സന്തോഷ് എച്ചിക്കാനം രചന നിര്‍വഹിച്ച് ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ചിത്രമായിരുന്നു എബി. വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സ്വന്തം പേരില്‍ വിമാനം നിര്‍മിച്ചു പറപ്പിച്ച ആദ്യത്തെ ഇന്ത്യക്കാരനും ഭിന്നശേഷിക്കാരനുമായ സജി എന്ന വ്യക്തിയുടെ ജീവിതത്തിനെ അടിസ്ഥാനപ്പെടുത്തിയെടുത്ത സിനിമയാണ് എബി.
ഇതേ കഥയില്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് വിമാനം. പ്രദീപ്. എം. നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.
രണ്ടു സിനിമളുടെ കഥ തമ്മില്‍ സാമ്യമുള്ളതുകൊണ്ടുതന്നെ കേസുകളുണ്ടായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് എബി സിനിമയുടെ സംവിധായകന്‍ ശ്രീകാന്ത് മുരളി.
രണ്ടു സിനിമകള്‍ ഇറങ്ങിയ കേസൊക്കെയുണ്ടായിരുന്നുവെന്നും തങ്ങളുടെ കഥ അവരുടെയാണെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീകാന്ത് മുരളി പറഞ്ഞു.
കേസുള്ളതുകൊണ്ട് കോടതിയിലാണ് പിന്നെ സംസാരിച്ചതെന്നും കോടതിയില്‍ തങ്ങള്‍ക്ക് 2017 ഫെബ്രുവരി 23ന് റിലീസ് ചെയ്യാനുള്ള അപ്രൂവല്‍ കിട്ടിയെന്നും ശ്രീകാന്ത് മുരളി പറയുന്നു.
വിമാനം സിനിമയും ഇറങ്ങിയെന്നും വ്യാവസായികമായിട്ട് ഈ പ്രശ്‌നം സിനിമകളെ ബാധിച്ചിട്ടുണ്ടെന്നും ആദ്യം തന്റെ സിനിമ പുറത്തിറങ്ങിയതുകൊണ്ട് പ്രശ്‌നങ്ങളെല്ലാം തന്റെ സിനിമയ്ക്ക് ഗുണമായെന്നും ശ്രീകാന്ത് മുരളി വ്യക്തമാക്കി.
തന്റെ സിനിമക്ക് നല്ല കളക്ഷന്‍ കിട്ടിയെന്നും പക്ഷെ, വിമാനത്തിനെ അതുബാധിച്ചുവെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ശ്രീകാന്ത് മുരളി കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സമയത്ത് കേസൊക്കെയുണ്ടായിരുന്നു. നമ്മളുടെ തിരക്കഥയല്ല അവരുടെയാണെന്നും പറഞ്ഞിട്ട് സംസാരിച്ചിരുന്നു. പിന്നെ കോടതിയിലാണല്ലോ സംസാരിക്കേണ്ടത്. കോടതിയില്‍ നമുക്ക് അപ്രൂവല്‍ കിട്ടി. നമ്മുടെ സിനിമക്ക് ഫെബ്രുവരി 23ന് റിലീസ് ചെയ്യാനുള്ള അപ്രൂവല്‍ കിട്ടി. വിമാനം സിനിമയും ഇറങ്ങി.
വ്യാവസായികമായിട്ട് ഈ പ്രശ്‌നം സിനിമകളെ ബാധിച്ചിട്ടുണ്ട്. എന്റെ സിനിമയെ സംബന്ധിച്ചിടത്തോളം ആദ്യം ഇറങ്ങിയത് ഒരു ഭാഗ്യമായിരുന്നു. കാരണം പ്രശ്‌നങ്ങളുണ്ടായതെല്ലാം സിനിമയ്ക്ക് ഗുണമായി. എന്റെ സിനിമ കാണാന്‍ ധാരാളം ആളുകള്‍ കൂടി, സിനിമക്ക് നല്ല കളക്ഷന്‍ കിട്ടി. പക്ഷെ, വിമാനത്തിനെ അതുബാധിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ ശ്രീകാന്ത് മുരളി പറയുന്നു.
Content Highlight; That film was profitable for me, but it affected Prithviraj’s film says Srikanth Murali