Kerala News
"തളര്‍ന്നു കിടന്ന കുട്ടിയെ എടുത്തുകൊണ്ടോടിയ ആ അച്ഛനെ ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയി"; കുട്ടിയ്ക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ അധ്യാപകരെ വിമര്‍ശിച്ച് മുരളി തുമ്മാരക്കുടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st November 2019, 6:35 pm

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പാമ്പു കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ അധ്യാപകരെ വിമര്‍ശിച്ച് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരക്കുടി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തുമ്മാരക്കുടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിഷയങ്ങള്‍ തുറന്ന് പറയാന്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച ധൈര്യത്തെ ആശ്വാസമായി കാണുന്നുവെന്നും തുമ്മാരക്കുടി പറയുന്നു.

കുട്ടിയ്ക്ക് വേണ്ടത്ര രോഗനിര്‍ണ്ണയവും ചികിത്സയും ലഭ്യമാകാത്തതിലും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ആശങ്ക പ്രകടിപ്പിച്ചു.

മുരളി തുമ്മാരക്കുടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമ്മുടെ ഭാവി! ക്ലാസ് റൂമില്‍ ചെരുപ്പിട്ടാല്‍ ദേഷ്യപ്പെടുന്ന അധ്യാപകര്‍… എന്നെ പാമ്പ് കടിച്ചു എന്ന് കുട്ടി പറഞ്ഞപ്പോള്‍ രക്ഷകര്‍ത്താവ് വരട്ടെ എന്നുപറഞ്ഞ് നോക്കിയിരിക്കുന്നവര്‍… ഇവിടെ കാറുണ്ടല്ലോ അതില്‍ കുട്ടിയെ കൊണ്ടുപോയിക്കൂടെ എന്ന് ചോദിക്കുമ്പോള്‍ ദേഷ്യപ്പെടുന്നവര്‍…

സഹപാഠിക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുന്നവരെ വടിയെടുത്ത് ഓടിക്കുന്ന സ്‌കൂള്‍. ഇത്തരക്കാര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങള്‍ ആരും പറഞ്ഞുകൊടുക്കാതെ ക്യാമറക്ക് മുന്‍പില്‍ ആരെയും പേടിക്കാതെ പറയാന്‍ ധൈര്യമുള്ള ഒരു കൂട്ടം കുട്ടികള്‍ സ്‌കൂളില്‍ ഉണ്ടെന്നത് തന്നെയാണ് ആശ്വാസം.

രാവിലെ ചിരിച്ചു കളിച്ചു വീട്ടില്‍ നിന്നും പോയ കുട്ടിയെ വൈകിട്ട് തളര്‍ന്നു കിടക്കുമ്പോള്‍ എടുത്തുകൊണ്ടോടേണ്ടി വന്ന ആ അച്ഛനെ ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയി.

എന്തുകൊണ്ടാണ് കുട്ടിയെ കൊണ്ടുപോയ ആശുപത്രിയില്‍ വേണ്ടത്ര രോഗനിര്‍ണ്ണയവും ചികിത്സയും കിട്ടാതിരുന്നത് എന്നതും എന്നെ അമ്പരിപ്പിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നല്ല കളക്ടര്‍ ഒക്കെയുള്ള ജില്ലയായതിനാല്‍ ശരിയായ അന്വേഷണം നടക്കുമെന്നും, ഇതില്‍ നിന്നും എന്തെങ്കിലും പാഠങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി പഠിക്കുമെന്നും തന്നെയാണ് പ്രതീക്ഷ.
കുട്ടികളെ, നിങ്ങള്‍ അഭിമാനമാണ്.

അധ്യാപകര്‍ സ്വന്തം മനസാക്ഷിയോട് ചോദിച്ചാല്‍ മതി.

മുരളി തുമ്മാരുകുടി