ഫുക്കൂഷിമ: മാലിന്യ നിര്‍മാര്‍ജനത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ക്കൊരുങ്ങി ജപ്പാനിലെ ഫുക്കൂഷിമ. മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കാത്തവര്‍ക്ക് വലിയ തരത്തിലുള്ള തിരിച്ചടിയുണ്ടാക്കുന്ന നിയന്ത്രണമാണ് ജപ്പാന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഫുക്കൂഷിമ: മാലിന്യ നിര്‍മാര്‍ജനത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ക്കൊരുങ്ങി ജപ്പാനിലെ ഫുക്കൂഷിമ. മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കാത്തവര്‍ക്ക് വലിയ തരത്തിലുള്ള തിരിച്ചടിയുണ്ടാക്കുന്ന നിയന്ത്രണമാണ് ജപ്പാന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
അവരവരുടെ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാത്തവരെ ആ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് പുറത്തിറക്കി നാണം കെടുത്തുന്ന നടപടിയിലേക്കാണ് ജപ്പാന്‍ ഇനി കടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് മാലിന്യങ്ങള്‍ ഒരാഴ്ചയോളം വേര്‍തിരിക്കാതെയിരുന്നാല്‍ വാക്കാലുള്ള മുന്നറിയിപ്പും പിന്നാലെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.
ചൊവ്വാഴ്ച നടന്ന മുനിസിപ്പല്‍ മീറ്റിങ്ങിലാണ് പുതിയ നിയന്ത്രണങ്ങള്‍ പാസാക്കിയത്. മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ജപ്പാന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്നതെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പലരും ജൈവമാലിന്യം നിക്ഷേപിക്കേണ്ട ഇടങ്ങളില്‍ അജൈവ മാലിന്യം നിക്ഷേപിക്കുകയും അജൈവ മാലിന്യം നിക്ഷേപിക്കേണ്ട ഇടങ്ങളില്‍ ജൈവ മാലിന്യവും നിക്ഷേപിക്കുന്ന അവസ്ഥ ജപ്പാനിലുണ്ടായിരുന്നു. ഇത് രാജ്യത്ത് വളരെ അധികം പ്രയാസങ്ങള്‍ക്കിടയാക്കിയിരുന്നു.
എന്നാല്‍ വ്യക്തികള്‍ക്ക് പുറമെ കമ്പനികളും സ്ഥാപനങ്ങളും ഇത്തരം രീതികള്‍ പിന്തുടര്‍ന്നതോടെ കര്‍ശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഫുക്കൂഷിമയിലെ കോര്‍പ്പറേഷന്‍ അധികൃതര്‍.
മാലിന്യം കൃത്യമായി തരംതിരിച്ചല്ല അധികൃതര്‍ക്ക് നല്‍കുന്നതെങ്കില്‍ അത് സ്വീകരിക്കാതിരിക്കുന്നതായിരുന്നു നേരത്തെ ഇവര്‍ക്കെതിരെ എടുത്തിരുന്ന നടപടി. എന്നാല്‍ ഈ നടപടിയില്‍ ഒരാഴ്ചയ്ക്ക് ശേഷം നഗരസഭ മാലിന്യം സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഇത് മുതലെടുത്തുകൊണ്ട് പലരും മാലിന്യം തരംതിരിക്കാതെ വെക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ തീരുമാനത്തിലെത്തിയത്.
മാലിന്യം ശരിയായി നിക്ഷേപിക്കാത്തത് മാലിന്യങ്ങള്‍ ചിതറിക്കിടക്കാനും ശരിയായി സംസ്‌ക്കരിക്കാത്തത് പ്രദേശവാസികളുടെ ജീവിതാന്തരീക്ഷം വഷളാക്കുന്നതിനും കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ മാലിന്യ നിര്‍മാര്‍ജനം പാലിക്കാത്തതിന് കഴിഞ്ഞ വര്‍ഷം 9000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlight: Names will be published on the government website if proper waste disposal is not done; New regulation in Japan