ഇതിനുള്ള മറുപടി ഞാന്‍ ഡിക്ഷ്ണറി നോക്കിയ ശേഷം പറയാമെടാ; പൃഥ്വിയുമായുള്ള വഴക്കിനെ കുറിച്ച് ദീപക് ദേവ്
Movie Day
ഇതിനുള്ള മറുപടി ഞാന്‍ ഡിക്ഷ്ണറി നോക്കിയ ശേഷം പറയാമെടാ; പൃഥ്വിയുമായുള്ള വഴക്കിനെ കുറിച്ച് ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th November 2021, 12:40 pm

പൃഥ്വിരാജുമൊത്തുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വിയുടെ ചിത്രത്തിന് സംഗീതം ചെയ്യുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്.

ഞങ്ങളുടെ തമാശകളെല്ലാം വഴക്കിലാണ് നടക്കുന്നതെന്നായിരുന്നു ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദീപക് ദേവ് പറഞ്ഞത്.

ഞാനും പൃഥ്വിയും പരിചയപ്പെട്ട കാലം തൊട്ട് വഴക്കിലൂടെ നല്ല വര്‍ക്കില്‍ എത്തുക എന്ന ഒരു രീതിയാണ് പിന്തുടരുന്നത്. വഴക്ക് കൂടിയില്ലെങ്കില്‍ രണ്ട് പേരും അണ്‍കംഫര്‍ട്ടിള്‍ ആണ്. വഴക്ക് എന്ന് പറഞ്ഞാല്‍ തര്‍ക്കം.

ചിലപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ ഏതെങ്കിലും ട്യൂണ്‍ പുള്ളിക്ക് ഇഷ്ടപ്പെടില്ല. അത് കൊള്ളില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ തര്‍ക്കിക്കും. കൊള്ളില്ല എന്ന് പറയണ്ട നിങ്ങളുടെ പടത്തിന് പറ്റില്ല എന്ന് പറ എന്നായിരിക്കും എന്റെ മറുപടി.

നേരിട്ട് സംസാരിക്കുന്നതിനേക്കാളും കഠിനമായ പ്രയോഗങ്ങളാണ് വാട്‌സ് ആപ്പ് ടെക്സ്റ്റില്‍ വരുന്നത്. ഒരിക്കല്‍ ഇങ്ങനെ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കെ പുള്ളി എന്തോ ഒരു വാക്ക് ടൈപ്പ് ചെയ്തു. ഇത് നോക്കിയ ശേഷം, ഇതിനുള്ള ഉത്തരം ഞാന്‍ ഇപ്പോള്‍ തരുന്നില്ല, ഗൂഗിളില്‍ പോയി തപ്പിയിട്ട് ഞാന്‍ തിരിച്ചുവരുന്നതായിരിക്കും എന്ന് പറഞ്ഞ് അവസാനിപ്പിച്ചു.

എന്താ പറഞ്ഞതെന്ന് നമുക്ക് മനസിലാക്കണമല്ലോ. ഫോണ്‍ ആയതുകൊണ്ട് ആ ആപ്പ് പൂട്ടി ഗൂഗിളില്‍ പോയി അര്‍ത്ഥം തിരഞ്ഞാല്‍ കിട്ടും. പക്ഷേ ചില സമയത്ത് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറഞ്ഞുകളയും (ചിരി), ദീപക് ദേവ് പറയുന്നു.

ഇപ്പോഴത്തെ മലയാളം ഗാനങ്ങളെ കുറിച്ചും അഭിമുഖത്തില്‍ ദീപക് ദേവ് സംസാരിക്കുന്നുണ്ട്. ഇപ്പോഴത്തെ മലയാളം പാട്ടുകള്‍ സ്ട്രിക്ട്‌ലി മലയാളം അല്ല. പഴയ പാട്ടുകള്‍ പോലെ അല്ല ഇപ്പോഴത്തെ ജനറേഷന് ആഗ്രഹിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത ക്ലാസിക്കലോ ഡെപ്തുള്ള ലിറിക്‌സോ അല്ല, വളരെ സിംപിളായിട്ടുള്ള ഗാനങ്ങളാണ് അവര്‍ക്ക് വേണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പാട്ടുകളിലും ആ രീതി വന്നിട്ടുണ്ട്.

സംഗീത സംവിധായകന്‍ എന്ന രീതിയിലുള്ള തന്റെ ലൈഫ്, പ്ലാന്‍ ചെയ്ത് കൊണ്ടുപോയതല്ലെന്നും ആഗ്രഹിച്ചത് കിട്ടിയില്ലെങ്കില്‍ ആ തൃപ്തിയില്ലായ്മ യാത്രയിലുടനീളം ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ ഒന്നും ആഗ്രഹിക്കാതെ എന്‍ജോയ് ചെയ്ത് മുന്നോട്ട് പോകുകയാണെന്നും ദീപക് ദേവ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Music Director Deepak Dev About prithviraj