Kerala News
തീരുമാനത്തിന് മാറ്റം; ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 01, 10:21 am
Tuesday, 1st April 2025, 3:51 pm

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനാണ് പിന്തുണ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ സമരപന്തലിലെത്തി പിന്തുണ അറിയിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കണമെന്ന് വി.ഡി. സതീശനും കെ.സി വേണുഗോപാലും അഭ്യര്‍ത്ഥിച്ചുവെന്നും ഇതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നുമാണ് വിവരം. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ 51ാം ദിവസത്തിലാണ് പ്രഖ്യാപനം.

നേരത്തെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണക്കില്ലെന്ന് ലൈക്കും ഷെയറും ഓണറേറിയവുമല്ല, ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിരവേതനം എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ മുഖ മാസികയിലെ ലേഖനത്തില്‍  ഐ.എന്‍.ടി.യു.സി പറഞ്ഞിരുന്നു. ഐ.എന്‍.ടി.യു.സിയുടെ ആ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

സമരം ചിലര്‍ക്ക് സെല്‍ഫി പോയിന്റാണെന്നും സമര കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പോവുകയാണെന്നും ഐ.എന്‍.ടി.യു.സി വിമര്‍ശിച്ചിരുന്നു.

ആശാവര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ തോന്നും പടി കൊടുക്കുന്ന സമ്മാന പൊതി പോലുള്ള ഓണറേറിയമെന്ന ഔദാര്യമല്ല കൊടുക്കേണ്ടതെന്നും സമരത്തിന് പിന്തുണ അറിയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മുഖമാസിക വിമര്‍ശനമുന്നയിച്ചിരുന്നു.

Content Highlight: Change in decision; INTUC declares support for ASHA workers