അതെ, അല്‍ സഊദ് അനിവാര്യമായ പതനത്തിലേക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അടുക്കുകയാണ്‌
FB Notification
അതെ, അല്‍ സഊദ് അനിവാര്യമായ പതനത്തിലേക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അടുക്കുകയാണ്‌
നാസിറുദ്ദീന്‍
Wednesday, 10th October 2018, 2:40 pm

ഇല്ലാതാവുന്ന സൗദി വിമത ശബ്ദങ്ങള്‍

ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ സ്വഭാവങ്ങളാണ് അധികാരത്തോടുള്ള ആര്‍ത്തി, എടുത്തു ചാട്ടം, ബുദ്ധിയില്ലായ്മ എന്നിവ. ഇത് മൂന്നും ഭീകരമായ തോതില്‍ ഉണ്ടെന്നത് മാത്രമല്ല, സമഗ്രാധിപത്യത്തോടെ പ്രയോഗവല്‍ക്കരിക്കാന്‍ പാകത്തിലൊരു രാജ്യവും കയ്യിലുണ്ടെന്നതാണ് മുഹമ്മദ് ബിന്‍ സല്‍മാനെ വ്യത്യസ്തനാക്കുന്നത്.

പെട്രോ ഡോളറിന്റെ പിന്‍ബലവും സമാന സ്വഭാവക്കാരനായ ട്രംപിന്റെ പിന്തുണയും കൂടിയാവുമ്പോള്‍ പരിധികളോ പരിമിതികളോ ബാധകമല്ലാതാവുന്നു. ട്രംപിന്റെ ഭ്രാന്തിന് പരിമിതമായ തോതിലെങ്കിലും തടയിടാന്‍ ഒരു വ്യവസ്ഥാപിത സംവിധാനം ആ രാജ്യത്തുണ്ടെങ്കില്‍ സൗദിയില്‍ ഒരു സംവിധാനത്തിന്റെ ലാഞ്ചന പോലുമില്ല. മുഹമ്മദിന്റെ ഭ്രാന്തന്‍ മനസ്സില്‍ വരുന്നതെന്തും തടസ്സങ്ങളൊന്നുമില്ലാതെ പ്രയോഗവല്‍ക്കരിക്കാന്‍ പറ്റും.

“പഴയ രാജഭരണം പോലെ” എന്ന ക്ലീഷേക്കൊന്നും പ്രസക്തിയില്ല, കാരണം അക്ഷരാര്‍ത്ഥത്തില്‍ പഴയ രാജ ഭരണം അതേപോലെ തുടരുന്നു. ഇതിലേറ്റവും അവസാനത്തേതാണ് സൗദി പത്ര പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ “അപ്രത്യക്ഷനായ” സംഭവം.

അധികാരം കയ്യിലായ അന്ന് തൊട്ട് തുടങ്ങിയതാണ് മുഹമ്മദിന്റെ തേര്‍വാഴ്ച. ആയുധവും യുദ്ധവും വഴി തുലച്ചതിന് കണക്കില്ല. അതിര്‍ത്തി കടന്ന് നടത്തിയ രാഷ്ട്രീയ, സൈനിക ഇടപെടലുകളില്‍ ഒന്നൊഴിയാതെ എല്ലാം ഗംഭീര പരാജയങ്ങളായിരുന്നു. ദിവസം 200 മില്യന്‍ ഡോളര്‍ വെച്ച് ഇപ്പോഴും കത്തിക്കുന്ന യമന്‍ യുദ്ധം അതിലൊന്ന് മാത്രം. പിന്നീട് പൊട്ടി പാളീസായ ഖത്തര്‍ ഉപരോധം, ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരിയെ “തട്ടിക്കൊണ്ട് പോയി” നടത്തിയ നാടകം, സിറിയയിലെ റബല്‍ ഗ്രൂപ്പുകള്‍ വഴി നടത്തിയ ഇപെടലുകള്‍ എന്നിവയെല്ലാം പാളുകയായിരുന്നു.

സാമ്പത്തിക രംഗത്ത് കൊട്ടിഘോഷിച്ച “വിഷന്‍ 2030” എവിടെയുമെത്തുന്ന ലക്ഷണമില്ല. വിഷനിലെ പ്രധാന പദ്ധതിയായിരുന്ന “നിയോം” ടൂറിസ്റ്റ് മേഖലയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. പണം കണ്ടെത്താനായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ അറാംകോ ഓയില്‍ കമ്പനിയുടെ ഷെയര്‍ ഭാഗികമായി വില്‍ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അതും വഴിമുട്ടി നില്‍ക്കുകയാണ്. രാജ്യത്ത് ചെറുതും വലുതുമായ കമ്പനികള്‍ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു.

ഖത്തര്‍, ഇറാന്‍ വിരുദ്ധ ചേരി സജീവമാക്കാനായി സഖ്യ കക്ഷികളായ ബഹ്‌റയിന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവര്‍ക്കായി ഭീമമായ തുക കൂടി “സഹായ” മായി നല്‍കുന്നത് സമ്പദ് വ്യവസ്ഥക്ക് മറ്റൊരു ബാധ്യതയാവുന്നു. ജി.ഡി.പിയുടെ 10 ശതമാനത്തിലധികം പ്രതിരോധത്തിന് ചിലവാക്കുന്ന ബജറ്റില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക് ഒന്നുമില്ലാതായത് സ്വാഭാവികം.

എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു കൊണ്ടിരിക്കുമ്പോഴും സമാന നീക്കങ്ങളുമായി വീണ്ടും വീണ്ടും വരികയാണ്. സ്വേച്ഛാധിപതികളുടെ കൂടെപ്പിറപ്പായ ഭീതി മുഹമ്മദ് ബിന്‍ സല്‍മാനിലും അതി ശക്തമാണ്. സ്വന്തം നിഴലിനെ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. എതിര്‍ ശബ്ദങ്ങളെ മാത്രമല്ല അനുകൂലിച്ച് ഒച്ച വെക്കാത്തവരുടെ മൗനത്തെ പോലും ശത്രുവായി കണ്ട് നേരിടുകയാണ്.

ആളുകളുടെ, പ്രത്യേകിച്ചും പാശ്ചാത്യ ലോകത്തിന്റെ, കണ്ണില്‍ പൊടിയിടാനായി പെണ്ണുങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ച തൊട്ടടുത്ത് തന്നെ നേരത്തേ അതിനായി പോരാടിയിരുന്ന ആക്റ്റിവിസ്റ്റുകളില്‍ പലരെയും അറസ്റ്റ് ചെയ്തു. അസീസാ അല്‍ യൂസുഫ്, ലുജെയ്ന്‍ അല്‍ ഹത് ലൂല്‍, നസീമാ അല്‍ സദാഹ് തുടങ്ങി ഒരു പാട് ഫെമിനിസ്റ്റുകള്‍ ഇങ്ങനെ അഴിക്കുള്ളിലായി.

അന്താരാഷ്ട്ര തലത്തില്‍ ഏറെ അറിയപ്പെടുന്ന മനുഷ്യാവകാശ പോരാളിയായ സമര്‍ ബദവിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചതിന് കാനഡയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചാണ് സൗദി ഭരണകൂടം പക വീട്ടിയത്. കാനഡയില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളെ പോലും തിരിച്ചു വിളിക്കുകയുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്ര പ്രവര്‍ത്തകര്‍, മത പണ്ഡിതര്‍, ശിയാ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള നിരവധി പേരെ ഒരു കാരണവുമില്ലാതെ കൂട്ടിലടച്ചിട്ടിരിക്കുകയാണ്. മക്കയിലെ പ്രധാന പള്ളിയിലെ ഇമാമിനെ പോലും അറസ്റ്റ് ചെയ്തു. ലോകമാകെ അറിയപ്പെടുന്ന പണ്ഡിതനായ സല്‍മാന്‍ അല്‍ ഔദയെ ഖത്തറുമായുള്ള പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടതിനാണ് അറസ്റ്റ് ചെയ്തത്. ഇപ്പോഴും ജയിലില്‍ തുടരുന്ന ഔദക്ക് വധശിക്ഷ നല്‍ക്കണമെന്നാണ് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

മന്ത്രിമാരും അല്‍ സഊദ് രാജകുടുംബത്തിലെ താപ്പാനകളും ബിസിനസ് പ്രമുഖരുമടങ്ങുന്ന വലിയൊരു വിഭാഗത്തെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പിടിച്ചിട്ട് ബില്യന്‍ കണക്കിന് വാങ്ങിച്ചാണ് വിട്ടയച്ചത്. ഇഷ്ടക്കാരായ ഏതാനും ഉപദേശകരുടെ വാക്കുകള്‍ മാത്രമാണ് സ്വീകാര്യമായത്. അതിലപ്പുറം മുഴുവന്‍ തീരുമാനങ്ങളും ട്രംപ്, ഇസ്രായേല്‍, യു.എ അച്ചുതണ്ടിന്റെ താല്‍പര്യത്തിനനുസരിച്ചാണ്.

Also Read:മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ ഉടന്‍ മറുപടി നല്‍കണം: സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

സ്വന്തം സുരക്ഷക്ക് പോലും ആശ്രയിക്കുന്നത് വിദേശ കൂലിപ്പട്ടാളത്തേയും മൊസാദിനേയുമാണെന്നാണ് വാര്‍ത്തകള്‍. എതിരാളികളെ നേരിടാനുള്ള ഇസ്രായേല്‍ സാങ്കേതിക വിദ്യകള്‍ക്ക് പകരമായി പണം മാത്രമല്ല പലസ്തീന്‍ ജനതയുടെ അവശിഷ്ടം പോലും മായ്ച്ചു കളയുന്ന പുതിയ “സമാധാന” കരാറിനുള്ള പിന്തുണയായും നല്‍കുന്നുണ്ട്.

മൊസാദ്-ട്രംപ്-യു.എ.ഇ അച്ചുതണ്ടിന്റെ പൂര്‍ണ പിന്തുണയോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന ലോകത്ത് നിലവിലുള്ള ഏറ്റവും ഭീകരനായ ഏകാധിപതി നടത്തുന്ന ഈ കിരാത വാഴ്ചയില്‍ അവസാനത്തേതാണ് ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനം. മാസങ്ങളായി സൗദിയില്‍ പോവാതെ അമേരിക്കയില്‍ കഴിയുകയായിരുന്ന ഖഷോഗ്ജി പഴയ ഭാര്യയുമായുള്ള ഡൈവോഴ്‌സ് പേപ്പറിനായിട്ട് ഇസ്താംതാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഒക്‌റ്റോബര്‍ രണ്ടിനായിരുന്നു പ്രവേശിച്ചിരുന്നത്. പിന്നീട് യാതൊരു വിവരവുമില്ല.

കോണ്‍സുലേറ്റിനകത്ത് വെച്ച് കൊലചെയ്യപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. കോണ്‍സുലേറ്റിന് അകത്തേക്ക് കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സൗദി അധികൃതര്‍ക്ക് സാധിച്ചിട്ടുമില്ല. തുര്‍ക്കി പത്രമായ ഹുരിയത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം സംഭവം നടക്കുന്ന സമയത്ത് കോണ്‍സുലേറ്റിലെ ക്യാമറ കേടായിരുന്നുവെന്നതാണ് സൗദി അധികൃതര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം.

കോണ്‍സുലേറ്റിലേക്ക് ജമാല്‍ കയറുന്ന ദൃശ്യങ്ങള്‍ തൊട്ട് മുമ്പിലെ തെരുവിലുള്ള ക്യാമറയില്‍ പതിഞ്ഞത് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ അര മണിക്കൂര്‍ മുമ്പ് കോണ്‍സുലേറ്റിലേക്ക് കയറിയ ഒരു സംഘത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്നും ഹുരിയത്ത് വാര്‍ത്തയിലുണ്ട്. കൊലപാതകക്കേസായാണ് തങ്ങളിതിനെ കാണുന്നതെന്ന് തുര്‍ക്കി പോലീസും പറയുന്നു.

ജമാല്‍ സൗദി ഭരണകൂടത്തിന്റെയോ അല്‍ സഊദ് രാജകുടുംബത്തിന്റെയോ കടുത്ത വിമര്‍ശകന്നൊന്നും ആയിരുന്നില്ല. ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജമാല്‍ പരിമിതമായ തോതിലായിരുന്നു വ്യക്തി സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിച്ചിരുന്നത്. ഇടക്ക് അമേരിക്കയിലെ സൗദി അമ്പാസിഡറും ഏറെക്കാലം ഇന്റലിജന്‍സ് മേധാവിയുമായിരുന്ന തുര്‍കി അല്‍ ഫൈസലിന്റെ ഉപദേശകന്‍ ആയും ജോലി ചെയ്തിരുന്നു. കൂടുതലും ഭരണകൂടത്തെ പിന്തുണക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിരുന്ന ജമാല്‍ ആദ്യ ഘട്ടത്തില്‍ സൗദിയുടെ യമന്‍ അധിനിവേശത്തെ പോലും പിന്തുണച്ചിരുന്നു. പിന്നീടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണം എല്ലാ പരിധികളും ലംഘിച്ച് നീങ്ങിയപ്പോള്‍ ജമാല്‍ വിമര്‍ശനം ശക്തിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് കണ്ടു അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു.

ഒരു വര്‍ഷത്തിലധികമായി ജമാല്‍ സൗദിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഈ സമയത്ത് വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ജമാല്‍ എഴുതിയിരുന്ന കോളം പലപ്പോഴും മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങളെ വിമര്‍ശിക്കുന്നതായിരുന്നു. മില്യന്‍ കണക്കിന് ഡോളര്‍ ചിലവഴിച്ച് പാശ്ചാത്യ ലോകത്ത് നടത്തുന്ന സൗദി ഭരണകൂടത്തിന്റെ ലോബിയിംഗിന് ചെറിയ രീതിയിലെങ്കിലും പ്രതിരോധമാകുന്നത് ജമാലിനെ പോലുള്ള നാമമാത്രമായ സൗദി വിമതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലും ഇതുപോലുള്ള അപൂര്‍വ്വം കോളങ്ങളിലൂടെയും. ജമാല്‍ ആണെങ്കില്‍ ഒരു പാട് കാലം സൗദിയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത അനുഭവമുണ്ട്. ഇടക്ക് ബഹ്‌റയിനില്‍ നിന്ന് അല്‍ വലീദിന് ബിന്‍ തലാലിന്റെ ഉടമസ്ഥയില്‍ 2010 ല്‍ ചാനല്‍ ആരംഭിച്ചെങ്കിലും വെറും 11 മണിക്കൂറിനുള്ളില്‍ ചാനല്‍ പൂട്ടിക്കെട്ടി. ഇതിനെല്ലാമുപരിയായി വളരെക്കാലം ഇന്റലിജന്‍സ് മേധാവിയായിരുന്ന തുര്‍കി അല്‍ഫൈസലുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന ഉപദേശകനും കൂടി ആയിരുന്നു ജമാല്‍. അതായത് സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങളുടെ ശേഖരമാണ് ജമാല്‍ ഖഷോഗ്ജി എന്ന് ചുരുക്കം. ഒരു പക്ഷേ മുഹമ്മദ് ബിന്‍ സല്‍മാനെ സംബന്ധിച്ചിടത്തോളം ജമാല്‍ ഇല്ലാതാവേണ്ട ആവശ്യവും അതായിരിക്കാം. ജമാലാണെങ്കില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവനും സത്യസന്ധനുമായാണ് അറിയപ്പെടുന്നത്.

ജമാലിന് കൃത്യമായി എന്ത് സംഭവിച്ചു എന്ന് പറയാറായിട്ടില്ല, ഒരുപക്ഷേ ഒരിക്കലും പറയാന്‍ സാധിക്കുകയുമില്ല. പക്ഷേ ജമാലിനെ സൗദി ഭരണകൂടം ഇല്ലാതാക്കാന്‍ നോക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. തങ്ങളുടെ ഭരണകൂടത്തിന് ഭീഷണിയാണെന്ന ചെറിയ തോന്നലെങ്കിലും ഉണ്ടായാല്‍ അവരെ ഇല്ലാതാക്കുന്നതാണ് അല്‍ സഊദ് രാജ കുടുംബത്തിന്റെ ഇക്കാലമത്രയുമുള്ള രീതി. അത് രാജ്യത്തിനകത്ത് മാത്രമല്ല ലോകത്തെവിടെയാണെങ്കിലും നടപ്പിലാക്കിയതാണ് ചരിത്രം.

പ്രവാസ ജീവിതം നയിക്കുന്ന സൗദി വിമതര്‍ വഴങ്ങുന്നില്ലെങ്കില്‍ നാട്ടിലുള്ള അവരുടെ കുടുംബങ്ങളെ അറസ്റ്റ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നതാണ് മറ്റൊരു രീതി. നിരവധി ആക്ടിവിസ്റ്റുകളുടെ കുടുംബങ്ങളെയാണ് ഇങ്ങനെ വേട്ടയാടുന്നത്. ഇങ്ങനെ സംശയത്തിന്റെ പേരില്‍ ദുരൂഹ സാഹചര്യത്തില്‍ പല രാജ്യങ്ങളില്‍ നിന്നായി അപ്രത്യക്ഷമാവുകയോ തട്ടിക്കൊണ്ടുപോവുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ചരിത്രത്തില്‍.

ആദ്യ പ്രതിപക്ഷ സ്വരം ഉയര്‍ത്തിയതിന്റെ പേരില്‍ ബെയ്‌റൂത്തില്‍ വെച്ച് 1979 “അപ്രത്യക്ഷമായ” നാസിര്‍ അല്‍ സെയ്ദ്, പരിഷ്‌കരണത്തിനനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ 2003 ല്‍ ജനീവയില്‍ വെച്ച് തട്ടിക്കൊണ്ട് പോയി മരുന്നുകള്‍ കുത്തി വെച്ച് നാട്ടിലേക്കെത്തിച്ച സുല്‍ത്താന്‍ ബിന്‍ തുര്‍കി രാജകുമാരന്‍, പാരീസില്‍ നിന്ന് ദുരൂഹമായി 2015 ല്‍ കാണാതായ പോലീസ് മേധാവി തുര്‍കി ബിന്‍ ബന്ദര്‍ അല്‍ സഊദ്, ഇപ്പോഴും ദുരൂഹമായി തുടരുന്ന സൗദ് ബിന്‍ സെയ്ഫ് അല്‍ നാസറിന്റെ തിരോധാനം….അങ്ങനെ ഒരു പാടെണ്ണം.

അതിന്റെയൊന്നും പേരില്‍ ഒരിക്കലും അല്‍ സഊദ് കുടുംബമോ സൗദിയോ വിചാരണ ചെയ്യപ്പെട്ടതായോ അറിവില്ല. 15000 അംഗങ്ങളുള്ള കുടുംബത്തിന്റെ ഏകദേശ ആസ്തി 1400 ബില്യന്‍ ഡോളറാണെന്നാണ് കണക്ക്. അതില്‍ സിംഹഭാഗവും ഏതാനും പേരുടെ കയ്യിലാണ് ( ഒരു താരതമ്യം – ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്തി 88 ബില്യന്‍ മാത്രം). പോരെങ്കില്‍ ലോകത്തെ എണ്ണയുടെ നല്ലൊരു ഭാഗം നിയന്ത്രിക്കുന്ന രാജ്യം മൊത്തം സ്വന്തം പോലെ തന്നെ. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ എതിര്‍ക്കാന്‍ ആരും മിനക്കെടില്ല. മാറിയ സാഹചര്യത്തില്‍ സൗദിയുമായി നാമമാത്ര ബന്ധമുള്ള, സൗദിയുമായി കടുത്ത ശത്രുതയിലുള്ള ഖത്തറും ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, തുര്‍ക്കി കുറച്ച് കൂടി ഭേദപ്പെട്ട നിലപാടെടുക്കാന്‍ സാധ്യതയുണ്ട്. അതിന്റെ സൂചനകളാണ് കാണുന്നത്.

Also Read:ഖഷോഗിയെ കൊല്ലാന്‍ കോണ്‍സുലേറ്റിനുള്ളില്‍ 15അംഗ സക്വാഡിനെ നിര്‍ത്തി: കൊലപാതകം സൗദി ആസൂത്രണം ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ജമാല്‍ അല്‍ ഖഷോഗ്ജിയുടെ തിരോധാനം വേറിട്ടതാവുന്നത് പക്ഷേ അതിന് തിരഞ്ഞെടുത്ത സ്ഥലവും സാഹചര്യവും പച്ചയായ രീതിയും കൊണ്ടാണ്. മറ്റ് അല്‍ സഊദ് ഭരണാധികാരികളില്‍ നിന്ന് മുഹമ്മദ് ബിന്‍ സല്‍മാനെ വ്യത്യസ്തമാക്കുന്നതും പച്ചയായ ആ രീതിയാണ്. മുഹമ്മദിന്റെ ആര്‍ത്തിയും എടുത്തു ചാട്ടവും ബുദ്ധിശൂന്യതയും ഒരേ പോലെ പ്രകടമാക്കുന്നതാണ് അടുത്ത കാലത്തെടുക്കുന്ന ഓരോ നിലപാടുകളും എന്നത് കൊണ്ട് ഇതിലും പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. മുഹമ്മദിന്റെയും അല്‍ സഊദിന്റെയും അനിവാര്യമായ പതനത്തോട് പ്രതീക്ഷിച്ച വേഗത്തിലും രീതിയിലും തന്നെ അടുക്കുന്നുണ്ടെന്ന് മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.