ദമയന്തിയുടെ കാഴ്ചപ്പാടില്‍ നളചരിതം; പീരിഡ് മൂവി ഒരുക്കാന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍
കൊച്ചി: മഹാഭാരതത്തിലെ പ്രധാന കഥകളിലൊന്നായ നള ദമയന്തി കഥ സിനിമയാക്കാന്‍ ഒരുങ്ങി രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ദമയന്തിയുടെ വീക്ഷണ കോണില്‍ നിന്നായിരിക്കും കഥ അവതരിപ്പിക്കുക.
മലയാളത്തിലും ഹിന്ദിയിലുമായാണ് ചിത്രമൊരുക്കുക. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രതീഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ഒരു പുരാണ കഥയെ സമകാലിക കോണില്‍ നിന്ന്’ കാണാനാണ് ശ്രമിക്കുന്നതെന്ന് രതീഷ് പറഞ്ഞു.
‘ബി.സി. 3000-ത്തെ പ്രതിഫലിപ്പിക്കുന്ന നിര്‍മ്മാണവും വസ്ത്രാലങ്കാരങ്ങളും വലിയ പദ്ധതിയാണിത്. വസ്ത്രങ്ങള്‍, വാസ്തുവിദ്യാ രൂപകല്പനകള്‍, അക്കാലത്തെ വിവിധ വിശദാംശങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കുന്നത് തികച്ചും വെല്ലുവിളിയാകും,’ എന്നും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.
ഇതുവരെ കണ്ട് മടുക്കാത്ത ലൊക്കേഷനുകളായിരിക്കും ചിത്രത്തിന് വേണ്ടി ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘ഇതുപോലുള്ള ഒരു ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും, അതിനാല്‍ വിദേശത്തുള്ള ചില ആകര്‍ഷകമായ പ്രദേശങ്ങള്‍ നോക്കുകയാണ്.’ എന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് നടനെ നായകനും മലയാളത്തില്‍ നിന്ന് നായികയെയും അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചിത്രം തമിഴിലേക്കും കന്നഡയിലേക്കും ഡബ്ബ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനകം കാമിനി കലഹം എന്ന ചിത്രമാണ് രതീഷിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന കോര്‍ട് മൂവി ന്നാ, താന്‍ കേസ് കൊടുക്ക് എന്ന ചിത്രമാണ് രതീഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.