കോമഡി ആര്‍ടിസ്റ്റായും പാരഡി ഗായകനായും നടനായും തിളങ്ങി പിന്നീട് സംവിധാന രംഗത്തേക്കെത്തിയ താരമാണ് നാദിര്‍ഷ.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഈശോ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.
ആദ്യ മൂന്ന് സിനിമകള്‍ കോമഡി ജോണറില്‍ പെട്ടവയായിരുന്നെങ്കില്‍ നാലാമത് ചിത്രം ത്രില്ലറായാണ് നാദിര്‍ഷ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ കോമഡി വിട്ട് ഒരു ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ തന്റെ ഭാര്യ പോലും അക്കാര്യം വിശ്വസിച്ചില്ലെന്ന് പറയുകയാണ് നാദിര്‍ഷ.
ഈശോയുടെ പ്രൊമോഷന്റെ ഭാഗമായി ജയസൂര്യക്കൊപ്പം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാദിര്‍ഷ ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല, ഈ ജോണര്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നാദിര്‍ഷ.
”ആള്‍ക്കാര് വിശ്വസിക്കാത്തത് പോട്ടെ എന്റെ ഭാര്യ പോലും വിശ്വസിച്ചിട്ടില്ല,” നാദിര്‍ഷ പറഞ്ഞു.
”സാധാരണ ലൊക്കേഷനില്‍ വന്ന് കാണുകയാണെങ്കില്‍ വിശ്വസിക്കാമായിരുന്നു. ഇത് ലൊക്കേഷനിലേക്കും അദ്ദേഹത്തിന്റെ ഭാര്യ വന്നിട്ടില്ല.
കാരണം കൊവിഡ് സമയവും ഫുള്‍ നൈറ്റ് ഷൂട്ടും ഒക്കെ ആയതുകൊണ്ട് അവര്‍ വന്നിരുന്നില്ല,” എന്ന് ജയസൂര്യയും ഇതിനിടെ കൂട്ടിച്ചേര്‍ത്തു.
”എനിക്ക് മൊത്തത്തില്‍ വേറൊരു എക്‌സ്പീരിയന്‍സായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാത്ത മേഖലകളില്‍ എത്തിപ്പെട്ട ആളാണ് ഞാന്‍.
ഒരിക്കലും ഒരു പാട്ടുകാരനാകുമെന്ന് കരുതിയിരുന്നില്ല, ഇപ്പോഴും പാട്ടുകാരനൊന്നുമല്ല. മിമിക്രിക്കാരനുമായി. നമ്മളുള്ള സമയത്തൊക്കെ എത്ര നല്ല മിമിക്രിക്കാരുണ്ടായിരുന്നു. എല്ലാവരും എന്നെക്കാള്‍ എത്രയോ മെച്ചപ്പെട്ടവരായിരുന്നു.
ഞാനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണ്. എന്നിട്ട് പോലും മിമിക്രിയില്‍ ഒരു പേര് കിട്ടി. 16ാമത്തെ വയസിലാണ് മിമിക്രിയില്‍ വരുന്നത്. ഒരിക്കലും ചിന്തിക്കാത്ത മേഖലയായിരുന്നു പാരഡി. എന്നിട്ടും 19ാമത്തെ വയസില്‍ പാരഡി എഴുതിത്തുടങ്ങി,” നാദിര്‍ഷ പറഞ്ഞു.