മ്യാന്‍മര്‍: സൈന്യത്തിനെതിരായി സംസാരിച്ച മ്യാന്‍മറിലെ യു.എന്‍ അംബാസിഡറെ പിരിച്ചുവിട്ട് ബര്‍മീസ് സേന. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നത് വരെ മ്യാന്‍മര്‍ മിലിറ്ററിയുമായി ആരും സഹകരിക്കരുതെന്ന് യു.എന്‍.അംബാസിഡര്‍ ക്വാ മോ തുന്‍ പറഞ്ഞിരുന്നു. സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഏറെ വൈകാരികമായ പ്രസംഗമാണ് മോ തുന്‍ നടത്തിയത്.
രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നും സൈന്യത്തെ അധികാരത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും മോ തുന്‍ പറഞ്ഞു.
” അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സൈന്യത്തെ പുറത്താക്കാന്‍ ഏറ്റവും ശക്തമായ ഒരു ഇടപെടലാണ് നമുക്ക് വേണ്ടത്. നിഷ്‌കളങ്കരായ ജനങ്ങളെ അടിച്ചമര്‍ത്തുന്നത് തടയാനും, ജനാധിപത്യം പുനഃസ്ഥാപിക്കാനും വലിയൊരു നീക്കം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
മ്യാന്‍മറില്‍ ശനിയാഴ്ചയും നിരവധി പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നത്. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്.
മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരാജയപ്പെട്ടിരുന്നു. മ്യാന്‍മറിന്റെ പ്രധാന സഖ്യകക്ഷിയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗവുമായ ചൈന വിട്ടുനിന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് സാധിക്കാതിരുന്നത്
ആങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവരെ സൈന്യം തടവിലാക്കിയതിന് പിന്നാലെയാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചേര്‍ന്നത്.
ജനാധിപത്യത്തെ പിന്തുണച്ച് മ്യാന്‍മറില്‍ പ്രസ്താവന ഇറക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ മ്യാന്‍മര്‍ പ്രതിനിധിയുടെ ആവശ്യം പരിഗണിച്ചാണ് പതിനഞ്ചംഗ സുരക്ഷാ കൗണ്‍സിലില്‍ യു.കെ, എഴുതി തയ്യാറാക്കിയ പ്രമേയം പരിഗണിച്ചത്.
തങ്ങള്‍ ഭരണഘടനാപരമായേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് അട്ടിമറി നീക്കങ്ങള്‍ക്കൊടുവില്‍ സൈന്യം പറഞ്ഞത്.നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും സൈന്യം ആരോപിച്ചു.
മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സൈന്യം അടിയന്തരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ആങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്. പിന്നീട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്‍പ്പെടെയുള്ള അവരുടെ നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.