നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ് ഇറങ്ങുന്ന പ്രേക്ഷകന്‍ അമ്പേ പരാജയപ്പെട്ട് പോവുന്ന ഒരു നിമിഷമുണ്ട്
Movie Day
നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ് ഇറങ്ങുന്ന പ്രേക്ഷകന്‍ അമ്പേ പരാജയപ്പെട്ട് പോവുന്ന ഒരു നിമിഷമുണ്ട്
ഡോ: നെല്‍സണ്‍ ജോസഫ്
Friday, 20th January 2023, 10:42 am

നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു പ്രേക്ഷകന്‍ അമ്പേ പരാജയപ്പെട്ട് പോവുന്ന ഒരു നിമിഷമുണ്ട്. കണ്ടിറങ്ങിയ സിനിമയില്‍ മമ്മൂട്ടിയെന്ന താരത്തെ തിരയുമ്പൊഴാണത്.

ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്തത്രയും കഥാപാത്രങ്ങള്‍ ഓര്‍മയില്‍ നില്‍ക്കാന്‍ തക്ക അഭിനയസമ്പത്തുള്ളൊരാള്‍.

അങ്ങനെയൊരാള്‍ അവയെ ഒന്നും ഓര്‍മ്മിപ്പിക്കാതെ ഒരു പുതിയ കഥാപാത്രത്തെ കാണിച്ചുതരുന്നത് തന്നെ ഒരു ബാലികേറാമലയാവും.

അങ്ങനെയായിരിക്കെ തന്റെ സ്വത്വം പൂര്‍ണ്ണമായിത്തന്നെ വെടിഞ്ഞ് മറ്റൊരാളായി ഇനിയും മാറിക്കാണിച്ചുതരുന്നത്. വിവരിക്കാന്‍ വാക്കുകളില്ല. സുന്ദരമെന്ന ഒരു മനുഷ്യന്‍.

ഉറക്കത്തിനിടയിലുള്ള പകലുകളും അയാള്‍ക്കുണ്ടാവുന്ന തിരിച്ചറിവുകളും എത്ര ലളിതമായി, എത്ര സൂക്ഷ്മമായി അവതരിപ്പിച്ചുവെന്ന് കാണുമ്പോള്‍ തമിഴ്നാട്ടിലെ ഒരു സാധാരണ ഗ്രാമത്തിലെവിടെയോ അയാള്‍ ജീവിച്ചിട്ടുണ്ടാവുമെന്ന് തോന്നിയിരുന്നു പലപ്പോഴും.

ശബ്ദങ്ങളും പശ്ചാത്തലവും ദൃശ്യങ്ങളുമൊക്കെയായി ആ തോന്നലിന്റെ ആക്കം കൂട്ടുന്ന സംവിധാനവും ഛായാഗ്രഹണവും ശബ്ദസംവിധാനവുമെല്ലാം. ശാന്തമായി ഒഴുകുന്ന ഒരു അരുവി പോലെ.

ഇനിയും ഒന്നും തെളിയിക്കാനില്ല, ഇനിയുമൊന്നും പുതുതായി കാണിച്ചുതരാനില്ല എന്ന് ഓരോ കാഴ്ചകള്‍ക്ക് പിന്‍പും തോന്നുമ്പൊഴും അതിനെയൊക്കെ ഒരു ചുവന്ന മഷികൊണ്ട് തിരുത്തി വീണ്ടും യാത്ര തുടരുകയാണ്.

അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി.

Content Highlight: Nanpakal Nerathu Mayakkam Movie Facebook Notification