[]കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച കേന്ദ്ര മന്ത്രി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍. കെ.സി.എയ്ക്കും കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനുമെതിരെയുള്ള പ്രസ്താവനകള്‍ ശരിയായില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങള്‍ കൊച്ചിയുടെ ക്രിക്കറ്റ് സാധ്യതകളെ ഇല്ലാതാക്കും. തരൂരിന് പരാതി ഉണ്ടായിരുന്നെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കാമായിരുന്നു.
തരൂരിന്റെ വിമര്‍ശത്തിന് പിന്നില്‍ കൊച്ചിക്കെതിരെ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ലോബിയുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, ശശി തരൂരിനെ വിമര്‍ശിച്ച കെ.സി.എ. പ്രസിഡന്റ് ടി.സി. മാത്യു ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലൂര്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി.
കെ.സി.എ രേഖാമൂലം ഖേദപ്രകടനം നടത്തിയതോടെയാണ് പ്രവര്‍ത്തകര്‍ ഉപരോധസമരം അവസാനിപ്പിച്ചത്. കെ.സി.എ കേരളത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
ദുലീപ് ട്രോഫി ഫൈനല്‍ മത്സരം നാലാം തവണയും മാറ്റി വെച്ചതോടെയായിരുന്നു തരൂര്‍ കെ.സി.എയ്‌ക്കെതിരെ രംഗത്തെത്തിയത്.
തരൂരിന്റെ ആരോപണം അപക്വമാണെന്നും ഇതിന് പിന്നില്‍ തരൂരിന്റെ വ്യക്തി താല്‍പര്യം മാത്രമാണുള്ളതെന്നുമായിരുന്നു കെ.സി.എ. പ്രസിഡന്റ് ടി.സി. മാത്യുവിന്റെ പ്രതികരണം.