Entertainment
ഒ.ടി.ടിയില്‍ ഇന്ന് രാജ വിരുന്ന്; പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് നാല് ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 07:27 am
Friday, 11th April 2025, 12:57 pm

ഇന്ന് (ഏപ്രില്‍ 11) വ്യത്യസ്തമായ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത് നാല് ചിത്രങ്ങളാണ്. പൈങ്കിളി, ബാഡ് ബോയ്‌സ്, പ്രാവിന്കൂട് ഷാപ്പ് തുടങ്ങിയ മലയാളം ചിത്രങ്ങളാണ് ഇന്ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുന്നത്. മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ വേണ്ട രീതിയിലുള്ള വിജയം നേടാത്തവയായിരുന്നു. ഛാവ എന്ന ബോളിവുഡ് സിനിമയും ഒ.ടി.ടിയില്‍ എത്തിയിട്ടുണ്ട്.

നവാഗതനായ ശ്രീജിത്ത് ബാബുവിന്റെ സംവിധാനത്തില്‍ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് പൈങ്കിളി. തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് ആവേശത്തിന്റെ ഡയറക്ടറായ ജിത്തു മാധവനാണ്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മനോരമ മാക്‌സിലാണ് പൈങ്കിളി റിലീസായത്.

ശ്രീരാജ് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് പ്രാവിന്‍കൂട് ഷാപ്പ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിലൂടെ അന്‍വര്‍ റഷീദാണ് ഈ ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ്, ചാന്ദിനി ശ്രീധരന്‍, ശിവജിത്ത്, ശബരീഷ് വര്‍മ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. ജനുവരി 16 ന് തിയേറ്ററിലെത്തിയ ചിത്രം സോണി ലിവിലൂടെയാണ് ഒ.ടി.ടിയില്‍ എത്തുന്നത്.

ലഹരിക്കെതിരെ ഒമര്‍ ലുലു ചെയ്ത ചിത്രമാണ് ബാഡ് ബോയ്സ്. മലയാളത്തിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്ന ടാഗോടെ റഹ്‌മാനെ മലയാളത്തിലേക്ക് റീ ഇന്‍ട്രൊഡ്യൂസ് ചെയ്ത ചിത്രം കൂടിയാണ് ബാഡ് ബോയ്സ്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിര്‍മിച്ച പതിനഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. റഹ്‌മാനെ കൂടാതെ ഹരിശ്രീ അശോകന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷീലു എബ്രഹാം, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, ടിനിടോം, സെന്തില്‍ കൃഷ്ണ, സുധീര്‍, ടിനി ടോം, രമേഷ് പിഷാരടി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഓണം റിലീസായി സെപ്റ്റര്‍ 14നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമാണ് ഛാവ. വിക്കി കൗശല്‍ നായകനായ ചിത്രം മറാത്ത രാജാവായ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യേശുഭായി ഭോന്‍സാലെയെ അവതരിപ്പിച്ചത് രശ്മിക മന്ദാനയായിരുന്നു. എ. ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം ഫെബ്രുവരി 14ന് ആയിരുന്നു റിലീസ് ആയത്. നെറ്റ്ഫ്‌ലിക്‌സിലാണ് ഛാവയുള്ളത്.

Content Highlight: New Movie Releases In OTT