ന്യൂദല്‍ഹി: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം സ്വന്തമാക്കിയത് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ആഘോഷിച്ചുവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോകള്‍. മാസങ്ങള്‍ക്ക് മുന്‍പുള്ള മറ്റേതൊക്കെയോ ആഘോഷങ്ങളുടെ വീഡിയോകളാണ് വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പ്രചരിക്കപ്പെടുന്നതില്‍ ഒരു വീഡിയോ പാകിസ്താനില്‍ നിന്നുള്ളതാണ്. ഗുജറാത്തിലെ ബറോഡ, ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള വീഡിയോകളും പ്രചരിക്കപ്പെടുന്നുണ്ട്. തീവ്ര വലതുപക്ഷ പ്രചരണം നടത്തുന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബറോഡയില്‍ നിന്നുള്ള വീഡിയോ പ്രചരിച്ചത്. ഇത്രയും നേരമായിട്ടും തെറ്റിദ്ധാരണ പടര്‍ത്തുന്ന വീഡിയോ നീക്കം ചെയ്തിട്ടില്ല.
സോനം മഹാജന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. ഈ അക്കൗണ്ട് അടുത്തിടെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സോനം മഹാജന്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് ബജ്‌രംഗ് ദള്‍ എന്ന പേജാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ വീഡിയോ വൈറലായി മാറിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് “പാകിസ്താന്റെ വിജയം ആഘോഷിക്കുന്ന ഇന്ത്യയിലെ മുസ്‌ലിങ്ങള്‍” എന്ന ലേബലില്‍ പ്രചരിക്കപ്പെട്ടത്. ഈ വീഡിയോ യൂട്യൂബിലും പ്രത്യക്ഷപ്പെടുകയുണ്ടായി. രാജ്യത്ത് മുസ്‌ലിം വിരുദ്ധത പടര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോകള്‍ പ്രചരിക്കപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാണ്.
വീഡിയോ:
https://www.youtube.com/watch?v=A2nVfpBZMSQ