മുസ്‌ലിം ലീഗുമായി ഇടതുപക്ഷം യോജിക്കണം, എന്തുകൊണ്ട്?
DISCOURSE
മുസ്‌ലിം ലീഗുമായി ഇടതുപക്ഷം യോജിക്കണം, എന്തുകൊണ്ട്?
ടി.ജയരാജന്‍
Friday, 15th January 2021, 1:47 pm
'അട്ടിപ്പേറവകാശം' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ മുസ്ലീം ലീഗും ഇടതുപക്ഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു വിചാരം

‘മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ല’ എന്ന പിണറായി വിജയന്റെ പ്രസ്താവനയെ ചൊല്ലി, മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വിപുലമായ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇതുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങള്‍ മുന്നോട്ടു വെക്കുന്നു.

മുസ്‌ലിം ലീഗിനെ ഇടതുപക്ഷം എങ്ങിനെ കാണണം?
ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തില്‍ അപരവത്കരണവും വംശഹത്യാ ഭീഷണിയും നേരിടുന്ന മതന്യൂനപക്ഷങ്ങളുടെ സവിശേഷ പ്രശ്‌നത്തെ ഇടതുപക്ഷം അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. ന്യൂനപക്ഷ പ്രസ്ഥാനങ്ങളോടുളള ഇടതുപക്ഷത്തിന്റെ ബന്ധവും സമീപനവും പുനര്‍ നിര്‍വചിക്കണമെന്നും മുസ്‌ലിം ലീഗ് പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഇടതു മുന്നണിയിലേക്ക് എടുക്കുമ്പോള്‍ മുന്നോട്ടു വെക്കേണ്ട നിബന്ധനകള്‍ എന്തെല്ലാമെന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങേണ്ടതുണ്ട്. ഇന്ത്യയില്‍ ഫാസിസം അധികാരാരോഹണം നടത്തിയതാണ് ഈ സവിശേഷ സാഹചര്യത്തെ സൃഷ്ടിച്ചതെന്ന് വ്യക്തമാണ്.

ഇടതുപക്ഷത്തിലെ പ്രമുഖ പാര്‍ട്ടിയായ സി.പി.ഐ.എമ്മില്‍ നിന്ന് ഈ ദിശയില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ താത്വിക പ്രസിദ്ധീകരണമായ ‘ദി മാര്‍ക്‌സിസ്റ്റി’ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലേഖനം എഴുതിയിരുന്നു. സഖാക്കള്‍ എളമരം കരീം, കെ.ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സെമിനാര്‍ പരമ്പര നടത്തുകയും ‘മുഖ്യധാര’ എന്ന പ്രസിദ്ധീകരണം നടത്തിവരികയും ചെയ്യുന്നുണ്ട്. പക്ഷെ ഇത് ക്രിയാന്മക രാഷ്ട്രീയ നടപടികളിലേക്ക് നീങ്ങുകയോ ഇതിലൂടെ ഒരു സൈദ്ധാന്തിക അടിത്തറ ഇനിയും ഒരുക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നു വേണം കരുതാന്‍.

മന്ത്രി കെ.ടി ജലീലിനെ പാര്‍ട്ടി അംഗത്വം കൊടുക്കാതെ ത്രിശങ്കുവില്‍ നിര്‍ത്തിയിരിക്കുന്നതിന്റെ പശ്ചാത്തലം ഇതാവാം. ഐ.എന്‍.എലിന്റെ എ.പി.എ. വഹാബ്, എം.എല്‍.എ പി.ടി.എ റഹീം തുടങ്ങിയവരെ നമ്പാതെ അവരെ അരുക്കാക്കി നിര്‍ത്തിയിരിക്കുന്നതും ഇതു കാരണമാണ്. പുതിയ രാഷ്ട്രീയത്തെ ഡിവൈസ് ചെയ്യുന്നതിലെ ജലീലിന്റെ പ്രാപ്തിയില്ലായ്മയും ഇതിലൊരു ഘടകമാകാം.

സി.പി.ഐ.എം വലിയ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എന്നു തന്നെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വളരെ കരുതലോടെ, ക്ഷമാപൂര്‍വ്വം വേണം ഇക്കാര്യത്തില്‍ ചുവടു വെയ്ക്കാന്‍ എന്ന് അവര്‍ കരുതുന്നുണ്ടാവാം.

ഏതാനും ദിവസം മുമ്പ് കേരളത്തിലെ പ്രമുഖ ഇടതു സൈദ്ധാന്തികന്‍ കെ.എന്‍ ഗണേശ് ലീഗ് എം.പി കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടിരുന്നു. കേരള രാഷ്ട്രീയം വിട്ട് ഡല്‍ഹിയില്‍ എത്തിയ കുഞ്ഞാലിക്കുട്ടിയ്ക്ക് കേരളത്തിലെ ഇടുങ്ങിയ രാഷ്ട്രീയ മുന്‍ഗണനകളില്‍ നിന്ന് പുറത്തുകടന്ന് ദേശീയ തലത്തിലെ ഇടതുപക്ഷവുമായി സംവദിക്കുന്നതിന് അവസരമുണ്ടായിട്ടും അതുപയോഗിക്കാതെ, കേരളത്തില്‍ തിരിച്ചു വന്ന് ജമാഅത്തുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത് എന്നായിരുന്നു വിമര്‍ശനം. ഇതില്‍ സത്യത്തില്‍ ലീഗിലെ മറ്റു നേതാക്കള്‍ക്ക് ഒരു സന്ദേശമുണ്ട്.

ന്യൂനപക്ഷ മതരാഷ്ട്രീയത്തെ അപ്പാടെ ഇടതുപക്ഷം ശത്രുപക്ഷത്തു നിര്‍ത്തുന്നു എന്ന ആക്ഷേപം ശരിയല്ല എന്നു സൂചിപ്പിക്കാനാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്.

ഇടതുപക്ഷത്തിന് ലീഗുമായി സംവദിക്കേണ്ടതിന്റെ പ്രശ്‌നം വരുമ്പോള്‍ രണ്ടു കാര്യങ്ങള്‍ നമ്മുടെ മുന്നിലേക്കു വരുന്നുണ്ട്: ലീഗിന്റെ അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയത്തിന്റെ സ്വഭാവ നിര്‍ണ്ണയം നടത്തുകയും അതനുസരിച്ച് ആ പാര്‍ട്ടിയുമായി, അല്ലെങ്കില്‍ അത്തരം രാഷ്ട്രീയവുമായി ബന്ധമുണ്ടാക്കുന്നതിന്റെ നിബന്ധനകള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത. അതനുസരിച്ചാണ് അത്തരമൊരു ബന്ധം വേണമോ വേണ്ടയോ എന്ന് പോലും നിശ്ചയിക്കപ്പെടുക.

രണ്ടാമത്, കഴിഞ്ഞ കാലങ്ങളില്‍ പലതും നടന്നിട്ടുണ്ടാകാം. ഭൂതകാലത്തിന്റെ തടവറയില്‍ കിടന്നാണോ ഈ വിഷയത്തെ ഇപ്പോഴും സമീപിക്കേണ്ടത് എന്ന വിഷയം.

ഉത്ഭവപരമായി എന്തായിരുന്നു എന്ന പരിശോധനയിലൂടെ ഏതൊന്നിന്റെയും സ്വഭാവ നിര്‍ണ്ണയം ചെയ്യാനാവും എന്നാണ് ഞാന്‍ കരുതുന്നത്. 1956ല്‍ കേരളത്തില്‍ പുന:സംഘടിപ്പിക്കപ്പെട്ട മുസ്‌ലിം ലീഗിന് ഇന്ത്യാവിഭജനം ആവശ്യപ്പെട്ട മുസ്‌ലിം ലീഗില്‍ നിന്ന് വിച്ഛേദനം ഉണ്ട് എന്ന് അവര്‍ അവകാശപ്പെടാറുണ്ട്.

അതിന്റെ മെറിറ്റ്‌സ് പരിശോധിയ്ക്കുന്നതിലേക്ക് ഇവിടെ കടക്കുന്നില്ല. പക്ഷെ രണ്ടിന്റെയും ദൗത്യം ഒന്നു തന്നെയായിരുന്നു എന്നതാണ് കാര്യം. ഒന്നാം ലോക മഹായുദ്ധാനന്തരം ഇന്ത്യന്‍ ജനതയ്ക്ക് സ്വയംഭരണം നല്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബ്രിട്ടീഷ് കോളോണിയലിസ്റ്റുകള്‍ പറയുന്നതു മുതല്‍ക്കാണ് ലീഗിന് സാംഗത്യം ലഭിച്ചു വരുന്നത്.

കോളനി ഭരണം നടത്തുന്നവര്‍ക്ക് ജനങ്ങളിലേവര്‍ക്കും പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും അനുവദിക്കുന്നതും ക്ഷേമരാഷ്ട്രം നടപ്പാക്കുന്നതും അനനുവദനീയമായ ആര്‍ഭാടങ്ങളായിരുന്നു. ഭരണകൂടത്തിന് പൗരനോട് ഉടമ്പടിയുണ്ടാകുക എന്ന അനിവാര്യതയെ ഒഴിവാക്കുന്നതിനായി കൊളോണിയലിസ്റ്റുകള്‍ സമൂഹത്തെ പരസ്പരം മത്സരിക്കുകയും പോരടിക്കുകയും ചെയ്യുന്ന സമുദായങ്ങള്‍, ജാതികള്‍, മതങ്ങള്‍ തുടങ്ങിയവയുടെ കൂട്ടമായിട്ടാണ് കണ്ടത്.

ഈ ജനവിഭാഗങ്ങളുടെ നേതൃത്വവുമായാണ് കൊളോണിയല്‍ ഭരണകൂടം ഉടമ്പടിയുണ്ടാക്കിയത്. ഈ നേതൃത്വങ്ങളാവട്ടെ പ്രത്യുപകാരമായി ജനങ്ങളെ ഭരണകൂടത്തിനു വേണ്ടി നിയന്ത്രിക്കുകയും അവരുടെ ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള തൃഷ്ണകളെ അടക്കി നിര്‍ത്തുകയും വേണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച ‘അട്ടിപ്പേറവകാശം’ ഇന്ത്യയില്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു ജനാധിപത്യപൂര്‍വ്വ അവസ്ഥയിലാണ് ഈ അവകാശം പ്രവര്‍ത്തിക്കുന്നത് എന്നാണ്. ജനാധിപത്യം അനുവദിക്കാന്‍ വിസ്സമ്മതിക്കുന്ന ഭരണകൂടം, ഒരു പൗരസമൂഹമായി മാറാത്ത ജനത, സ്വയം പൗരന്മാരായി കണക്കാക്കാതെ ഒരു മത, ജാതി സമുദായാംഗം മാത്രമായി കാണുന്ന വ്യക്തികള്‍, വിഭവങ്ങളുടെയും അവസരങ്ങളുടെയും പരമമായ ദാരിദ്ര്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഈ അട്ടിപ്പേറവകാശത്തെ നിലനിര്‍ത്തുന്നു – ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ജനാധിപത്യത്തിന്റെ അവികസിതാവസ്ഥ .

സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യത്തെ വികസിപ്പിക്കുന്നതിനു പകരം ഒരു വശത്ത് തെരഞ്ഞെടുപ്പുകളും ജനാധിപത്യ സംവിധാനങ്ങളും നിലനിര്‍ത്തുമ്പോള്‍ തന്നെ മറുവശത്ത് കോണ്‍ഗ്രസ് ചെയ്തത് ചില സമവാക്യമനുസരിച്ച് ഇത്തരം വിവിധ സമുദായ, ജാതി നേതൃത്വങ്ങളുടെ ഐക്യം ഉണ്ടാക്കലും അധികാരത്തിന്റെ വീതം വെപ്പുമായിരുന്നു. മതന്യൂനപക്ഷങ്ങളെ ജാതികളായി പരിഗണിച്ചാല്‍ (അതില്‍ തെറ്റില്ല തന്നെ) സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയം അടിസ്ഥാനപരമായി ജാതി രാഷ്ട്രീയമായിരുന്നു.

ഇത്തരത്തില്‍ സ്വസമുദായാംഗങ്ങള്‍ക്കു മേല്‍ അട്ടിപ്പേറവകാശം ലഭിച്ച ജാതി സമുദായ നേതൃത്വങ്ങള്‍ തങ്ങളുടെ സമുദായത്തിന്റെ നിയന്ത്രണത്തിനായി അവലംബിച്ച പ്രധാന വഴി അതിലെ സ്ത്രീകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥ സഹസ്രാബ്ദങ്ങളായി ഇതേ കാര്യമാണ് ചെയ്തിരുന്നത്. അതുകൊണ്ടാണ് ജാതി നേതൃത്വങ്ങള്‍ ഇതേ കാര്യം തുടര്‍ന്നും ചെയ്യാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നത്. സ്വതന്ത്ര ഇന്ത്യയിലും ജാതിവ്യവസ്ഥ ശക്തമായതിന്റെ കാരണം ഇതാണ്. കൊളോണിയല്‍ ഇന്ത്യയിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക രാഷ്ട്രീയ വിവാദങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ടവ ആയിരുന്നുവെന്ന് കാണാം.

സ്വതന്ത്ര ഇന്ത്യയിലും ഇതു തന്നെയാണവസ്ഥ. സ്ത്രീയോടു ബന്ധപ്പെട്ട വിഷയമാണെങ്കില്‍ ജാതി സമുദായ നേതൃത്വത്തിന് ഹാലിളകുകയും കൊടുങ്കാറ്റ് വിതയ്ക്കുന്ന രാഷ്ടീയ വിവാദം പിന്നാലെ വരികയും ചെയ്യും. പെണ്‍കുട്ടികള്‍ക്കും പിന്തുടര്‍ച്ചാവകാശം നല്കുക, വിവാഹ മോചിതയ്ക്ക് ജീവനാംശം നല്കുക, ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്കുക തുടങ്ങിയ കേവലം നിസ്സാരമായ വിഷയങ്ങള്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമാകുന്നത് ജാതി സമുദായ രാഷ്ട്രീയത്തിന്റെ ഈ പ്രത്യേക ബലതന്ത്ര പ്രകാരമാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്തീ പ്രവേശനം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കേന്ദ്ര നിയമം തുടങ്ങിയവ ഇതിന്റെ സമീപകാല ഉദാഹരണങ്ങളാണ്. പെണ്‍മക്കളുടെ പിന്തുടര്‍ച്ചാവകാശത്തിന്റെ വിഷയമുന്നയിച്ച മേരി റോയ് കേസ്, വിവാഹ മോചിതയുടെ ജീവനാംശപ്രശ്‌നമുന്നയിച്ച ഷഹ്ബാനു കേസ്, തുടര്‍ന്നുണ്ടായ ശരിഅത്ത് വിവാദം തുടങ്ങിയവയെല്ലാം ഇതിന്റെ മുന്‍ ഉദാഹരണങ്ങളായിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ തദ്ദേശീയമായി രൂപപ്പെടുന്ന ജാതി ചേരുവകള്‍ക്കനുസരിച്ച് വിവിധ ജാതി നേതൃത്വങ്ങള്‍ക്ക് അധികാരം പങ്കിട്ടുകൊടുക്കുന്ന കോണ്‍ഗ്രസ്സ് പരിപാടി മുന്നോട്ടു പോയത് ഒരു വശത്ത് ജനാധിപത്യവല്‍ക്കരണത്തെയും പൗര സമൂഹ രൂപീകരണത്തെയും നിര്‍ത്തിവെപ്പിച്ചപ്പോള്‍ മറുവശത്ത് ജാതി നേതൃത്വങ്ങള്‍ക്ക് അനര്‍ഹമായി ആധികാരികത ലഭ്യമാക്കി. ഈ ആധികാരികത അവര്‍ക്ക് നല്കിയത് അവര്‍ക്ക് ലഭ്യമായ അധികാര പങ്കാളിത്തമായിരുന്നു. അതുകൊണ്ട് അധികാരമില്ലാത്ത അവസ്ഥയില്‍ ഇത്തരം നേതൃത്വങ്ങള്‍ വെള്ളത്തില്‍ നിന്ന് കരയിലേയ്‌ക്കെടുത്തിട്ട മീനിന്റെ അവസ്ഥയില്‍ ആകും.

ഇത്തരത്തിലുള്ള രാഷ്ട്രീയം ജനാധിപത്യത്തെ അപചയപ്പെടുത്തിയപ്പോള്‍ അതേ രാഷ്ട്രീയ വഴികളിലൂടെ കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കി കേന്ദ്രത്തില്‍ അധികാരം സ്ഥാപിച്ചെടുക്കാന്‍ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്ക് കഴിഞ്ഞു. അതേ രാഷ്ട്രീയ മൂശയിലുളള മുസ്‌ലിം ലീഗിന് ഈ അവസരത്തില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ പോരാടാന്‍ കഴിയുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം.

മാത്രവുമല്ല, അധികാരം ജീവനാഡിയായ മുസ്‌ലിം ലീഗിന് അതു ലഭിക്കുന്നതിന് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായി അധികാരം പങ്കിടുന്നതിനു വരെ ഒരുങ്ങിയേക്കും എന്നൊരു അവസ്ഥയുണ്ട്. ഒരിക്കല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ എന്‍.ഡി.എ ക്ക് ലഭ്യമല്ലാതെ വന്ന സ്ഥിതിയില്‍, എന്‍.ഡി.എ ഓഫീസില്‍ നിന്ന് ഫോണ്‍ വിളിക്ക് കാത്തു നിന്ന മുസ്‌ലിം ലീഗ് എം.പി ഇ. അഹമ്മദിന്റെ ചിത്രം അപ്രിയമെന്നതു കൊണ്ട് ഏവരും മറക്കണം എന്നില്ലല്ലോ.

മുസ്‌ലിം ലീഗിനെ ഇവ്വിധം സ്വഭാവ നിര്‍ണ്ണയം നടത്തുമ്പോഴും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവുമായി പൊതുവിലും മുസ്‌ലിം ലീഗുമായി പ്രത്യേകിച്ചും ഇനിയെന്ത് സമീപനം സ്വീകരിക്കണം എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. കാരണം നേരത്തേ പറഞ്ഞ പോലെ കേന്ദ്രത്തില്‍ ഫാസിസം അധികാരത്തില്‍ വന്നിരിക്കുന്നത് പുതിയൊരു സാഹചര്യത്തെ സൃഷ്ടിച്ചിട്ടുണ്ട്.

ഫാസിസത്തെ തകര്‍ക്കാനും അതിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും ഇന്ത്യയില്‍ വലിയൊരു ജനകീയ മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ പുനര്‍നിര്‍വചിക്കുന്നതിനും പുനര്‍രചിക്കുന്നതിനുമുള്ള മുന്നേറ്റം ആയിരിക്കുമത്. പുതിയൊരു ദേശീയ പ്രസ്ഥാനവും ജനാധിപത്യ പ്രസ്ഥാനവുമായിരിക്കും അത്. അതില്‍ മുസ്‌ലിം ജനവിഭാഗത്തിന്റെ ഭാഗധേയം ഉണ്ടാവേണ്ടതുണ്ട്.

ഇതിനായി നിബന്ധനകള്‍ രൂപപ്പെടുത്തുമ്പോള്‍ ഇടതുപക്ഷത്തിന് എന്തെങ്കിലും രഹസ്യ അജണ്ടകള്‍ സൂക്ഷിക്കേണ്ട കാര്യമില്ല. അതിന്റെ തുടക്കവും ഒടുക്കവും ജനാധിപത്യത്തോട് ബന്ധപ്പെട്ടതാണ്. സുതാര്യമാണത്. ‘ജനാധിപത്യവല്ക്കരിക്കുക’ എന്ന ഒറ്റവാക്കില്‍ അത് ഒതുക്കുവാനാകും.

പക്ഷെ, അതിന്റെ വിപുലീകൃത രൂപത്തിന് ദൂരവ്യാപക ഫലങ്ങള്‍ ഒട്ടേറെയുണ്ട്. ഉദാഹരണത്തിന്, ജനാധിപത്യാശയത്തിന് വിരുദ്ധമാകയാല്‍ മതരാഷ്ട വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള സംഘടനകളും തീവ്രവാദം ഉയര്‍ത്തുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ.്ഡി.പി.ഐ പോലുളള സംഘടനകളും ആ നിബന്ധന പ്രകാരം പുറത്താകും. ജനാധിപത്യത്തിന് വിരുദ്ധമാകയാല്‍ സമുദായാംഗങ്ങള്‍ക്കു മേലുള്ള ചില നേതൃത്വങ്ങളുടെ അട്ടിപ്പേറവകാശം ചോദ്യം ചെയ്യപ്പെടും.

ചില മിത്തുകളാല്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ അധികാരസ്ഥാനം, അവര്‍ വ്യക്തിപരമായി സൗമ്യരും സ്‌നേഹമസൃണരുമെന്ന ന്യായീകരണം കൊണ്ടൊന്നും ജനാധിപത്യത്തിന്റെ മുന്നില്‍ നീതീകരിക്കപ്പെടുന്നതല്ല. ജനജീവിതവുമായി ജൈവികബന്ധം കാത്തുസൂക്ഷിക്കുന്ന ബുദ്ധിജീവികളും മതപണ്ഡിതരും പുരോഹിത വിഭാഗങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെയും ജനാധിപത്യ മുന്നേറ്റത്തിന്റെയും ഭാഗമായി നിലകൊണ്ട മുന്നനുഭവങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ ഏറെയുണ്ട്.

സൂക്ഷ്മമായി പരിശോധിച്ചാല്‍ കേരളത്തിലെ സുന്നി വിഭാഗത്തുണ്ടായ പിളര്‍പ്പ് സമുദായത്തിന്റെ ‘അട്ടിപ്പേറവകാശം’ കൈയാളുന്ന മുസ്‌ലിം ലീഗ് നേതൃത്വവുമായിട്ടാണോ അതോ ദേശീയ പ്രസ്ഥാന നേതൃത്വമായ കോണ്‍ഗ്രസ്സുമായിട്ടാണോ ഒത്തുപോകേണ്ടത് എന്ന പ്രശ്‌നത്തെ മുന്‍ നിര്‍ത്തിയായിരുന്നു – പിന്നീട് ഈ വേര്‍തിരിവിന്റെ പ്രാധാന്യം മാഞ്ഞു പോയെങ്കിലും.

പുതിയ ഘട്ടത്തിലും ഇത്തരം ദിശാബോധം നല്കാന്‍ സമുദായത്തിലെ ജൈവ ബുദ്ധിജീവികള്‍ രംഗത്തു വരേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ സമൂഹത്തിലെ ധനിക വര്‍ഗങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കാനാണോ അതോ സാധാരണ ജനങ്ങളുടെ ഒപ്പം നില്ക്കാനാണോ ശ്രമിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ ഉയരും. പ്രാഥമികമായി ഒരു സമുദായം എന്നതിലേറെ ഒരു പൗരസമൂഹമായി മാറേണ്ടതിന്റെ ആവശ്യകതയുമുണ്ട്. സാമുദായിക സ്വത്വം എന്നത് ഒരു പൗരന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ വിഷയമായി പരിമിതപ്പെടണം. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ദേദഗതി നിയമങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ രൂക്ഷമായി ഉയര്‍ന്നു വരും.

ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രസ്ഥാനം രൂപപ്പെടലിന്റെ ഘട്ടത്തിലാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കര്‍ഷകസമരം ഈ പ്രക്രിയയുടെ ആക്കം വര്‍ദ്ധിപ്പിക്കും. പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന സമരങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം കൊണ്ടും വര്‍ഗീയമായി സമരം വ്യതിചലിക്കുന്നതിനെതിരായ കരുതല്‍ കൊണ്ടും മുസ്‌ലിം ജനവിഭാഗത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. ഈയൊരു ഘട്ടത്തില്‍ ഇടതുപക്ഷവും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധം അവിശ്വാസത്തിന്റേതോ ശത്രുതാപരമോ ആകുന്നത് ആശ്വാസ്യമല്ല. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറുവാന്‍ ഇരു കൂട്ടരും സന്നദ്ധമായി ക്കൊണ്ടും സംവാദാത്മക സാഹചര്യം സൃഷ്ടിച്ചു കൊണ്ടുമാണ് ആ ബന്ധം സ്വാഭാവികമായി വളരേണ്ടത്.

പക്ഷെ ഈയൊരു ബന്ധം വളര്‍ത്തിയെടുക്കുന്നതിനോട് ധനാത്മക സമീപനം സ്വീകരിക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ക്ക്, പ്രത്യേകിച്ച് അതിന്റെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കള്‍ക്ക് ‘ഭൂതകാലത്തിന്റെ തടവറയില്‍’ കഴിയുന്നതിനാല്‍ കഴിയുന്നില്ല. മുന്‍കാലങ്ങളിലെ സെക്ടേറിയനായ വിഷയങ്ങളിലെ ആശയ സമരങ്ങളിലൂടെ സംഭവിച്ച പ്രത്യയ ശാസ്ത്ര സ്ഥൈര്യം ഇക്കാര്യത്തില്‍ വലിയ വിഘാതമാണ്.

‘ബദല്‍ രേഖ’യുടെ പ്രേതം ഇപ്പോഴും വിട്ടുപോയിട്ടില്ലെന്നു വേണം കരുതാന്‍. ഈ ആശയ സമരം രൂപപ്പെടുത്തിയ പ്രത്യയ ശാസ്ത്ര നിര്‍മ്മിതിയാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന സ: എ വിജയരാഘവന്റേതും എന്നത് വ്യക്തിപരമായ ഒരു പിഴവായി എടുക്കേണ്ടതില്ല എങ്കിലും മുസ്‌ലിം ലീഗിനോടുള്ള എതിര്‍പ്പ് മുസ്‌ലിങ്ങളോടും അതിന്റെ പ്രാതിനിധ്യത്തോടുമുള്ള ശത്രുതയായി വളരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് സവര്‍ണ്ണ പക്ഷപാതിത്വത്തിന്റെ ജീര്‍ണ്ണ ഇടങ്ങള്‍ അതിന്റെ അറിയാസ്ഥലങ്ങളില്‍ തിടം വെച്ചുവരുന്ന സാഹചര്യത്തില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim Leage should join with  LDF why