'ഭീകരവാദികള്‍ ഇസ്‌ലാമിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹരല്ല'; ലണ്ടനില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അന്ത്യകര്‍മ്മം നടത്തില്ലെന്ന് മുസ്‌ലിം പുരോഹിതര്‍
World
'ഭീകരവാദികള്‍ ഇസ്‌ലാമിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹരല്ല'; ലണ്ടനില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അന്ത്യകര്‍മ്മം നടത്തില്ലെന്ന് മുസ്‌ലിം പുരോഹിതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2017, 6:29 pm

 

ലണ്ടന്‍: രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടത്തിയവര്‍ക്ക് അന്ത്യകര്‍മ്മം ചെയ്യില്ലെന്ന് മുസ്‌ലിം പുരോഹിതര്‍ തീരുമാനിച്ചു. ലണ്ടനിലെ എല്ലാ ഇമാമുമാരും ഒന്നിച്ചു ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഭീകരവാദത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നതിനെ പിന്തുണയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

130 ഇമാമുമാര്‍ക്കൊപ്പം മറ്റ് മതങ്ങളിലെ പുരോഹിതരും ഉള്‍പ്പെട്ട യോഗമാണ് ഭീകരരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ യോഗം അപലപിച്ചു. ഭീകരവാദത്തിന് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനായി തങ്ങളാല്‍ കഴിയും വിധം പ്രവര്‍ത്തിക്കുമെന്നും അവര്‍ തീരുമാനിച്ചു.


Also Read: രാമനേക്കാള്‍ മാന്യനാണ് രാവണന്‍; സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്നും ജി സുധാകരന്‍


യോഗത്തില്‍ പങ്കെടുക്കാത്ത പുരോഹിതരോടും അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭീകരവാദം പോലുള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് മതപരമായ അന്ത്യകര്‍മ്മങ്ങള്‍ക്ക് അവകാശമില്ലെന്നും യോഗം നിരീക്ഷിച്ചു.

അസഹിഷ്ണുതയും ഭിന്നിപ്പും ഉപേക്ഷിക്കണമെന്നും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും പശ്ചിമ ലണ്ടനിലെ മുസ്‌ലിം സെന്ററിന്റേയും മോസ്‌കിന്റേയും ചെയര്‍മാനായ മുഹമ്മദ് ഹബീബുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.


Don”t Miss: കോച്ചാകാനുള്ള അപേക്ഷയിലും ‘വീരു സ്റ്റൈല്‍’; ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ വെറും രണ്ട് വരിയുള്ള അപേക്ഷ നല്‍കി സെവാഗ്


ശനിയാഴ്ച രാത്രിയാണ് ലണ്ടനില്‍ ഭീകരാക്രമണം ഉണ്ടായത്. ലണ്ടന്‍ പാലത്തിലെ കാല്‍നടയാത്രക്കാരെ അതിവേഗമെത്തിയ വാന്‍ കൊണ്ട് ഇടിച്ച് തെറിപ്പിച്ചും തുടര്‍ന്ന് കത്തി കൊണ്ട് കുത്തിയും ആക്രമണം നടത്തിയത്. ഏഴ് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ 48 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണം നടത്തിയ മുന്ന് ഭീകരരെ പൊലീസ് വെടിവെച്ച് കൊന്നു. ഖുറം ഭട്ട്, റാച്ചിദ് റാഡൗനെ, യൂസഫ് സാഗ്ബ എന്നിവരെയാണ് പൊലീസ് വധിച്ചത്. ഇവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കില്ലെന്നാണ് ഇപ്പോള്‍ പുരോഹിതന്മാര്‍ തീരുമാനിച്ചിരിക്കുന്നത്.