ന്യുദല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രിയായി മുകുള്‍ റോയ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. റെയില്‍വെ ബജറ്റില്‍ പാര്‍ട്ടി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ദിനേശ് ത്രിവേദി രാജിവെച്ച സാഹചര്യത്തിലാണ് മുകുള്‍ റോയ് സ്ഥാനമേറ്റെടുത്തത്.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ തന്നെ കൊല്‍ക്കൊത്തയ്ക്ക് മടങ്ങിയതിനാല്‍ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തില്ല.
റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകളില്‍ വര്‍ധന വരുത്തിയതിനെ ചൊല്ലി മമതയുടെ അതൃപ്തിക്കിടയായതാണ് ദിനേഷ് ത്രിവേദിക്ക് മന്ത്രിസ്ഥാനം തെറിക്കാന്‍ ഇടയായത്. റെയില്‍വേ ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ ഇനി മുകുള്‍ റോയ് ആയിരിക്കും മറുപടി നല്‍കുക. ഷിപ്പിംഗ് സഹമന്ത്രികൂടിയാണ് മുകുള്‍ റോയ്. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായാണ് റെയില്‍വേ ബജറ്റിനുപിന്നാലെ മന്ത്രി രാജിവയ്ക്കുന്നതും മറ്റൊരു മന്ത്രി അതില്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതും.