സി.ഓ.ടി നസീറിനെ ആക്രമിച്ചതിന് പിന്നില്‍ ജനപ്രതിനിധിയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എംവി ജയരാജന്‍; 'നസീറിനെ ആക്രമിക്കേണ്ട കാര്യം സിപി ഐഎമ്മിനില്ല'
attack
സി.ഓ.ടി നസീറിനെ ആക്രമിച്ചതിന് പിന്നില്‍ ജനപ്രതിനിധിയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എംവി ജയരാജന്‍; 'നസീറിനെ ആക്രമിക്കേണ്ട കാര്യം സിപി ഐഎമ്മിനില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2019, 11:30 am

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.ഐ.എം മുന്‍ നേതാവുമായ സി.ഓ.ടി നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം ജനപ്രതിനിധിയാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സിപി ഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഇക്കാര്യം പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന്് നേരത്തെ വ്യക്തമാക്കിയുിരുന്നു. അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം. നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

തനിക്കെതിരായ വധശ്രമക്കേസില്‍ പി. ജയരാജന് പങ്കില്ലെന്ന് സി.ഒ.ടി.നസീര്‍ പറഞ്ഞിരുന്നു. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചന നടത്തി. ഇതിനെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.

തലശേരി കേന്ദ്രീകരിച്ച് ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. തലശേരിയിലെ ജനപ്രതിനിധി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞു.

നസീറിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയിരുന്നത്.