ഉമര്‍ ഫൈസി മുക്കത്തിന് പിന്തുണയുമായി മുശാവറ അംഗങ്ങള്‍
Kerala News
ഉമര്‍ ഫൈസി മുക്കത്തിന് പിന്തുണയുമായി മുശാവറ അംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2024, 8:44 am

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തെ പ്രതിരോധിക്കാന്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി.

സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് മറുപടി നല്‍കാന്‍ കമ്മിറ്റി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇന്ന് (വ്യാഴാഴ്ച) കോഴിക്കോട്, എടവണ്ണപ്പാറ എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങള്‍ നടക്കുക.

എന്നാല്‍ ലീഗിന് തിരിച്ചടിയെന്നോണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളായ ഒമ്പത് പേര്‍ ഉമര്‍ ഫൈസിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. മതവിധി പറയുന്ന പണ്ഡിതമാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ച് തെറ്റായ വിധത്തില്‍ ചിത്രീകരിക്കുന്നത് ഖേദകരമാണെന്ന് മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഉമര്‍ ഫൈസിക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും മുശാവറ അംഗങ്ങള്‍ വ്യക്തമാക്കി. സമസ്ത പ്രസിഡന്റ് ഉള്‍പ്പടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പോലും ഇതാവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ സമസ്ത പ്രതിഷേധം അറിയിച്ചതാണ്. എന്നാല്‍ നടപടിയുണ്ടാകുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

യു.എം. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.എം. അബ്ദുസലാം ബാഖവി വടക്കേക്കാട്, ഐ.ബി. ഉസ്മാന്‍ ഫൈസി എറണാകുളം, ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുല്‍ ഫൈസി തോടാര്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

ഖാസിയാകാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ യോഗ്യനല്ലെന്നാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. പിന്നാലെ യൂത്ത് ലീഗ് നേതാവ് ഉമര്‍ ഫൈസിക്കെതിരെ മലപ്പുറം എസ്.പിക്ക് പരാതി നല്‍കുകയുമുണ്ടായി.

കൂടാതെ ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയുണ്ടായി. ഇതിനുപിന്നാലെയാണ് ഉമര്‍ ഫൈസിക്ക് പിന്തുണ അറിയിച്ച് മുശാവറ അംഗങ്ങള്‍ തന്നെ പ്രതികരിച്ചിരിക്കുന്നത്.

ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്ത സ്വീകരിക്കുന്ന നിലപാടില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. സാദിഖലി തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ സമസ്തയ്ക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാല്‍ പോരെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ സമസ്തയുമായി ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രസ്താവനയുടെ പൂർണരൂപം:

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന:

കോഴിക്കോട്: മത വിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധര്‍മമാണ്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ദുഷ് പ്രചരണങ്ങളും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല.

മത പണ്ഡിതന്മാരെയും സമൂഹംഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്തു വര്‍ധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു.

സമസ്ത പ്രസിഡന്റ് ഉള്‍പ്പടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപെട്ട ആളുകള്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പെടെ ഉത്തവാദിത്വപ്പെട്ട നേതാക്കള്‍ നിരന്തരം ഇതാവര്‍ത്തിക്കുന്നതില്‍ സമസ്ത നേതൃത്വം നേരെത്തെ പ്രധിഷേധം അറിയിച്ചതാണ്. ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തിയ കാര്യമാണ്.

കേരള മുസ്‌ലിങ്ങളിലെ സിംഹഭാഗത്തെ പ്രധിനിധികരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതില്‍ സലഫി-ജമാഅത്ത്-തീവ്ര വാദ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇസ്‍ലാമിലെ പരിഷ്‌കരണ വാദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് നിമിത്തമായിട്ടുള്ളത്.

സി.ഐ.സി വിഷയത്തില്‍ സയ്യിദ്സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉള്‍പെടെയുള്ള മധ്യസ്ഥന്മാര്‍ പലവട്ടം എടുത്ത മധ്യസ്ഥ തീരുമാനങ്ങള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞെന്നു മാത്രമല്ല മധ്യസ്ഥന്മാര്‍ വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാറ്റി നിര്‍ത്തപ്പെട്ടയാളെ വീണ്ടും ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് സമുദായത്തിനിടയിലെ ഐക്യം നിലനിര്‍ത്തിയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും പ്രധാന്യം നല്‍കിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയണം.

Content Highlight: Mushavara members support Umar Faizi’s move