കോഴിക്കോട് : നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജ് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ കാര്യത്തില്‍ തനിക്ക് അഭിപ്രായ വ്യത്യസമുണ്ടായിരുന്നെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ശെല്‍വരാജിന് പകരം മറ്റൊരാളായിരുന്നെങ്കില്‍ ഭൂരിപക്ഷം ഇനിയും കൂടിയേനെ. ഇടതുമുന്നണിക്ക് അനുകൂലമാകാതിരിക്കാനാണ് താന്‍ ശെല്‍വരാജിനെ പിന്തുണച്ചതെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ശെല്‍വരാജിന് പകരം മറ്റൊരാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഭൂരിപക്ഷം 25000 ആകുമായിരുന്നു. ചിലരുടെ അവകാശവാദങ്ങള്‍ യു.ഡി.എഫിന്റെ വോട്ട് കുറയ്ക്കാന്‍ കാരണമായെന്ന് പറഞ്ഞ് ലീഗിനെയും മുരളി വിമര്‍ശിച്ചു. താമരയ്ക്കും വോട്ടുചെയ്യാമെന്ന് ജനങ്ങളെ ചിന്തിപ്പിക്കാന്‍ ഇത് കാരണമായി. ഈ അപകടസൂചന യു.ഡി.എഫ് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ക്ക് വോട്ടുകൂടിയതിന്റെ ഗുണം ലഭിച്ചത് യു.ഡി.എഫിനാണെന്നും ഒ. രാജഗോപാലല്ലായിരുന്നെങ്കില്‍ ബി.ജെ.പി.ക്ക് വോട്ടുകുറയുമായിരുന്നെന്നും മുരളി വ്യക്തമാക്കി.
അതേസമയം യുഡിഎഫിലെയും കോണ്‍ഗ്രസിലെയും സംഘടനാ ദൗര്‍ബല്യമാണ് നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറച്ചതെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇപ്പോള്‍ കിട്ടിയതിന്റെ രണ്ടിരട്ടി ഭൂരിപക്ഷം കിട്ടേണ്ടതായിരുന്നു.
മന്ത്രിസഭയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ തന്റെ അഭിപ്രായമെന്നും ഹസന്‍ വ്യക്തമാക്കി.