ചെന്നൈ: ക്ഷേത്രോത്സവങ്ങളില്‍ ഇനി ഭക്തി ഗാനങ്ങള്‍ മാത്രമെ ആലപിക്കാന്‍ പാടുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യം ക്ഷേത്ര അധികാരികള്‍ ഉറപ്പാക്കണമെന്ന് പറഞ്ഞ കോടതി സിനിമാഗാനങ്ങള്‍ പോലുള്ള ഭക്തിപരമല്ലാത്ത സംഗീതം ക്ഷേത്ര പരിസരത്ത് വെച്ച് പ്ലേ ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു. പുതുച്ചേരിയിലെ വെങ്കിടേഷ് സൗരിരാജന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
തിരുമലരായന്‍ പട്ടണത്തിലെ വീഴി വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഓര്‍ക്കസ്ട്രയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് പുതുച്ചേരിയില്‍ നിന്നുള്ള ഒരു ഭക്തന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രോത്സവങ്ങളില്‍ സിനിമാ ഗാനങ്ങള്‍ ആലപിക്കുന്നത് ക്ഷേത്രത്തിന്റെ പുണ്യസ്ഥലത്ത് അനുചിതമാണെന്ന് ഹരജിക്കാരന്‍ വാദിച്ചു.
ഹരജി പരിഗണിച്ച കോടതി ക്ഷേത്രപരിസരത്ത് ഭക്തിഗാനങ്ങള്‍ മാത്രമേ ആലപിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
‘ഏതെങ്കിലും ക്ഷേത്രോത്സവ വേളയില്‍, ക്ഷേത്ര അധികാരികളുടെ അല്ലെങ്കില്‍ ഭക്തരുടെ പേരില്‍ ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുകയും അത് ക്ഷേത്രപരിസരത്ത് നടത്തുകയും ചെയ്താല്‍, ഭക്തിഗാനങ്ങള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂവെന്ന് ഉറപ്പ് വരുത്തണം,’ ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുടെ ബെഞ്ച് പറഞ്ഞു.
വീഴി വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍വെച്ച് സിനിമാ ഗാനങ്ങള്‍ ആലപിക്കാനോ സിനിമാ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യാനോ, മതപരമല്ലാത്തതോ മറ്റ് പരിപാടികള്‍ ക്ഷേത്ര പരിസരത്ത് നടത്താനോ പാടില്ലെന്നും വെങ്കിടേഷ് സൗരിരാജന്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി വ്യക്തമാക്കി.
ഇതിന് പുറമെ ക്ഷേത്രത്തിലെ ട്രസ്റ്റിമാരുടെ ദീര്‍ഘകാല ഒഴിവ് സംബന്ധിച്ച് ഹരജിക്കാരന്‍ ഉന്നയിച്ച വിഷയവും കോടതി പരിഗണിച്ചു.
ട്രസ്റ്റികളെ നിയമിക്കാതെ അധികാരികള്‍ക്ക് ക്ഷേത്രം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയ കോടതി വേഗത്തില്‍ ട്രസ്റ്റികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Content Highlight: No more singing movie songs at temple festivals, only devotional songs allowed says Madras High Court