നജീബ് തിരോധാന കേസ്: ദല്‍ഹി ഹൈക്കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
najeeb disappearance case
നജീബ് തിരോധാന കേസ്: ദല്‍ഹി ഹൈക്കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st December 2017, 6:01 pm

ന്യൂദല്‍ഹി: നജീബ് തിരോധാന കേസില്‍ സി.ബി.ഐ ദല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജെ.എന്‍.യുവില്‍ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ഒക്ടോബര്‍ 15 മുതല്‍ കാണാതായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ വെച്ച് മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു നജീബിന്റെ തിരോധാനം.

കേസുമായി ബന്ധപ്പെട്ട് റെയ്ഡില്‍ പിടികൂടിയ മൊബൈല്‍ ഡാറ്റ റിപ്പോര്‍ട്ട് ഇനിയും കിട്ടാനുണ്ടെന്നും സി.ബി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നജീബിന്റെ തിരോധാനത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐ യോട് ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ 14 ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസംബര്‍ 21 ന് ഹാജരാകാന്‍ ഹൈക്കോടതി തീരുമാനിച്ചത്.

ജൂണിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ജൂണ്‍ 29 ന് നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

നജീബിന്റെ കേസ് അന്വേഷിക്കുന്നതില്‍ സി.ബി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി മുമ്പ് രംഗത്തെത്തിയിരുന്നു. കേസ് അന്വേഷിക്കുന്നതില്‍ സി.ബി.ഐക്ക് താത്പര്യം നഷ്ടപ്പെട്ടുവെന്നും സി.ബി.ഐ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാണ് കോടതി പറഞ്ഞിരുന്നത്.

കേസിലെ പ്രതികളെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോണ്‍ വിളികളും മെസേജുകളും സംബന്ധിച്ച് സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളും സ്റ്റാറ്റസ് റിപ്പോര്‍ട്ടിലെയും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ ജി.എസ് സിസ്താനി ചന്ദ്രശേഖര്‍ എന്നിവരടങ്ങിയെ ബെഞ്ചിന്റെ വിമര്‍ശനം.