Entertainment
തലയ്ക്കടിച്ചുകൊല്ലുക, ഗര്‍ഭിണികളെ ഉപദ്രവിക്കുക അങ്ങനത്തെ പരിപാടിയൊന്നും ബസൂക്കയിലില്ല: സിദ്ധാര്‍ത്ഥ്

ഡിനോ ഡെന്നിസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഭ്രമയുഗത്തിന് ശേഷം സിദ്ധാര്‍ത്ഥും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

ബസൂക്കയുടെ ഷൂട്ടായിരുന്നു ആദ്യം കഴിഞ്ഞതെന്നും പിന്നീടാണ് ഭ്രമയുഗം ഷൂട്ട് ചെയ്തതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ഒപ്പം ബസൂക്കയുടെ പ്രമേയത്തെ കുറിച്ചും മലയാളത്തിലെ വയലന്‍സ് സിനിമകളെ കുറിച്ചുമൊക്കെ സിദ്ധാര്‍ത്ഥ് സംസാരിക്കുന്നുണ്ട്.

തലയ്ക്കടിച്ചുകൊല്ലുക, ഗര്‍ഭിണികളെ ഉപദ്രവിക്കുക പോലുള്ള പരിപാടിയൊന്നും ബസൂക്കയിലില്ലെന്നും ഇപ്പോഴത്തെ ട്രെന്‍ഡ് ്അതാണല്ലോയെന്നും സിദ്ധാര്‍ത്ഥ് ചോദിക്കുന്നു.

മനുഷ്യന്‍മാരെ കൊല്ലാത്ത ഒരു ത്രില്ലര്‍ പടമാണ് ബസൂക്കയെന്നും എങ്കിലും ഒരു മോസ് ആന്‍ഡ് ക്യാറ്റ് പരിപാടി പടത്തിലുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

‘ ബസൂക്ക ഒരു ആക്ഷന്‍ ബേസ്ഡ് ത്രില്ലര്‍ ടൈപ്പ് സിനിമയാണ്. അതിനകത്ത് ഒരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം ഉണ്ട്. പിന്നെ മെയിന്‍ ആയിട്ട് ഇതില്‍ ആരേയും കൊല്ലുന്നില്ല.

മനുഷ്യന്‍മാരെ കൊല്ലാത്ത ഒരു ത്രില്ലര്‍ പടമെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ വയലന്‍സിന്റെ ഒരു ട്രെന്‍ഡാണല്ലോ. തലയ്ക്കടിച്ചു കൊല്ലുക, ഗര്‍ഭിണികളെ ഉപദ്രവിക്കുക അങ്ങനെയൊരു പരിപാടിയൊന്നും ഇതിലില്ല.

എന്നാല്‍ ആക്ഷന്‍ ബേസ്ഡ് ത്രില്ലര്‍ ആണ്. പിടിക്കുമോ പിടിക്കപ്പെടാതിരിക്കുമോ എന്നൊരു ക്യാറ്റ് ആന്‍ മോസ് ഗെയിം ആണ്. ഗ്രിപ്പിങ് സീക്വന്‍സസ് ഒത്തിരിയുണ്ട്. പിന്നെ മമ്മൂക്ക-ഗൗതം സാര്‍ കോമ്പോ തന്നെയാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ച മറ്റൊരു ഘടകം.

ബസൂക്കയായിരുന്നു മമ്മൂക്കയുമായുള്ള എന്റെ ആദ്യ കോമ്പിനേഷന്‍. ബസൂക്ക തുടങ്ങിയ ശേഷമാണ് ഞങ്ങള്‍ ഭ്രമയുഗത്തിലേക്ക് പോയത്. ശരിക്കും എക്‌സൈറ്റഡ് ആയിരുന്നു.

കുറച്ച് ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു പുള്ളിയുടെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന കാര്യത്തിലൊക്കെ. പിന്നെ അത് ഈസ് ആയിപ്പോയി. തൊട്ട് പുറകെ ഭ്രമയുഗം കൂടി വന്നപ്പോള്‍ അത് കുറച്ചുകൂടി ഹെല്‍പ് ചെയ്തു,’ സിദ്ധാര്‍ത്ഥ് പറയുന്നു.

Content Highlight: Actor Sidharth Bharathan about Violance in Movies and Bazooka