ഡബ്ബിങ് ആര്‍ട്ടിസ്‌റ്റെന്ന നിലയ്ക്കും ഒരു നടനെന്ന നിലയ്ക്കും മിമിക്രി ഒരുപാട് ദോഷം ചെയ്യുമെന്ന് പറയുകയാണ് ഷോബി തിലകന്‍. അത് തന്നോട് പറഞ്ഞത് അച്ഛനായ തിലകനാണെന്നും നിന്റെയുള്ളില്‍ അഭിനയത്തിന്റെ എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ മിമിക്രി ചെയ്യുന്നതിലൂടെ നിന്റെയുള്ളിലെ സ്വാഭാവികമായ അഭിനയം നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഷോബി കൂട്ടിച്ചേര്‍ത്തു.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് വന്നിട്ടുള്ളവരെ ശ്രദ്ധിച്ചാല്‍ അവര്‍ അവരുടെ മാസ്റ്റര്‍പീസ് താരങ്ങളെ ഇമിറ്റേറ്റ് ചെയ്യുന്നത് പോലെ തോന്നുമെന്നും ഷോബി തിലകന്‍ പറഞ്ഞു. അതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത് കോട്ടയം നസീറിനെ കുറിച്ചും ജയറാമിനെ കുറിച്ചുമായിരുന്നു.
‘ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്കും ഒരു നടന്‍ എന്ന നിലയ്ക്കും മിമിക്രി ഒരുപാട് ദോഷം ചെയ്യും. അത് എന്നോട് പറഞ്ഞത് എന്റെ അച്ഛന്‍ തന്നെയാണ്. അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ‘നിന്റെയുള്ളില്‍ അഭിനയത്തിന്റെ എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ മിമിക്രി ചെയ്യുന്നതിലൂടെ നിന്റെ ഉള്ളിലെ സ്വാഭാവികമായ അഭിനയം നഷ്ടപ്പെടും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
നമ്മള്‍ മാസ്റ്റര്‍പീസ് എന്നൊക്കെ പറയില്ലേ, അതായത് ഒരു മിമിക്രിക്കാരന്റെ മാസ്റ്റര്‍പീസ് മറ്റേതെങ്കിലും ഒരു നടനായിരിക്കും. ആ നടനെ നമ്മള്‍ കൂടുതല്‍ ഒബ്‌സെര്‍വ് ചെയ്യും. അവരെ കൂടുതല്‍ ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിക്കും. അവരുടെ ശബ്ദവും അവരുടെ ചേഷ്ടകളും അനുകരിക്കാന്‍ ശ്രമിക്കും. അവസാനം നമ്മുടെ ഉള്ളിലെ സ്വാഭാവികമായ അഭിനയം നഷ്ടപ്പെടും.
അവര്‍ നമ്മളിലേക്ക് കയറും. അങ്ങനെ നമ്മളുടെ ഒരു സ്വാഭാവികത നഷ്ടപ്പെടും. അതുകൊണ്ട് മിമിക്രി ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് അന്ന് അച്ഛന്‍ പറഞ്ഞു. ആദ്യം അച്ഛന്‍ എന്തിനാണ് അങ്ങനെ പറയുന്നതെന്ന് എനിക്ക് തോന്നി. പിന്നീട് ഞാന്‍ ആലോചിച്ചപ്പോള്‍ എനിക്ക് കാര്യം മനസിലായി. അച്ഛന്‍ പറഞ്ഞത് വളരെ കൃത്യമായിരുന്നു.
മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് വന്നിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ നമുക്കുണ്ട്. അവരെയൊക്കെ വെറുതെ ശ്രദ്ധിച്ചാല്‍ നമുക്ക് ആ കാര്യം മനസിലാകും. സിനിമയായി കാണാതെ അവര്‍ അഭിനയിക്കുന്ന ഓരോ രംഗങ്ങളും രംഗങ്ങളായി തന്നെ കണ്ടുകൊണ്ട് വീക്ഷിക്കണം. അവരുടെ ശൈലിയൊന്ന് ശ്രദ്ധിച്ചാല്‍ മതി. അവരുടെ മാസ്റ്റര്‍പീസ് താരങ്ങളെ ഇമിറ്റേറ്റ് ചെയ്യുന്നത് പോലെ ഫീല് ചെയ്‌തേക്കാം.
അതിന് ഉദാഹരണം ഞാന്‍ വേണമെങ്കില്‍ പറയാം. എനിക്ക് അതില്‍ കുഴപ്പമില്ല. ഒരുപാട് സിനിമകളില്‍ കോട്ടയം നസീറിന് കൊച്ചിന്‍ ഹനീഫയും ബാലചന്ദ്ര മേനോനുമൊക്കെ കയറിവരാറുണ്ട്. ജയറാമിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ പ്രേം നസീറിന്റെ ശൈലി വരാറുണ്ട്. അതൊക്കെ ആദ്യ കാലങ്ങളിലായിരുന്നു. പിന്നെ അവര്‍ അവരുടേതായ ശൈലി ഉണ്ടാക്കിയെടുത്തു,’ ഷോബി തിലകന്‍ പറഞ്ഞു.
Content Highlight: Shobi Thilakan Talks About Jayaram And Kottayam Nazeer