ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്.
സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ശിഷ്യനായിരുന്ന ആനന്ദ് ഗിരി ഭീഷണിപ്പെടുത്തിയിരുന്നതായി കത്തില്‍ പരാമര്‍ശമുണ്ട്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘തന്റെയും മറ്റൊരു സ്ത്രീയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ആനന്ദ് ഗിരി ഭീഷണിപ്പെടുത്തി. ഇതിന്റെ അപമാനം തനിക്ക് താങ്ങാന്‍ കഴിയില്ല,’ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അതേസമയം മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തില്‍ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നരേന്ദ്ര ഗിരിയുടെ പ്രധാനശിഷ്യന്‍മാരില്‍ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്ദീപ് തിവാരിയെയും മകന്‍ ആദ്യതിവാരിയെയുമാണ് ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് ആനന്ദ് ഗിരിയെ പിടികൂടിയത്. ഇയാള്‍ സ്വാമി മഹന്ത് നരേന്ദ്രഗിരിയെ ഉപദ്രവിച്ചിരുന്നതായുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
നേരത്തെ വഞ്ചനയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ മഹന്ത് നരേന്ദ്രഗിരി ആശ്രമത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
എന്നാല്‍ ഇയാള്‍ പിന്നീട് ആശ്രമത്തില്‍ തിരിച്ചെത്തുകയും മഹന്ത് നരേന്ദ്രഗിരിയോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നതായുള്ള മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയും പുറത്തുവന്നിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഠത്തിലാണ് മഹാരാജിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസ്സായിരുന്നു. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരടക്കമുള്ളവരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലിസ് പറയുന്നു. പല കാരണങ്ങളാല്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും നരേന്ദ്രഗിരി ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.