കോഴിക്കോട്: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച, ബീഹാറില്‍നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം ‘കുട്ടിക്കടത്ത്’ അല്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അന്നത്തെ അഭ്യന്തരമന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വകുപ്പ് മന്ത്രി എം.കെ മുനീറും പരസ്യമായി മാപ്പ് പറയമമെന്ന് ഇ കെ വിഭാഗം.
സൗജന്യമായി വിദ്യാഭ്യാസം ലഭിക്കുമെന്നറിഞ്ഞ് കേരളത്തിലെ യതീംഖാനകളിലേക്ക് വന്ന നൂറുകണക്കിന് അനാഥ കുഞ്ഞുങ്ങളെ കണ്ണീരു കുടിപ്പിക്കുകയും അവരുടെ അറിവും അന്നവും മുടക്കുകയും ചെയ്ത ഗൂഢാലോചകരെ കയറൂരി വിട്ട ചെന്നിത്തലക്കും മുനീറിനും മാപ്പ് പറയലാണ് മാന്യതയെന്ന് വിദ്യാര്‍ഥി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
‘2014 മെയ് 24, 25 തിയ്യതികളിലാണ് പാലക്കാട് റെയില്‍വെ സ്റ്റേഷനിലെത്തിയ 606 കുട്ടികളെ കുട്ടിക്കടത്ത് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാര്‍, ഝാര്‍ഖണ്ട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഇവരെ മാധ്യമങ്ങള്‍ക്ക് മസാല ചേര്‍ത്ത് ആഘോഷിക്കാന്‍ മരുന്ന് നല്‍കിയത് അന്നത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പാലക്കാട് ജില്ലാ ചെയര്‍മാനായ ‘പിതാവും’ ചില ഉദ്യോഗസ്ഥരുമായിരുന്നു. ഇന്നത്തെ പ്രതിപക്ഷ നേതാവായ അന്നത്തെ ആഭ്യന്തര മന്ത്രി അനാഥ കുട്ടിയുടെ വിശക്കുന്ന വയറ്റില്‍ അതിര്‍ത്തി വരച്ച് കടുത്ത വംശീയതയാണ് ചര്‍ദ്ദിച്ചത്! ഇപ്പോഴിതാ എല്ലാ കള്ളക്കളിയും വെളിച്ചത്തായിരിക്കുന്നു.”- സത്താര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അനാഥകളെ പഠിപ്പിക്കണമെന്ന് താത്പര്യമുള്ളവര്‍ അവിടങ്ങളില്‍ പോയി പഠിപ്പിക്കട്ടെയെന്നായിരുന്നു രമേശ് ചെന്നിത്തല അന്ന് പറഞ്ഞിരുന്നത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടലും ഏറെ വിവാദമായിരുന്നു.
സംഭവം മനുഷ്യക്കടത്താണെന്നും സംഭവവുമായി ബന്ധപ്പെട്ടവരെ 370 ചുമത്തി കേസെടുക്കണമെന്നും അന്നത്തെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ പറഞ്ഞിരുന്നു.
‘കുട്ടിക്കടത്ത്’ സംഭവം ഇല്ലാത്തതാണെന്നും കേരളത്തിലെ യതീംഖാനകളിലേക്ക് രക്ഷിതാക്കള്‍ സൗജന്യ വിദ്യാഭ്യാസത്തിനായി അയച്ച കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബീഹാറില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലടക്കം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവം കുട്ടിക്കടത്ത് അല്ലെന്ന് വ്യക്തമായെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചത്. മാധ്യമം പത്രത്തില്‍ ഹസനുല്‍ ബന്നയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരേന്ത്യന്‍ ദരിദ്ര ഗ്രാമങ്ങളില്‍നിന്ന് കുട്ടികളെ സൗജന്യ വിദ്യാഭ്യാസത്തിനായി കേരളത്തിലെ യതീംഖാനകളിലേക്ക് കൊണ്ടുവന്നത് കുട്ടിക്കടത്തായി രേഖപ്പെടുത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ മുക്കം മുസ്ലീം ഓര്‍ഫനേജ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബീഹാര്‍ സര്‍ക്കാര്‍ സംഭവം കുട്ടിക്കടത്തല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.