അമേരിക്കന്‍ പ്രസിഡന്റൊഴിച്ച് എല്ലാവരും ആ പാട്ട് പാടിയിട്ടുണ്ട്, അദ്ദേഹവും കൂടി അത് പാടുന്നത് കേള്‍ക്കണം: ശരത്
Entertainment news
അമേരിക്കന്‍ പ്രസിഡന്റൊഴിച്ച് എല്ലാവരും ആ പാട്ട് പാടിയിട്ടുണ്ട്, അദ്ദേഹവും കൂടി അത് പാടുന്നത് കേള്‍ക്കണം: ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd September 2022, 5:00 pm

മലയാളികള്‍ക്ക് ഗൃഹാതുരസ്മരണയുണര്‍ത്തുന്ന, ആളുകള്‍ എന്നും ഓര്‍ത്തുപാടുന്ന ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്.

19ാം വയസ്സില്‍ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ശരത് സംഗീതസംവിധാനരംഗത്തേയ്ക്ക് കാലെടുത്തു വെക്കുന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്.

23ാം വയസിലാണ് അദ്ദേഹം പവിത്രം എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നത്. ‘ശ്രീരാഗമോ…’ എന്നു തുടങ്ങുന്ന ശരത്തിന്റെ മാഗ്നം ഓപസ് ഗാനം എന്നെന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്.

 

ശരത്തിന്റെ ഈണത്തിനൊപ്പം യേശുദാസിന്റെ ശബ്ദവും മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സും കൂടിയായപ്പോള്‍ ആ പാട്ടിന്റെ ലെവല്‍ ഒന്നുകൂടി ഉയര്‍ന്നു. ഒരുപക്ഷേ ഏറ്റവുമധികം കവര്‍ വേര്‍ഷന്‍ വന്നിട്ടുള്ള മലയാളം പാട്ടും ഇതുതന്നെയായിരിക്കാം.

ശ്രീരാഗമോ എന്ന പാട്ടിനെ കുറിച്ചും പാട്ടിന്റെ കവറിനെ കുറിച്ചും ബിഹൈന്‍ഡ് വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശരത്.

പലരും ആ ഗാനം കവര്‍ ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരും ആ പാട്ട് പാടിയിട്ടുണ്ടെന്നും ഇനി അദ്ദേഹം കൂടി ആ പാട്ട് പാടുന്നത് കേള്‍ക്കണമെന്നുമാണ് ശരത് പറയുന്നത്.

ചില കവര്‍ സോങ് കേള്‍ക്കാന്‍ ഇമ്പമുള്ളതാണെന്നും എന്നാല്‍ ചിലര്‍ അത് കവര്‍ പാടി ‘കബറടക്കി’ എന്നുമാണ് ശരത് പറയുന്നത്.

‘ചിലതൊക്കെ നല്ലതാണ്. എന്നാല്‍ ചിലത് ഓവറാക്കുകയാണ്. നമ്മള്‍ ഒരു സോള്‍ കണ്ടെത്തിയാണ് ഒരു കോംപോസിഷന്‍ ചെയ്യുന്നത്. ഇതിന് ഇന്നതാണ് വേണ്ടത് എന്നെല്ലാം മനസിലാക്കിയാണ് നമ്മള്‍ അത് ചെയ്യുന്നത്.

ഒരു സ്‌കെല്‍ട്ടണ്‍ കിട്ടിയാല്‍ അതിനെ എത്രത്തോളം വലുതാക്കാന്‍ ഒരു ടാലന്റുള്ള പാട്ടുകാരന് പറ്റും. എന്നാല്‍ അത് അനിവാര്യമാണോ എന്നത് വളരെ സീരിയസായി ആലോചിക്കേണ്ട ഒരു സംഭവമാണ്.

ചില കവര്‍ വേര്‍ഷനൊക്കെ നല്ലതാണ്. എന്നാല്‍ ചിലത് കവറല്ല, ഖബറാണ്. പലരും അതിനെ കബറടക്കിയിട്ടുമുണ്ട്. പിന്നെ എല്ലാവര്‍ക്കും ആഗ്രഹമല്ലേ… പാടട്ടെ… അല്ലാതെ എന്തുപറയാനാ,’ ശരത് പറയുന്നു.

Content Highlight: Music director Sarath about Sreeragamo song and its cover versions