മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. സിനിമയോടൊപ്പം തന്നെ നാടകം, സീരിയല്‍ എന്നിവയിലും സജീവമാണ് ഹരീഷ്. പത്തൊന്‍പതാം വയസില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായിട്ടാണ് ഹരീഷ്പേരടി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തെരുവു നാടകങ്ങളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം വിക്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തില്‍ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേര്‍സില്‍ (എല്‍. സി. യൂ) വരാനിരിക്കുന്ന അടുത്ത ചിത്രമാണ് കൈതി 2.
ഇപ്പോള്‍ കൈതി 2 ല്‍ താനുണ്ടോ എന്നതിനെ കുറിച്ചും സിനിമയുടെ രണ്ടാംഭാഗത്തിന്റെ ഷൂട്ട് എപ്പോള്‍ ആരംഭിക്കുമെന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഹരീഷ് പേരടി.
കൈതി 2 ല്‍ താനുണ്ടാകുമെന്നാണ് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞതെന്നും സിനിമയുടെ ഷൂട്ട് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് അറിയാന്‍ സാധിച്ചതെന്നും ഹരീഷ് പേരടി പറയുന്നു.
‘കൈതി 2 ല്‍ ഞാനുണ്ടെന്നാണ് ലോകേഷ് പറഞ്ഞത്. വിക്രമില്‍ ഞാന്‍ ഒരു ചെറിയ വേഷമാണ് ചെയ്തത്.ലോകേഷിനോട് ഞാന്‍ ഒരു ചെറിയ സംഭവം ചെയ്യാനായിട്ട് വരണോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ലോകേഷ് എന്നോട് വരണമെന്ന് പറഞ്ഞിരുന്നു. കാരണം കൈതി കഴിഞ്ഞിട്ട് 75 ദിവസം കഴിഞ്ഞ് സംഭവിക്കുന്ന സിനിമയാണ് വിക്രം. കൈതി ഫസ്റ്റ് കഴിഞ്ഞ് 25 ദിവസം കഴിഞ്ഞിട്ട് സംഭവിക്കുന്ന സിനിമയാണ് കൈതി സെക്കന്റ്. അപ്പോള്‍ സെക്കന്റിലെ ആളാണ് ആദ്യ ഭാഗത്തില്‍ കൊല്ലപ്പെടുന്നത്. അത് കൊണ്ട് സെക്കന്റ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെയുള്ളൂ. കൈതി ഈ വര്‍ഷം അവസാനം ഷൂട്ട് ആരംഭിക്കുമെന്നാണ് അറിയാന്‍ സാധിച്ചത്,’ ഹരീഷ് പേരടി പറയുന്നു.
Content Highlight: Hareesh peradi talks about kaithi two