Advertisement
Entertainment
നായകന് ശേഷം ഞാനും മണിരത്‌നവും ഒരു സിനിമക്ക് വേണ്ടി ഒന്നിച്ചു, കഥ കേട്ടതും എന്നെ വിട്ടേക്ക് എന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 08:03 am
Monday, 21st April 2025, 1:33 pm

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളാണ് കമല്‍ ഹാസനും മണിരത്‌നവും. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ കമല്‍ ഹാസന്‍ സിനിമാപ്രേമികളെ വിസ്മയിപ്പിച്ചപ്പോള്‍ അതിമനോഹരമായ സിനിമകളൊരുക്കി മണിരത്‌നം സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ചു. ഇത്രയും വര്‍ഷത്തെ കരിയറില്‍ രണ്ട് തവണ മാത്രമാണ് ഇരുവരും ഒന്നിച്ചത്.

1987ല്‍ പുറത്തിറങ്ങിയ നായകനിലൂടെയാണ് ഈ കോമ്പോ ആദ്യമായി ഒന്നിച്ചത്. ഹോളിവുഡ് ക്ലാസിക്കായ ഗോഡ്ഫാദറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മണിരത്‌നം ഒരുക്കിയ ചിത്രം ബോംബൈയിലെ അധോലോക നേതാവ് വരദരാജ മുതലിയാറുടെ ജീവിതത്തെ ആസ്പദമാക്കിയതായിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് നായകനെ കണക്കാക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും കമല്‍ ഹാസനെ തേടിയെത്തി.

നായകന് ശേഷം ഇരുവരും എന്തുകൊണ്ട് ഒന്നിക്കാന്‍ വൈകിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കമല്‍ ഹാസന്‍. തനിക്ക് മണിരത്‌നത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എപ്പോഴും ഇഷ്ടമാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഓരോ തവണയും നല്ല സബ്ജക്ടുകള്‍ ലഭിക്കുമ്പോള്‍ താന്‍ മണിരത്‌നത്തെ സമീപിക്കുമെന്നും എന്നാല്‍ അദ്ദേഹം ആ സമയത്ത് ബിസിയായിരിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമക്ക് വേണ്ടി തങ്ങള്‍ ഒരുമിച്ച് ഇരുന്നെന്നും ആ സിനിമയുടെ റൈറ്റ്‌സ് താന്‍ നേടിയിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു. എന്നാല്‍ ആ കഥ കേട്ടയുടനെ തന്നെ വിട്ടേക്ക് എന്ന് പറഞ്ഞ് മണിരത്‌നം പിന്മാറിയെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ആ കഥ മണിരത്‌നം സിനിമയാക്കിയെന്നും അതാണ് പൊന്നിയിന്‍ സെല്‍വനെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘നായകന് ശേഷം ഞാനും മണിയും ഒന്നിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും നല്ല കഥകളുമായി ഞാന്‍ മണിയുടെ അടുത്തേക്ക് പോകുമായിരുന്നു. പക്ഷേ, അദ്ദേഹം ബിസിയായിരുന്നു. ഇത് പല തവണയായി നടന്നിട്ടുണ്ട്. ഒരു തവണ ഒരു കഥയുടെ കാര്യത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് ഇരുന്നിട്ടുണ്ടായിരുന്നു. ആ കഥയുടെ റൈറ്റ്‌സ് ഞാന്‍ വാങ്ങിയിട്ടുണ്ടായിരുന്നു.

പക്ഷേ, കഥ കേട്ടതും ‘എന്നെ വിട്ടേക്ക്’ എന്ന് പറഞ്ഞ് മണിരത്‌നം പിന്മാറി. എന്നാല്‍ അതേ കഥ മണിരത്‌നം പിന്നീട് സിനിമയാക്കി. ആ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. അതിന് ശേഷമാണ് തഗ് ലൈഫിന് വേണ്ടി ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. മണിരത്‌നത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഞാന്‍ എപ്പോഴും ആസ്വദിക്കുന്ന ഒന്നാണ്,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan saying he planned to do Ponniyin Selvan movie with Maniratnam