തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജി ധാര്‍മ്മികതയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജി വെക്കാനുള്ള ബാധ്യത ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
മുഖ്യമന്ത്രിക്കും ധാര്‍മ്മികത ബാധകമാണ്. ആ സത്യസന്ധത അദ്ദേഹം കാണിക്കണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഒരു മന്ത്രി ഇത്ര അധഃപതിക്കാമോ? മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യത ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജലീലിന്റെ രാജി ഒരു ധാര്‍മ്മികതയുടെയും പുറത്തല്ല എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ജലീലിന്റെ രാജി നില്‍ക്കക്കള്ളി ഇല്ലാതെ വന്നപ്പോള്‍ സംഭവിച്ചതാണ്. അല്ലെങ്കില്‍ എന്തിനാണ് സ്റ്റേ വാങ്ങാന്‍ ശ്രമിച്ചത്. ഇത് ധാര്‍മികത അല്ല.
ഈ ധാര്‍മികത കളവാണ്. പൊതുജന അഭിപ്രായം സര്‍ക്കാരിന് എതിരായി. ഈ സര്‍ക്കാര്‍ നിയോഗിച്ച ലോകായുക്ത ആണ് തീരുമാനം എടുത്തത്. ഒരു ഗതിയും ഇല്ലാതായപ്പോള്‍ പാര്‍ട്ടിക്ക് രാജി വെപ്പിക്കേണ്ടി വന്നു.
ജലീലിനെ രക്ഷിക്കാന്‍ ആദ്യം മുതല്‍ സി.പി.ഐ.എം ശ്രമിച്ചു. കെ കരുണാകരന്‍, കെ.പി വിശ്വനാഥന്‍, കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരെല്ലാം ധാര്‍മികത ഉയര്‍ത്തിയാണ് രാജി വെച്ചത്.
കെ.ടി ജലീല്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി നേരിടണം. അര്‍ദ്ധ മനസോടെയാണ് രാജി നല്‍കിയത് എന്നാണ് ജലീല്‍ പറയുന്നത്. ഫയലില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിക്കും മറുപടി പറയാന്‍ ബാധ്യത ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഗത്യന്തരമില്ലാതെയാണ് കെ.ടി ജലീല്‍ രാജിവെക്കാന്‍ തയ്യാറായതെന്നും ധാര്‍മ്മികതയുടെ പേരിലാണ് രാജിയെന്ന് ജലീല്‍ പച്ചക്കള്ളം പറയുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും പ്രതികരിച്ചു.
കോടതിയില്‍ വാദമുഖങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ ഹാജരായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മറ്റു പി.എമാരും വാദം എതിരാകുമെന്ന് മന്ത്രിയെ വിളിച്ച് അറിയിച്ചപ്പോഴാണ് രാജിവെക്കാന്‍ വേണ്ടി തയ്യാറായത്.
സ്‌റ്റേ ലഭിക്കില്ലെന്നുറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോള്‍ അപ്പോഴും നുണപറയാനാണ് മന്ത്രി ശ്രമിച്ചത്. മുന്‍കാലങ്ങളിലെല്ലാം ഒരുപാട് തവണ നുണ പറഞ്ഞ മന്ത്രി രാജിവെക്കുമ്പോഴെങ്കിലും സത്യസന്ധത പാലിക്കുമെന്നാണ് കേരളീയ പൊതുസമൂഹം വിശ്വസിച്ചത്.
എന്നാല്‍ രാഷ്ട്രീയധാര്‍മികതയുടെ പേരിലാണ് രാജിയെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഇത് രാഷ്ട്രീയധാര്‍മ്മികതയുടെ പേരിലല്ല. ലോകായുക്തയുടെ വിധി എതിരായപ്പോഴും ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കില്ലെന്ന് ബോധ്യം വന്നപ്പോഴുമാണെന്നും ഫിറോസ് പറഞ്ഞു.
ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ രാജി. ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.
ജലീല്‍ സ്വജന പക്ഷപാതം കാണിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.
ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വിധി. മന്ത്രിയുടെ ബന്ധുവായ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക