പകല്‍ മുഴുവന്‍ സംഗീതം, എണ്ണം നോക്കാതെ ഫോണ്‍വിളി; ജയിലില്‍ പുതിയ പരിഷ്‌കരണങ്ങളുമായി ഋഷിരാജ് സിങ്
Kerala News
പകല്‍ മുഴുവന്‍ സംഗീതം, എണ്ണം നോക്കാതെ ഫോണ്‍വിളി; ജയിലില്‍ പുതിയ പരിഷ്‌കരണങ്ങളുമായി ഋഷിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 8:14 am

കൊല്ലം: ജയില്‍ തടവുകാര്‍ക്കിടയിലെ ആത്മഹത്യ തടയാന്‍ പുതിയ പദ്ധതികള്‍ നിര്‍ദേശിച്ച് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്.

തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ രാവിലെ ആറു മണിമുതല്‍ വൈകിട്ട് എട്ടുവരെ എഫ്.എം റേഡിയോ കേള്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മാസികകള്‍ വാങ്ങി വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്.

ബന്ധുക്കളുടെ ഫോണ്‍ നമ്പറിലേക്ക് എണ്ണം നോക്കാതെ വിളിക്കുന്നതിനും ഇനിമുതല്‍ അനുമതിയുണ്ടാകും. ഫോണ്‍വിളിക്കാന്‍ മടിക്കുന്നവരെയും താത്പര്യക്കുറവ് കാണിക്കുന്നവരെയും പ്രോത്സാഹിപ്പിക്കാനും നിര്‍ദേശമുണ്ട്.

ഇതിന് പുറമെ മാനസിക പിരുമുറുക്കം കുറയ്ക്കുന്നതിന് വ്യായാമം നിര്‍ബന്ധമാക്കുകയും, ആഴ്ചയിലൊരിക്കല്‍ കൗണ്‍സിലിങ്ങ് ക്ലാസ് നടത്തുകയും ചെയ്യും.

കൗണ്‍സിലിങ്ങിനായി സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പാനല്‍ തയ്യാറാക്കും. തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപെടാന്‍ ഒരു അസിസ്റ്റഡ് പ്രിസണ്‍ ഓഫീസറെ നിയമിക്കുകയും ചെയ്യും.

ജയില്‍ തടവുകാര്‍ക്ക് ശിക്ഷ കഴിയുമ്പോള്‍ സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാന്‍ കഴിയുംവിധം തുടര്‍ച്ചയായി മാനസിക ആരോഗ്യ പരീശലനം ഉറപ്പുവരുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങളും കമ്മീഷന്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.

ദീര്‍ഘകാല ശിക്ഷയുടെ ആഘാതം, പരോള്‍ നിഷേധിക്കപ്പെട്ടത്, ഏകാന്തതടവ്, രോഗാവസ്ഥ, മാനസികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Jail DGP Rishiraj singh introduces new measures to prevent suicide among Prisoners