Entertainment
അടുത്ത ബന്ധമാണെങ്കിലും സുരേഷേട്ടന് വോട്ട് ചെയ്യില്ല; പാര്‍ട്ടി പറഞ്ഞാല്‍ തൃശൂരില്‍ മത്സരിക്കും: ഇര്‍ഷാദ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 06, 03:51 pm
Thursday, 6th March 2025, 9:21 pm

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. 1995ല്‍ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ ഇര്‍ഷാദിന് സാധിച്ചിരുന്നു. തൃശൂരുകാരനായ ഇര്‍ഷാദ് സി.പി.എമ്മിന്റെ പാര്‍ട്ടി മെമ്പറാണ്.

തന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം ഒരിക്കലും പൊളിറ്റിക്‌സല്ലെന്നും സിനിമയാണെന്നും പറയുകയാണ് ഇര്‍ഷാദ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ ഒരു സീറ്റ് ലഭിച്ചാല്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പൊളിറ്റിക്‌സ് നന്നായി അറിയാമെന്നും താന്‍ പൊളിറ്റിക്‌സ് നന്നായി ഫോളോ ചെയ്യുന്ന ആളാണെന്നും ഇര്‍ഷാദ് അലി പറയുന്നു.

‘എന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം ഒരിക്കലും പൊളിറ്റിക്‌സല്ല, സിനിമയാണ്. പക്ഷെ പൊളിറ്റിക്‌സ് എനിക്ക് നന്നായി അറിയാം. ഞാന്‍ പൊളിറ്റിക്‌സ് നന്നായി ഫോളോ ചെയ്യുന്ന ആളാണ്. ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന ആളാണ്. ഞാന്‍ പാര്‍ട്ടി മെമ്പറും കൂടെയാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി മെമ്പറാണ്.

തൃശൂരില്‍ ഒരു സീറ്റ് ഓഫര്‍ ചെയ്താല്‍ സ്വീകരിക്കുമോയെന്ന് ചോദിച്ചാല്‍, പാര്‍ട്ടി അങ്ങനെ ആവശ്യപ്പെട്ടാല്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കേണ്ട ആവശ്യമില്ലല്ലോ. എനിക്ക് അങ്ങനെ മാറിനില്‍ക്കാന്‍ പറ്റില്ല. പക്ഷെ എന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം സിനിമയാണെന്ന് ഞാന്‍ പറയും. എന്നിട്ടും പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മത്സരിക്കും,’ ഇര്‍ഷാദ് അലി പറയുന്നു.

കഴിഞ്ഞ ഇലക്ഷനില്‍ സുരേഷ് ഗോപിക്കാണോ വോട്ട് ചെയ്തതെന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി പറഞ്ഞു. സുരേഷ് ഗോപിക്കല്ല വോട്ട് ചെയ്തതെന്നും ഈ ചോദ്യത്തിന് ഉത്തരം പറയാതിരിക്കേണ്ട കാര്യമില്ലല്ലോയെന്നും ഇര്‍ഷാദ് ചിരിയോടെ പറയുന്നു. തനിക്ക് സുരേഷ് ഗോപിയുമായി അടുത്ത ബന്ധമാണെന്നും എന്നാല്‍ ബന്ധവും പാര്‍ട്ടിയും വേറെവേറെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സുരേഷേട്ടനല്ല വോട്ട് ചെയ്തത്. ഈ ചോദ്യത്തിന് ഉത്തരം പറയാതിരിക്കേണ്ട കാര്യമില്ലല്ലോ (ചിരി). അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഈയടുത്ത് ഒരു പയ്യന്‍ സുരേഷേട്ടനോട് ഒരു പൊലീസിന്റെ കഥ പറഞ്ഞു. അതില്‍ ഡി.വൈ.എസ്.പിയായിട്ട് ആരെയാണ് വെക്കാനാണ് ഉദ്ദേശിച്ചതെന്ന് സുരേഷേട്ടന്‍ ചോദിച്ചു. ആരെയും തീരുമാനിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ഇര്‍ഷാദിനെ വെച്ചോളൂവെന്ന് സുരേഷേട്ടന്‍ അവനോട് പറഞ്ഞു.

വരാഹം എന്ന സിനിമയിലേക്ക് അദ്ദേഹം പറഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് അതിന് പോകാന്‍ പറ്റിയില്ല. ഒരു ദിവസം അഭിനയിച്ചു. അപ്പോഴേക്കും ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഡേറ്റുമായി ക്ലാഷ് വന്നു. ഞാന്‍ ആദ്യമേ ഇങ്ങനെയൊരു സിനിമയുണ്ടെന്ന് പറഞ്ഞിരുന്നു. കുഴപ്പമില്ല, സുരേഷേട്ടനാണ് ഇര്‍ഷാദിനെ വിളിക്കാന്‍ പറഞ്ഞത് എന്നായിരുന്നു അവര്‍ പറഞ്ഞത്.

സുരേഷേട്ടനുമായി അടുത്ത ബന്ധം തന്നെയാണ്. പക്ഷെ ആ ബന്ധം വേറെ, പൊളിറ്റിക്‌സ് വേറെ. സുരേഷേട്ടന്‍ മത്സരിക്കുമ്പോള്‍ ഞാന്‍ സുരേഷേട്ടന് വോട്ട് ചെയ്യുമോയെന്ന് ചോദിച്ചാല്‍ ഞാന്‍ ചെയ്യില്ല. നമ്മളുടെ പൊളിറ്റിക്‌സ് ഇതാണ്. സുരേഷേട്ടന്‍ ഇപ്പോള്‍ വിശ്വസിക്കുന്ന പൊളിറ്റിക്‌സ് അതാണ്. നമ്മള്‍ മാറിയിട്ടില്ല. സുരേഷേട്ടന്‍ മാറി,’ ഇര്‍ഷാദ് അലി പറയുന്നു.

Content Highlight: Irshad Ali Talks About Suresh Gopi And His Politics