Entertainment
എമ്പുരാന്‍ 'എംബാം' ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ; സ്വന്തം പാര്‍ട്ടിയെ എംബാം ചെയ്തില്ലെങ്കില്‍ അവനവന് കൊള്ളാം: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 10:32 am
Monday, 31st March 2025, 4:02 pm

കൊച്ചി: മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ‘എംബാംപുരാന്‍’ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടിയും പൃഥ്വിരാജിന്റ അമ്മയുമായ മല്ലിക സുകുമാരന്‍.

നാളെ തൊട്ട് എംബാം ചെയ്താല്‍ എമ്പുരാന്‍ കാണുമെന്ന പറയുന്നവരുണ്ടെന്നും എന്നാല്‍ എമ്പുരാന്‍ എംബാം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്താലും സ്വന്തം പാര്‍ട്ടിയെ ആരും എംബാം ചെയ്തില്ലെങ്കില്‍ അവനവന് കൊള്ളാം എന്നാണ് മല്ലിക സുകുമാരന്റെ പ്രതികരണം. കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

എമ്പുരാനെച്ചൊല്ലിയുള്ള പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തനിക്ക് സംശയമുണ്ടെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. എന്നാല്‍ ആ ഘട്ടത്തില്‍ തന്റെ മകന്റെ സിനിമയുടെ പക്ഷം ചേര്‍ന്ന് സംസാരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ നമ്മുടെ നാട്ടിലെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ പിണറായി വിജയനെപ്പോലുള്ളവര്‍ ഇനിയും അധികാരത്തില്‍ വരണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മല്ലിക സുകുമാരന്‍ അഭിപ്രായപപ്പെട്ടു.

‘ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അത് അദ്ദേഹത്തിന് അറിയാം. അതിനര്‍ത്ഥം ഞാന്‍ നിങ്ങളുടെ കൂടി കൊടി പിടിക്കുമെന്നല്ല. ഇതാണ് ഈ നാട്ടിലെ സ്ഥിതിയെങ്കില്‍ പിണറായി വിജയനെപ്പോലുള്ളവര്‍ ഇനിയും അധികാരത്തില്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എനിക്കൊപ്പവും പൃഥ്വിരാജിനൊപ്പവും നിന്നവരുണ്ട്. മുഖ്യമന്ത്രി സിനിമ പോയിക്കണ്ട് സംസാരിച്ചത് അനുസരിച്ച് എനിക്ക് വന്ന മെസേജുകള്‍ നിരവധിയാണ്. എനിക്ക് അദ്ദേഹത്തിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്റെ മകന്‍ കഴിവുള്ളവനാണെന്ന് സമ്മതിക്കാന്‍ മനസ് കാണിച്ച ഒരു രാഷട്രീയ നേതാവാണ് അദ്ദേഹം.

വേറെ ചില ആളുകളുണ്ട്. നാളെ തൊട്ട് എംബാം ചെയ്താല്‍ എമ്പുരാന്‍ കാണുമെന്ന പറയുന്നവര്‍. എമ്പുരാന്‍ എംബാം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. എന്നാല്‍ സ്വന്തം പാര്‍ട്ടിയെ ആരും എംബാം ചെയ്തില്ലെങ്കില്‍ അവനവന് കൊള്ളാം,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

എമ്പുരാനിലെ വിവാദ രംഗങ്ങള്‍ നീക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പരിഹാസവുമായി കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. ‘ഉദരനിമിത്തം ബഹുകൃതവേഷം. ഇനി കാണുന്നത് എമ്പുരാനല്ല വെറും എംബാംപുരാന്‍’ ആണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Content Highlight: Mallika Sukumaran’s response to K. Surendhran on his Embampuran remarks