കോഴിക്കോട് : എസ്.സി/എസ്.ടി പീഡന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയത് ഹര്‍ത്താലിന് പിന്തുണയുമായി മുസ്‌ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രതിലോമകരമായ ഇത്തരം നീക്കങ്ങളോട് ഒരു നിലക്കും യോജിക്കാനാവില്ല. അതുകൊണ്ട് നാളെ നടക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും യൂത്ത് ലീഗ് അറിയിച്ചു.
യൂത്ത്‌ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലാണ് സെക്രട്ടേറിയറ്റ് യോഗം നടന്നത്. ഹര്‍ത്താലിന് പിന്തുണയുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഹര്‍ത്താലില്‍ ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയാല്‍ ബസ്സുകള്‍ കത്തിക്കുമെന്നാണ് ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
Read more: സുപ്രീംകോടതിയുടേത് ദളിതര്‍ക്ക് നേരെയുള്ള ജുഡീഷ്യല്‍ ആക്രമണം: ജിഗ്നേഷ് മെവാനി
ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസ് രംഗത്തെത്തിയിരുന്നു. എസ്.സി എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കുന്നത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടുമെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്.
നിയമം ലഘൂകരിക്കുന്നത് എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്നും ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് ഐകദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായും ബിഷപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് വിവിധ ബഹുജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.