പരസ്യചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് തരുണ്‍ മൂര്‍ത്തി. ലുക്ക്മാന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചു. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്കയും തിയേറ്റര്‍ വിജയത്തോടൊപ്പം നിരവധി അവാര്‍ഡുകളും സ്വന്തമാക്കി.
സൗദി വെള്ളക്കക്ക് ശേഷം ഒരു സിനിമക്കായി മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. സൗദി വെള്ളക്ക റിലീസായ ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. സിനിമ തനിക്ക് ഇഷ്ടമായെന്നും നമുക്ക് ഒരും പടം ചെയ്യണ്ടേ എന്ന് മമ്മൂട്ടി ചോദിച്ചെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
പുതിയ സംവിധായകരുടെ കൂടെ പരീക്ഷണ സിനിമകള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ അടുത്ത് സാധാരണ കഥയും കൊണ്ട് പോകാന്‍ തനിക്ക് പേടിയായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. അദ്ദേഹത്തിനായി ഒരു സബ്ജക്ട് കണ്ടെത്തിയെന്നും അതില്‍ കുറച്ചുലാകം വര്‍ക്ക് ചെയ്‌തെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ഇടയ്ക്ക് മമ്മൂട്ടി വിളിച്ച് അന്വേഷിച്ചപ്പോള്‍ കഥ റെഡിയാവുകയാണെന്ന് മറുപടി നല്‍കിയെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
എന്നാല്‍ എത്ര തവണ തിരുത്തിയെഴുതിയിട്ടും തനിക്ക് ഒരു തൃപ്തി കിട്ടിയില്ലെന്നും വേറൊരു സബ്ജക്ട് നോക്കിയെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. അതിനിടയിലാണ് തുടരും എന്ന സിനിമയുടെ കഥ തന്റെയടുത്തേക്ക് വന്നതെന്നും രജപുത്ര രഞ്ജിത് വഴിയാണ് ഈ കഥ തനിക്ക് കിട്ടിയതെന്നും തരുണ്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘സൗദി വെള്ളക്ക റിലീസായ ശേഷം ആദ്യം വിളിച്ചത് മമ്മൂക്കയായിരുന്നു. പുള്ളി വിളിച്ചിട്ട് സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ‘നമുക്കൊരു പടം ചെയ്യണ്ടേടാ’ എന്ന് ചോദിച്ചു. ഇങ്ങോട്ട് എനിക്ക് അവസരം തന്നതായിരുന്നു. പക്ഷേ, മമ്മൂക്ക ഇപ്പോള്‍ ചെയ്യുന്ന സിനിമകളറിയാമല്ലോ. മൊത്തം പരീക്ഷണ സബ്ജക്ടുകളാണ്.
അപ്പോള്‍ അങ്ങനെയുള്ള നടന്റെയടുത്തേക്ക് കഥയും കൊണ്ട് ചെല്ലുമ്പോള്‍ അതിനനുസരിച്ചുള്ള എന്തെങ്കിലും നമ്മുടെ കൈയില്‍ വേണമല്ലോ. മമ്മൂക്കക്ക് വേണ്ടി ഒരു സബ്ജക്ട് കിട്ടി. പക്ഷേ, അതിനെ ഞാന്‍ ഉദ്ദേശിച്ച രീതിയിലേക്ക് മാറ്റാന്‍ പറ്റിയില്ല. പുള്ളി ഇടക്ക് വിളിച്ച് ചോദിക്കും. റെഡിയായിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ മറുപടി പറയും.
പക്ഷേ ആ സബ്ജക്ട് ഉപേക്ഷിക്കേണ്ടി വന്നു. പുതിയ കഥ അന്വേഷിക്കുന്നതിനിടയിലാണ് തുടരും സിനിമയുടെ കഥ എന്റെയടുത്തേക്ക് വന്നത്. ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നൊന്നും അറിയില്ല. രജപുത്ര രഞ്ജിത്തേട്ടനാണ് ഈ കഥയും കൊണ്ട് ലാലേട്ടനെ കാണാന്‍ ചെല്ലാന്‍ പറഞ്ഞത്. അങ്ങനെയാണ് ലാലേട്ടന്റെ അടുത്ത് എത്തുന്നത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Tharun Moorthy saying Mammootty approached him to do a movie after Saudi Vellakka