Malayalam Cinema
'മിന്നല്‍ മുരളിയെന്ന് പറയുന്നവനെ ഈ പരിസരത്തെവിടെ കണ്ടാലും കൂട്ടമണിയടിക്കുക, അല്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക'; കിടിലന്‍ ട്രെയിലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 28, 05:54 am
Thursday, 28th October 2021, 11:24 am

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ളിക്‌സിന്റെ യുട്യബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.

ടൊവിനോയുടെ സൂപ്പര്‍ പവറുകളും കിടിലന്‍ മാസ് രംഗങ്ങളുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഡോക്ടര്‍ കഥാപാത്രമായി മാമുക്കോയയുടെ ഗംഭീര പ്രകടനവും പൊലീസുകാരനായി ബൈജുവും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്.

വിമാനം ഒന്നും തട്ടാതെ കാത്തോണേ എന്ന് പറഞ്ഞ് മരത്തിന് മുകളില്‍ നിന്നും ചാടുന്നതും മുട്ടിടിച്ച് താഴെ വീണ് ‘ഇല്ലെടാ പറക്കാന്‍ പറ്റില്ലെടാ’ എന്ന് പറയുന്ന ടൊവിനോയുടെ ഡയലോഗും ട്രെയിലറില്‍ ചിരി പടര്‍ത്തുന്നുണ്ട്.

ഡിസംബര്‍ 24 നാണ് മിന്നല്‍ മുരളി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ് മിന്നല്‍മുരളിയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

ടൊവിനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ബിജു കുട്ടന്‍, ഫെമിന ജോര്‍ജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അരുണ്‍ അനിരുദ്ധും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ്. സംവിധായകനായ സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍. ഷാന്‍ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബര്‍ഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Munnal Murali Traler Out