500 രൂപ വര്‍ധനവിന് വേണ്ടിയാണോ 52 ദിവസം സമരം ചെയ്തത്?; മുത്തൂറ്റ് സമര നേതാവ് നിഷ സംസാരിക്കുന്നു
Labour Right
500 രൂപ വര്‍ധനവിന് വേണ്ടിയാണോ 52 ദിവസം സമരം ചെയ്തത്?; മുത്തൂറ്റ് സമര നേതാവ് നിഷ സംസാരിക്കുന്നു
ജിതിന്‍ ടി പി
Tuesday, 15th October 2019, 4:09 pm

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് 52 ദിവസമായി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തി വന്ന സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. പ്രധാനമന്ത്രി പറഞ്ഞാല്‍ പോലും തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടെടുത്ത മാനേജ്‌മെന്റിന് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ സമരം ചെയ്ത സമരം കേരളത്തിന്റെ സമീപകാലത്ത് വിജയം വരിച്ച ഏറ്റവും വലിയ തൊഴിലാളി സമരമാണ്.

സമരവിജയത്തിന്റെ പശ്ചാത്തലത്തില്‍ മുത്തൂറ്റ് കൊച്ചി ഫിനാന്‍സ് ലിമിറ്റഡിലെ മാനേജറും സമരനേതാവുമായ നിഷ കെ. ജയന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍, അതില്‍ നേതൃപരമായ പങ്കുവഹിച്ചതിന്റെ പേരില്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരെ എന്തെങ്കിലും പ്രതികാര നടപടി ഉണ്ടാകും എന്ന് കരുതുന്നുണ്ടോ?

സമരം ഒത്തുതീര്‍ന്ന കരാര്‍ പ്രകാരം ഒരു തരത്തിലുള്ള പ്രതികാരനടപടികളും ഉണ്ടാകില്ല. കോടതിയുടെ മധ്യസ്ഥതയിലുള്ളതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ. അതിന് വിപരീതമായി ഒന്നും ഉണ്ടാകില്ല. പ്രതികാര നടപടി വേണം എന്ന് മാനേജ്‌മെന്റും ഉണ്ടാകും എന്ന് നമ്മളും ആഗ്രഹിച്ചിട്ടല്ല ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെക്കുന്നത്.

500 രൂപ വര്‍ധനവിന് വേണ്ടിയാണോ ഇവര്‍ ഇത്രകാലം സമരം ചെയ്തത് എന്നാണ് സോഷ്യല്‍മീഡിയയിലെല്ലാം വരുന്ന ട്രോളുകള്‍. അതിനോട് എങ്ങനെ പ്രതികരിക്കുന്നു.?

500 രൂപ വര്‍ധനവ് എന്ന് പറയുന്നത് ഒരിക്കലും ശമ്പള വര്‍ധനവല്ല. അതൊരു തെറ്റിദ്ധാരണയാണ്. കരാറില്‍ പറഞ്ഞിരിക്കുന്നതും മാനേജ്‌മെന്റ് അല്ലാതെ പറഞ്ഞിരിക്കുന്നതുമെല്ലാം ഇടക്കാല ആശ്വാസം എന്നുള്ള രീതിയിലാണ്. ശമ്പള വര്‍ധനവ് എന്ന പ്രധാന ആവശ്യം, അതുപോലെ തന്നെ പഴയ കരാര്‍ പാലിക്കപ്പെടണം എന്നുള്ള ആവശ്യം- ഇത് രണ്ടുമാണ് നമ്മുടെ ആവശ്യങ്ങളില്‍ പ്രധാനമായും ഉണ്ടായിരുന്നത്.

ശമ്പള വര്‍ധനവ് 2016 മുതല്‍ നമ്മള്‍ പറയുന്ന കാര്യമാണ്. അവകാശപത്രികയില്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതുമാണ്. 2019 ല്‍ ചെയ്യാമെന്ന് അനൗദ്യോഗികമായിട്ടുള്ള ചര്‍ച്ചകളില്‍ എം.ഡി തന്നെ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ശമ്പള വര്‍ധനവ് എന്ന ആവശ്യവുമായിട്ട് പോയത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാണ് എന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. അഞ്ചാറ് ചര്‍ച്ചകളിലും ഒരു രൂപ പോലും വര്‍ധിപ്പിക്കില്ല എന്നുള്ള ഒരു നിലപാടിലാണ് അവര്‍ നിന്നത്.

തത്വത്തില്‍ ശമ്പള വര്‍ധനവ് വേണം എന്നുള്ളത് അംഗീകരിച്ചു. നേരത്തെ മുത്തൂറ്റിന്റെ തോട്ടം തൊഴിലാളികളുടെ സമരത്തിലും ഇടക്കാല ആശ്വാസം അനുവദിച്ചിരുന്നു. നിയമം പാസാകുന്നത് വരെ ദിവസേന 50 രൂപ വെച്ച് ഇടക്കാല ആശ്വാസം എന്ന ധാരണയായിട്ടാണ് ആ സമരം അവസാനിപ്പിച്ചത്. അതുപോലെ നിങ്ങള്‍ക്ക് ചെയ്തൂടെ എന്ന് മന്ത്രി ചോദിച്ചു. മന്ത്രി പറഞ്ഞ നിര്‍ദ്ദേശത്തിന്റെ മേലിലാണ് 500 രൂപ ഇടക്കാല ആശ്വാസം നല്‍കാമെന്ന് സമ്മതിച്ചത്.

ഇതും ആദ്യം അവര്‍ സമ്മതിച്ചിരുന്നില്ല. ആദ്യം അവര്‍ സബ് സ്റ്റാഫിന് 150 രൂപ നല്‍കാമെന്നാണ് പറഞ്ഞത്. അത് പറ്റില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. അത് പിന്നെ 200 രൂപ സബ്സ്റ്റാഫിനും 300 രൂപ ക്ലര്‍ക്കിനും എന്നാക്കി മാറ്റി. മാനേജര്‍മാര്‍ക്ക് ഉണ്ടാകില്ല എന്നും പറഞ്ഞു. അത് അംഗീകരിക്കാന്‍ പറ്റില്ല എന്ന് ഞങ്ങളും നിലപാടെടുത്തു. അങ്ങനെയൊരു വിവേചനം ഇക്കാര്യത്തില്‍ നമ്മള്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു ഞങ്ങളുടെ നിലപാട്.

പിന്നീട് വന്ന ചര്‍ച്ചയില്‍ അവര്‍ അക്കാര്യം സമ്മതിച്ചു. പ്രധാനമന്ത്രി വന്ന് പറഞ്ഞാലും ഞങ്ങളുടെ യൂണിയന്‍ അംഗീകരിക്കില്ല എന്ന് നിലപാടെടുത്ത മാനേജ്‌മെന്റ്‌ കരാര്‍ ഒപ്പുവെച്ചു എന്നതുതന്നെയാണ് ഞങ്ങളുടെ വിജയം. അവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും മിനുട്‌സിലൊപ്പിടും എന്നല്ലാതെ കരാര്‍ അംഗീകരിക്കാന്‍ തയ്യാറാകാറില്ല

സമരത്തോട് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം എങ്ങനെയായിരുന്നു.?

2016 മുതല്‍ ഞങ്ങള്‍ സമരരംഗത്തുണ്ടായിരുന്നു. ഒരാളും അത് റിപ്പോര്‍ട്ട് ചെയ്തില്ല. ഞങ്ങള്‍ പത്രപ്രസ്താവന മാധ്യമങ്ങള്‍ക്ക് കൊടുത്താലും ദേശാഭിമാനി ഒഴികെയുള്ള ആരും അത് പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാല്‍ മാനേജ്‌മെന്റിന് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്യും. സമരം അനാവശ്യമാണെന്ന് പറഞ്ഞ് മാനേജ്‌മെന്റിന്റെ ഭാഗമെല്ലാം മനോരമയടക്കമുള്ള മാധ്യമങ്ങള്‍ കൊടുത്തിരുന്നു.

ഇന്ന് 12000 രൂപയുള്ള സ്ഥാനത്ത് 2016 ല്‍ ഞങ്ങള്‍ക്ക് 9000 രൂപയായിരുന്നു. ആ സമയത്ത് പോലും, അതായത് മിനിമം വേതനം ഇല്ലാതിരുന്ന സമയത്തും മനോരമ അടക്കമുള്ളവര്‍ ഞങ്ങള്‍ക്ക് 20000 രൂപ സാലറി ഉണ്ടെന്ന് പറഞ്ഞുകൊടുത്തു. വലിയ കോളം പരസ്യം മുഖ്യധാരാ മാധ്യമങ്ങളെല്ലാം കൊടുത്തു.

ഈ പത്രകട്ടിംഗൊക്കെ ഞങ്ങളുടെ ബ്രാഞ്ചിന്റെ മുന്നില്‍ കൊണ്ടുവന്ന് അവര്‍ പതിച്ചിരുന്നു. അതൊക്കെ ഞങ്ങള്‍ക്ക് ഭയങ്കര വേദനയുണ്ടാക്കിയ കാര്യമാണ്. അത്രയും മാധ്യമങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്. ഉപകാരം ചെയ്തിട്ടുമില്ല, ഉപദ്രവിക്കുകയാണ് ചെയ്തത്. ഇത്തവണത്തെ സമരത്തിലും ആരും തിരിഞ്ഞുനോക്കിയില്ല.

ബ്രാഞ്ചുകളടച്ചു പൂട്ടുകയാണെന്ന് പറഞ്ഞ് എം.ഡി നടത്തിയ പത്രസമ്മേളനത്തിന് ശേഷമാണ് മാധ്യമങ്ങള്‍ സമരത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. അതുവരെ സി.ഐ.ടി.യു ആണ് എതിര് നില്‍ക്കുന്നത്, വ്യവസായം തകര്‍ക്കുന്നത് തുടങ്ങിയ വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ വന്നത്.

കേരളസര്‍ക്കാരിനും സി.ഐ.ടി.യുവിനും എതിരായ വാര്‍ത്തകളാണ് എന്നുള്ളതിനാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് അതൊരു ഹോട്ട് ന്യൂസായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും നമ്മള്‍ക്ക് എതിരായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അനുഭാവപൂര്‍വമാണ് സമരത്തെ റിപ്പോര്‍ട്ട് ചെയ്തത്.

സമരം വിജയിച്ച ശേഷം ജന്മഭൂമിയില്‍ മാത്രമാണ് ഞങ്ങളെ മോശപ്പെടുത്തിയുള്ള വാര്‍ത്ത വന്നത്. മനോരമ അതുപോലെ ഒത്തുതീര്‍പ്പ് വ്യവസ്ഥ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. അക്കാര്യം കോടതിയുടേയും മാനേജ്‌മെന്റിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജന്മഭൂമിയുടെ ഉദ്ദേശ്യം വേറെയാണ് അത് രാഷ്ട്രീയമാണ് അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.

ജയ്ഹിന്ദും അതുപോലെ മോശമായാണ് റിപ്പോര്‍ട്ട് ചെയ്തത്. അതും രാഷ്ട്രീയമാണ്. അതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല.

സമരങ്ങളില്‍ പങ്കെടുക്കാത്ത ആളുകള്‍ക്കും സമരാനുകൂല്യം കിട്ടും എന്നുള്ള ട്രോളുകളോട് എങ്ങനെ പ്രതികരിക്കുന്നു?

അവരുടെ സാഹചര്യമാണ് സമരത്തെ എതിര്‍ക്കുന്നതിന് കാരണം. അവരോട് എതിര്‍പ്പില്ല. ഞങ്ങളങ്ങനെ ഒരിക്കലും പറയില്ല. മാനേജ്‌മെന്റിന്റെ തന്ത്രമാണ് ഭിന്നിപ്പിച്ച് യൂണിയനെ പൊളിക്കുക എന്നുള്ളത്. സമരത്തെ എതിര്‍ത്തവര്‍ അവരുടെ ഓഫീസ് പൂട്ടിപ്പോകും എന്നുള്ള മാനേജ്‌മെന്റിന്റെ ഭീഷണിയില്‍  പേടിച്ചുപോയതായിരിക്കാം. അതുകൊണ്ടായിരിക്കാം സമരത്തെ എതിര്‍ത്ത് പറഞ്ഞത്.

പിന്നെ ഞങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണമൊന്നും സമരത്തെ എതിര്‍ത്തിരുന്ന തൊഴിലാളികള്‍ പിന്തുണയ്ക്കുന്നതല്ല. അതൊക്കെ മാനേജ്‌മെന്റ് ഏജന്‍സികളെക്കൊണ്ട് ചെയ്യിച്ചതാണ്.

സമരത്തില്‍ നേടിയ ആനുകൂല്യങ്ങള്‍ അവരും കൂടി വാങ്ങിക്കും എന്നുള്ളതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. അത്തരത്തിലൊന്നും ഞങ്ങള്‍ ചിന്തിച്ചിട്ടു പോലുമില്ല. ഞങ്ങള്‍ ഒറ്റവര്‍ഗമായിട്ടേ കാണുന്നുള്ളൂ. ഞങ്ങള്‍ തൊഴിലാളിവര്‍ഗമാണ്. അവര്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരാണ്. അവര്‍ക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സമരരംഗത്തുള്ളപ്പോള്‍ മാത്രമാണ്. അവരാരും ഞങ്ങളുടെ ശത്രുപക്ഷത്തുള്ളവരല്ല.

സമരങ്ങളോടുള്ള കേരളത്തിന്റെ മനോഭാവം മുത്തൂറ്റ് സമരത്തോടെ മാറി എന്ന കരുതുന്നുണ്ടോ?

ഒരുപാട് മാറ്റം വന്നിട്ടുണ്ട് സമരം. വിജയിച്ചു എന്നുള്ള വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ പോസിറ്റീവായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ലാത്ത സമരത്തെ വലിയ രീതിയില്‍ ആഘോഷമാക്കുകയും അതോടൊപ്പം ട്രേഡ് യൂണിയനുകള്‍ നയിക്കുന്ന സമരത്തെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് പൊതുവെ ഉള്ളത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.