കോഴിക്കോട്: ടി.പി. അഷ്‌റഫലിയെ ഒഴിവാക്കി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത. പുതുതായി പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറിയേറ്റ്, കൗണ്‍സില്‍ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മരവിപ്പിച്ചു.
മലപ്പുറം, എറണാകുളം ജില്ലകളിലെ കൗണ്‍സില്‍ അംഗങ്ങളാണ് ബഹളംവെച്ചത്. സെക്രട്ടറിയേറ്റ് രൂപീകരിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് നടപടി.
അതേസമയം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി.പി.എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിങ് ഓഫീസര്‍ പി.എം.എ സലാമിന് രേഖാമൂലം പരാതി നല്‍കി.
കഴിഞ്ഞ ദിവസമാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി.കെ. ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. ഇസ്മയില്‍ പി. വയനാടാണ് ട്രഷറര്‍.
പ്രവര്‍ത്തക സമിതി തീരുമാനമനുസരിച്ച് 17 ഭാരാഹികളെന്നത് ഇത്തവണ 11 ആക്കിയിട്ടുണ്ട്. സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന പദവിയും പുതിയ കമ്മിറ്റിയില്‍ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ഭാരവാഹി ലിസ്റ്റില്‍ വനിതകളില്ല. യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇത്തവണ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു.
അവസാനം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലീഗിന്റെ പോഷക സംഘടനകളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചിരുന്നു.
വൈസ് പ്രസിഡന്റുമാരായി മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരും സെക്രട്ടറിമാരായി സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ തെരഞ്ഞെടുത്തു.
അതേസമയം, ടി.പി അഷ്റഫലിയെ ഒഴിവാക്കിയാണ് പുതിയ കമ്മിറ്റി. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഒഴിവാക്കിയതെന്നാണ് സൂചന.
ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറര്‍ സ്ഥാനത്തേക്ക് അഷ്‌റഫലിയുടെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നത്. പാണക്കാട് സാദിഖലി തങ്ങളാണ് ഇതിനെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.