തിരുവനന്തപുരം: സംസ്ഥാന പുരസ്‌കാര വേദിയില്‍ അപമാനിതനായി എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജൂറി അംഗമായിരുന്ന എന്‍. ശശിധരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
മികച്ച സിനിമകള്‍ക്കുവേണ്ടിയുള്ള എന്റെ സംസാരത്തെ ജൂറി മുഖവിലയ്‌ക്കെടുത്തില്ല, തന്റെ സിനിമാ നിരീക്ഷണപാടവത്തിന് ഇവിടെ ഒരു പ്രസക്തിയുമില്ലാതായിപ്പോയെന്നും ഭാവിയില്‍ ഇനിയൊരു പുരസ്‌കാരനിര്‍ണയ കമ്മിറ്റിയിലും തന്റെ സാന്നിധ്യമുണ്ടാകില്ലെന്നും ശശിധരന്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിയാണ് അദ്ദേഹം ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്.
തന്റെതായി വന്നിട്ടുള്ള അഭിമുഖത്തില്‍ അവാര്‍ഡ് നിര്‍ണയത്തില്‍ അപമാനിക്കപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും
സാഹിത്യവും സിനിമയുമുള്‍ക്കൊള്ളുന്ന സര്‍ഗ മണ്ഡലത്തിലെ തന്റെ പരിചയങ്ങളും അനുഭവങ്ങളും രാഷ്ട്രീയ ധാരണകളും തന്നെയാണ് തന്നെ പുരസ്‌കാര സമിതിയില്‍ എത്തിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ജനാധിപത്യമായ അഭിപ്രായങ്ങള്‍ ജൂറിയിലും പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൃത്യമായ ഇടപെടലുകളാണ് ജൂറിയില്‍ നടത്തിയതെന്നും ശശിധരന്‍ പറഞ്ഞു. തന്റെ അഭിപ്രായങ്ങള്‍ക്ക് ജൂറിയില്‍ അവസരം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവാര്‍ഡ് നിര്‍ണയത്തിലെ പല ചര്‍ച്ചകളിലും സ്വാഭാവികമായി ഞാന്‍ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേര്‍തിരിച്ചെടുത്ത് വാര്‍ത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ കൂടി ഭാഗമായ പുരസ്‌കാര നിര്‍ണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാന്‍ എന്ന് അറിയിക്കുന്നു. മറ്റ് തരത്തിലുള്ള വാര്‍ത്താ നിര്‍മ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്,’ കുറിപ്പില്‍ പറയുന്നു.
മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിനിമ മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ഒരു മനുഷ്യന്‍ എന്ന നിലയില്‍ ജൂറി കമ്മിറ്റിയില്‍ താന്‍ അപമാനിതനായെന്നും മികച്ച സിനിമകള്‍ക്കുവേണ്ടിയുള്ള എന്റെ സംസാരത്തെ ജൂറി മുഖവിലയ്‌ക്കെടുത്തില്ലെന്നും തന്റെ സിനിമാ നിരീക്ഷണപാടവത്തിന് ഇവിടെ ഒരു പ്രസക്തിയുമില്ലാതായിപ്പോയി എന്നുമുള്ള ശശിധരന്റെ വാക്കുകളായിരുന്നു വാര്‍ത്തകളായി എത്തിയിരുന്നത്.
എന്റെതായി വന്നിട്ടുള്ള അഭിമുഖത്തില്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ഞാന്‍ അപമാനിക്കപ്പെട്ടു എന്ന തരത്തില്‍ വരുന്നത് ശരിയല്ല. സാഹിത്യവും സിനിമയുമുള്‍ക്കൊള്ളുന്ന സര്‍ഗ മണ്ഡലത്തിലെ എന്റെ പരിചയങ്ങളും അനുഭവങ്ങളും എന്റെ രാഷ്ട്രീയ ധാരണകളും തന്നെയാണ് എന്നെ പുരസ്‌കാര സമിതിയില്‍ എത്തിച്ചത്.
ഏത് വേദിയിലും പ്രകടിപ്പിക്കുന്ന ജനാധിപത്യപരമായ അഭിപ്രായങ്ങള്‍ ഞാന്‍ ജൂറിയിലും പ്രകടിപിച്ചിട്ടുണ്ട്. സമിതിയില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയുമാണ് ഞാന്‍. എന്റെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് അവിടെ ഒരിക്കലും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല.
അവാര്‍ഡ് നിര്‍ണയത്തിലെ പല ചര്‍ച്ചകളിലും സ്വാഭാവികമായി ഞാന്‍ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേര്‍തിരിച്ചെടുത്ത് വാര്‍ത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ കൂടി ഭാഗമായ പുരസ്‌കാര നിര്‍ണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാന്‍ എന്ന് അറിയിക്കുന്നു.
മറ്റ് തരത്തിലുള്ള വാര്‍ത്താ നിര്‍മ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്. അതിന് ഞാന്‍ ഉത്തരവാദിയല്ല. ഇങ്ങിനെയൊരു കൈപ്പിഴ പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജമായി ക്ഷമ ചോദിക്കുന്നു.
എന്‍ ശശിധരന്‍