സംഭല്‍ ജില്ല സര്‍ക്കിള്‍ ഓഫീസര്‍. ഹോളി വര്‍ഷത്തിലൊരിക്കലുള്ള ഉത്സവമായതിനാല്‍ മുസ്‌ലിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് സംഭല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധരി പറഞ്ഞത്.

റംസാന്‍ മാസത്തിലെ വെള്ളിയാഴ്ചയോടൊപ്പം വരുന്ന ഹോളിയോടനുബന്ധിച്ച് വ്യാഴാഴ്ച സംഭാല്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ ഒരു സമാധാന സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍.

‘വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു ഉത്സവമാണ് ഹോളി, അതേസമയം വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഒരു വര്‍ഷത്തില്‍ 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍, അവര്‍ ആ ദിവസം വീടിനുള്ളില്‍ തന്നെ കഴിയണം. ഉത്സവങ്ങള്‍ ഒരുമിച്ച് ആഘോഷിക്കേണ്ടതിനാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് വിശാലമായ ഒരു മനോഭാവം ഉണ്ടായിരിക്കണം,’ അനുജ് ചൗധരി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സാമുദായിക സൗഹാര്‍ദ്ദവും കര്‍ശനമായ ജാഗ്രതയും ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ഉദ്യോഗസ്ഥന്‍ ആഘോഷങ്ങള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു മാസമായി സമാധാന സമിതി യോഗങ്ങള്‍ നടത്തിവരികയാണെന്നും പറഞ്ഞു.

അതേസമയം ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങള്‍ പക്ഷപാതപരമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി വക്താവ് ശര്‍വേന്ദ്ര ബിക്രം സിങും പരാമര്‍ശത്തെ അപലപിച്ചു. ഉദ്യോഗസ്ഥര്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ നല്ല പേര് നിലനില്‍ക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കുന്നത് അനുകരിക്കുകയാണ്. അത്തരം പ്രസ്താവനകള്‍ നടത്തുകയും പരസ്യമായി പക്ഷപാതം കാണിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഇത് അപലപനീയമാണ്, ഉദ്യോഗസ്ഥര്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കരുത്,’ അദ്ദേഹം പറഞ്ഞു.

ഒരു ഉദ്യോഗസ്ഥന്‍ ആരായാലും മതേതരനായിരിക്കണമെന്നും എങ്കില്‍ മാത്രമേ രാജ്യത്ത് ഭരണം ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അല്ലാത്തപക്ഷം അത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് യു.പി കോണ്‍ഗ്രസ് മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനീഷ് ഹിന്ദ്വിയും വിഷയത്തില്‍ പ്രതികരിച്ചു.

Content Highlight: Holi comes once a year, Jumu’ah 52 times a year; UP Police tells Muslims not to go out on Holi if they feel uncomfortable