അച്ഛ്യുത് വിനായകിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രിശങ്കു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു ‘ഒളിച്ചോട്ടവും’ തുടര്‍ന്നുണ്ടാകുന്ന പുകിലുകളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, സുരേഷ് കൃഷ്ണ, ഫാഹിം സഫര്‍, കൃഷ്ണ കുമാര്‍ തുടങ്ങി യുവതാരനിരയും മുതിര്‍ന്ന താരങ്ങളും ഉണ്ടായിരുന്നെങ്കിലും സ്‌ക്രീന്‍ നിറയെ അഴിഞ്ഞാടി സ്‌കോര്‍ ചെയ്തത് മുഴുവനും നന്ദുവായിരുന്നു.
നായകനായ സേതുവിന്റെ അമ്മാവന്റെ കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിക്കുന്നത്. കുടുംബത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ മരുമകനും അനിയനുമൊപ്പം അദ്ദേഹം മംഗലാപുരത്തേക്ക് യാത്രയാവുകയാണ്. കര്‍ക്കശക്കാരനായ വിശ്വാസിയായ ഒപ്പം കുറച്ച് അന്ധവിശ്വാസവുമുള്ള, ഒപ്പമുള്ളവര്‍ക്ക് ശല്യമാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന കഥാപാത്രമാണിത്. ബസിന്റെ നമ്പര്‍ പോലും അയാളെ ബോധവാനാക്കും. യാത്ര തിരിക്കുന്ന ബസ് പുറകോട്ടെടുക്കുമ്പോഴും അമ്മാവന് വല്ലാത്ത അസ്വസ്ഥതയാണ്.
തന്റെ നായര്‍ ജാതിയില്‍ അഭിമാനം കൊള്ളുന്ന അമ്മാവന് മകള്‍ ഇറങ്ങി പോയതിലും പ്രശ്‌നം ഒപ്പമുള്ള ആള്‍ അന്യജാതിക്കാരനായതാണ്. അയാളിലെ നായര്‍ ബോധം പല തവണ പുറത്ത് ചാടുന്നുണ്ട്, കരയോഗത്തിന്റെ രൂപത്തിലും എന്‍.എസ്.എസ്. കോളേജിലെ അഡ്മിഷന്റെ പേരിലും.
ചിത്രത്തിനിടക്ക് ഒരു തവണ ഇവര്‍ക്ക് പബ്ബില്‍ കയറേണ്ടി വരുന്നുണ്ട്. ജാക്കറ്റും പാന്റും ഷൂസും ധരിച്ച് പബ്ബിലേക്ക് കയറുമ്പോഴും അമ്മാവന്‍ കരയോഗത്തിന്റെ ബാഗും ഒപ്പം കൂട്ടുന്നുണ്ട്.
എന്നാല്‍ മൂത്ത അമ്മാവനില്‍ നിന്നു സുരേഷ് കൃഷ്ണ അവതരിപ്പിച്ച ഇളയ അമ്മാവന്‍ കുറച്ച് സെന്‍സിബിളും കാലത്തിനനുസരിച്ച് മാറി ചിന്തിക്കുന്ന ആളുമാണ്. സുരേഷ് കൃഷ്ണയും നന്ദുവും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും രസകരമായിരുന്നു. എന്തായാലും കര്‍ക്കശക്കാരനായ ചൊറിയന്‍ അമ്മാവനായി നന്ദു അഴിഞ്ഞാടിയിരിക്കുകയാണ്.
Content Highlight: nandu’s performance in thrishanku movie