മലപ്പുറം: ജനുവരി ഒന്നിന് നടത്താനുദ്ദേശിക്കുന്ന വനിതാ മതില്‍ പരിപാടിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വനിതാ മതിലിലൂടെ ജാതീയത ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അജണ്ട തന്നെയാണ് സി.പി.ഐ.എം ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും മജീദ് ആരോപിച്ചു.
വനിതാ മതില്‍ പരിപാടി ജാതിവിഭാഗീയത സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് എന്‍.എസ്.എസും നേരത്തെ ആരോപണം ഉന്നയിച്ചുരുന്നു. സവര്‍ണനെയും അവര്‍ണനെയും വേര്‍തിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും നവോത്ഥാനവും യുവതീ പ്രവേശവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും എന്‍.എസ്.എസ് ആരോപിച്ചിരുന്നു.
വനിതാ മതില്‍ എന്ന ആശയം സര്‍ക്കാരിന്റേതല്ലെന്നും യോഗത്തിലെ ചര്‍ച്ചയില്‍ സംഘടനകള്‍ തന്നെ മുന്നോട്ടുവച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശങ്ങള്‍ ഉറപ്പു വരുത്താനാണ് വനിതാമതില്‍ സമിതി പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ നിലപാടുകളോട് വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന സംഘടനകളെയും യോഗത്തില്‍ ക്ഷണിച്ചത് അവരുടെ നവോത്ഥാന പാരമ്പര്യം കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം വനിതാ മതില്‍ സംഘാടക സമിതിയെ കുറിച്ച് വിവാദം നിലനില്‍ക്കുന്നുണ്ട്. ഹാദിയക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശംനടത്തുകയും ശബരിമലയില്‍ വനിതകളെ തടയാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത ഹിന്ദു പാര്‍ലമന്റ് നേതാവ് സി.പി. സുഗതനെ സമിതിയുടെ ജോയിന്റ് കണ്‍വീനറാക്കിയതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.