Advertisement
മോദി സര്‍ക്കാര്‍ ഭരണഘടന മാറ്റുന്നത് ആര്‍.എസ്.എസിന് വേണ്ടി: പ്രകാശ് കാരാട്ട്
Kerala News
മോദി സര്‍ക്കാര്‍ ഭരണഘടന മാറ്റുന്നത് ആര്‍.എസ്.എസിന് വേണ്ടി: പ്രകാശ് കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 02:58 pm
Thursday, 6th March 2025, 8:28 pm

കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒരു ബദല്‍ മാര്‍ഗം സൃഷ്ടിക്കാന്‍ കേരളത്തിന്റെ പിണറായി സര്‍ക്കാരിന് കഴിഞ്ഞെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യത്ത് നവഫാസിസമാണെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം ശത്രുവിനെ പ്രഖ്യാപിക്കുമെന്നും പറയുകയുണ്ടായി. 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. നൂറ്റാണ്ടുകളായി ഫലസ്തീനെ പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ ഗസയില്‍ നടന്ന കൂട്ടക്കുരുതിക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരായി മാറിയെന്നും കാരാട്ട് പറഞ്ഞു. മോദി ഇസ്രഈലിന് ആയുധം നല്‍കിയെന്നും അവര്‍ തീവ്ര വലതു പക്ഷത്തിന്റെ ഭാഗമാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.

തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങളെയും മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വിമര്‍ശിച്ചു. അമേരിക്കയ്ക്ക് ആധിപത്യമില്ലെന്ന് ട്രംപ് പറയുമ്പോഴും സാമ്രാജ്യത്വ ആധിപത്യം നടപ്പിലാക്കാനാണ് അമേരിക്കയിലൂടെ ട്രംപ് ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറയുകയുണ്ടായി. അമേരിക്കയുടെ ഈ ആധിപത്യ സ്വഭാവത്തെ എതിര്‍ക്കുന്നത് കൊണ്ടാണ് ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്ക നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള താരിഫ് ഉയര്‍ത്തിയ അമേരിക്കയുടെ നിലപാട് ലോകത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇത് വ്യാപാര യുദ്ധത്തിന് വഴിവെക്കുമെന്നും പറഞ്ഞ കാരാട്ട് ലോകത്ത് ഇടതുപക്ഷം കരുത്താര്‍ജ്ജിച്ച് വരികയാണെന്നും അഭിപ്രായപ്പെട്ടു. ശ്രീലങ്കയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ മുന്നേറ്റം ഉണ്ടായെന്നും ഈ കമ്മ്യൂണിസ്റ്റ് വിജയം ആവേശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും പ്രകാശ് കാരാട്ട് വിമര്‍ശിക്കുകയുണ്ടായി. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് സി.പി.ഐ.എം തീരുമാനിച്ചതായി വി.ഡി സതീശന്‍ പറഞ്ഞത് കണ്ടെന്നും എന്നാല്‍ വി.ഡി. സതീശന്‍ സി.പി.ഐ.എം രേഖകള്‍ കൃത്യമായി വായിക്കാത്തത് കൊണ്ടാണ് ആ തെറ്റിദ്ധാരണയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ഭരണഘടന മാറ്റുന്നത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും പ്രകാശ് കരാട്ട് പറഞ്ഞു.

ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച പാര്‍ട്ടിയാണ് കേരളത്തിലെ സി.പി.ഐ.എമ്മെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് സീതാറാം യെച്ചൂരിയുടെ വിയോഗം അസാധാരണ സാഹചര്യമായിരുന്നുവെന്നും ഓര്‍ത്തെടുത്തു.

Content Highlight: Modi government is changing the Constitution for the sake of RSS says Prakash Karat